national
സുരക്ഷാ ജീവനക്കാരുടെ കഴുത്തിന് പിടിച്ച് ഞെരിച്ചു; എളമരം കരീമിനെതിരെ രാജ്യസഭയില്‍ പരാതി
രാജ്യസഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ എളമരം കരീം എംപി കൈയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി രാജ്യസഭാ മാര്‍ഷല്‍മാര്‍. കഴുത്തിന് പിടിച്ച് ഞെരിച്ചെന്നാണ് പരാതി. ബിനോയ് വിശ്വം എംപിക്കെതിരെയും പരാതിയുണ്ട്. രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായ്ഡുവിനാണ് പരാതി നല്‍കിയത്. രാജ്യസഭയിലെ സെക്യൂരിറ്റി അസിസ്റ്റന്റ് രാകേഷ് നേഗിയാണ് എളമരം കരീമിനെതിരെ ആരോപണം ഉന്നയിച്ചത്. എളമരം കരീമും ശിവസേനാ എംപിയായ അനില്‍ ദേശായിയും മാര്‍ഷലുകള്‍ ഒരുക്കിയ സുരക്ഷാ വലയം തകര്‍ക്കാന്‍ നോക്കുകയായിരുന്നെന്ന് രാകേഷ് നേഗി പരാതിയില്‍ പറയുന്നു. ഇതിനിടയിലാണ് എളമരം കരീം കഴുത്തിന് പിടിച്ചത്.
രാജ്യ സഭാ സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ടിലും ഈ പരാമര്‍ശമുണ്ട്. എളമരം കരീമും ബിനോയ് വിശ്വവും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. അവിടെ രാജ്യസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കഴുത്ത് പിടിച്ച് ഞെരിക്കുകയും അവരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്‌തെന്നും പരാമര്‍ശമുണ്ട്. ഈ മാസം ഒമ്പതിന് സഭയില്‍ അരങ്ങേറിയ കൈയ്യേറ്റങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് രാജ്യസഭ സെക്രട്ടറിയേറ്റ് സമര്‍പ്പിച്ചത്. മാര്‍ഷലുകളുടെ പരാതി കൂടി കിട്ടിയ സാഹചര്യത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായ്ഡു ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധം പരിശോധിക്കാന്‍ സഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പ്രത്യേക സമിതി രൂപീകരിക്കും.