national
പൊലീസിന് വേണ്ടത് മതേതരമുഖം, താടി വേണ്ടെന്ന് അലഹാബാദ് ഹൈക്കോടതി
ന്യൂഡൽഹി: ഭരണഘടനാ പ്രകാരം താടി വളർത്താൻ തനിക്ക് മൗലികാവകാശമുണ്ടെന്നും അതിന് അനുവദിക്കണമെന്നും കാട്ടി യു.പി പൊലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. രാജ്യത്തെ അച്ചടക്കമുള്ള ഒരു സേനയുടെ ഭാഗമായതിനാൽ സേന നിർദ്ദേശിക്കുന്ന നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും രാജ്യസുരക്ഷയുടെ കാവലാളായ പൊലീസുകാരന് മതേതര മുഖമാണ് ജനങ്ങളുടെ ഇടയിലുണ്ടാകേണ്ടതെന്നും നിരീക്ഷിച്ചാണ് ഹർജി തള്ളിയത്.
അയോദ്ധ്യ പൊലീസ് സ്റ്റേഷനിലെ മുഹമ്മദ് ഫർമാനാണ് ഹർജിക്കാരൻ. താടിവടിക്കാൻ വിമുഖത കാട്ടിയതിന് കഴിഞ്ഞ വർഷം നവംബർ 5ന് ഇദ്ദേഹത്തെ ഡി.ഐ.ജി. സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഫർമാൻ ഹൈക്കോടതിയെ സമീപിച്ചത്.
പൊലീസിലെ വസ്ത്രധാരണം സംബന്ധിച്ച് യു.പി പൊലീസ് ഒക്ടോബർ 2020 പുറത്തിറക്കിയ സർക്കുലറും ഇദ്ദേഹത്തിന്റെ ഹർജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.1985 ലെ ബിജോയ് ഇമ്മനുവേൽ - കേരളാ സ്റ്റേറ്റ് കേസിൽ അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം എന്നിവ സുപ്രീംകോടതി തന്നെ വിധിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടികാട്ടി. എന്നാൽ ഇവയെല്ലാം കോടതി തള്ളി.