കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കര്‍ണാടക. അടിയന്തിര സര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി നല്‍കികൊണ്ടുള്ള നടപടികളിലേക്കാണ് സംസ്ഥാനം കടക്കുന്നത്. ഇതിന്റെ ഭാഗമായി ഇടറോഡുകള്‍ മണ്ണിട്ട് മൂടിയും കുഴിയെടുത്തും വാഹനങ്ങള്‍ തടസ്സപ്പെടുത്താനാണ് പുതിയ നിര്‍ദ്ദേശം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്‌യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്തുന്നതിനൊപ്പം സുള്ള്യ, പുത്തൂര്‍ അതിര്‍ത്തിയില്‍ കുഴിയെടുത്ത് ഗതാഗതം തടയുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. അതിര്‍ത്തി ജില്ലകളില്‍ ശനിയും ഞയറാഴ്ചയും സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് കര്‍ണാടക സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടുള്ളതല്ല. കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ആഗസ്റ്റ് രണ്ട് മുതല്‍ തലപ്പാടിയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കര്‍ണാടകയിലെ ഉദ്യോഗസ്ഥര്‍ ഇതിനായുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണം ചികിത്സയ്ക്കായി പോകുന്നവര്‍ക്കും അവശ്യസേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നു.
കാസര്‍ഗോഡ് നിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് അതിര്‍ത്തിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച്ച നിയമസഭയില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കര്‍ണാടക വീണ്ടും നിയന്ത്രണം ശക്തമാക്കിയിരിക്കുന്നത്.