kerala
ഹൈദരലി തങ്ങള്‍ക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്; മറ്റന്നാള്‍ ചോദ്യംചെയ്യലിന് ഹാജരാകണം
ചന്ദ്രിക അക്കൗണ്ട് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡിയുടെ നിര്‍ദേശം. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് ഹൈദരലി തങ്ങള്‍ക്ക് നോട്ടീസ് കൈമാറിയത്.കഴിഞ്ഞ ജൂലൈയില്‍ ഈ കേസില്‍ ഹൈദരലി തങ്ങളുടെ മൊഴി എടുത്തിരുന്നു. ചന്ദ്രികയിലെ 10 കോടിയുടെ പണമിടപാടില്‍ ഇഡി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തിരുന്നെന്ന് കെടി ജലീല്‍ ഇന്നും പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി ഹൈദരലി തങ്ങള്‍ക്ക് നല്‍കിയ നോട്ടിസിന്റെ പകര്‍പ്പും ജലീല്‍ പുറത്ത് വിട്ടിരുന്നു.
ചന്ദ്രിക ദിനപത്രത്തില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന സംഭവത്തിലാണ് ചോദ്യം ചെയ്തതെന്നും ഇത് ഹൈദരലി ശിഹാബ് തങ്ങളെ മാനസികമായി തളര്‍ത്തിയെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല. തുടര്‍ന്നാണ് നേരിട്ട് പാണക്കാട് എത്തി ചോദ്യം ഇഡി ചെയ്തത്. പികെ കുഞ്ഞാലിക്കുട്ടിക്ക് വന്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണത്തിനൊപ്പമായിരുന്നു കെടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ജലീല്‍ ഉന്നയിച്ചത്. എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ മൂന്നര കോടി രൂപയുടെ നിക്ഷേപം കള്ളപ്പണമാണെന്നും ജലീല്‍ ആരോപിച്ചു. പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിക്കിന്റെ പണം ഉള്‍പ്പെടെ 110 കോടി രൂപ മലപ്പുറം അബ്ദുറഹ്മാന്‍ നഗര്‍ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ രേഖകകളില്ലാത്തതായി ഇന്‍കം ടാക്‌സ് വകുപ്പ് കണ്ടെത്തി കണ്ടുകെട്ടിയിട്ടുണ്ടെന്നും രണ്ട് മാസത്തിനിടയില്‍ 7 കോടി രൂപയുടെ അവകാശികള്‍ രേഖകള്‍ സമര്‍പ്പിച്ച് പണം പിന്‍വലിച്ചുവെന്നും കെടി ജലീല്‍ ആരോപിച്ചു.
'103 കോടി രൂപയുടെ അവകാശികള്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. അവരുടെ ലിസ്റ്റ് ഇന്‍കംടാക്‌സ് പുറത്ത് വിട്ടിരുന്നു. അതില്‍ ഒന്നാമത്തെയാള്‍ ഹാഷിഖ് ആയിരുന്നു. 3.5 കോടി രൂപയാണ് ബാങ്കില്‍ ഉള്ളത്. പലിശയിനത്തില്‍ 1.5 കോടിയോളം പിന്‍വലിച്ചിട്ടുണ്ട്. അത് അക്കൗണ്ട് മുഖേനയല്ല. മറ്റാരോ ആണ് അത് പിന്‍വലിച്ചത്. ഇത് എന്‍ ആര്‍ ഐ പണമാണെന്നാണ് കുഞ്ഞാലികുട്ടി സഭയില്‍ പറഞ്ഞത്. എന്നാല്‍ ആ ബാങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങാനുള്ള അനുമതിയില്ല. കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചു. ഇതിന് കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും.' കെടി ജലീല്‍ വിശദീകരിച്ചു.
മലപ്പുറത്തെ യുഡിഎഫ്ഫിന്റെ കൈവശമുള്ള ബാങ്കുകള്‍ കേരള ബാങ്കില്‍ ലയിക്കാന്‍ മടിച്ചതിന് പിന്നില്‍ കള്ളപ്പണ ഇടപാടുകളാണെന്ന ആരോപണവും ജലീല്‍ ഉയര്‍ത്തി. സാമ്പത്തിക ഇടപാട് ദുരൂഹതകള്‍ നിറഞ്ഞതാണെന്നും തങ്ങളുടെ കൈയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ലീഗിന്റേയും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടേയും മറ ഉപയോഗിക്കുകയാണെന്നും കെടി ജലീല്‍ ആരോപിച്ചു.