kerala
മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി; തീരുമാനം ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കാന്‍
മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാന്‍ തീരുമാനം. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ ഏഴ് മണി വരെയായിരുന്നു മദ്യശാലകള്‍ക്ക് പ്രവര്‍ത്തനനുമതി. തിരക്ക് നിയന്ത്രിക്കുന്നതിനായി സമയം നീട്ടി നല്‍കണമെന്ന ബെവ്‌കോ എം ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഇതിനിടെ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. 10 അംഗങ്ങളില്‍ കൂടുതലുള്ള ഒരു വീട്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുമെന്നതാണ് പുതിയ തീരുമാനം. വര്‍ധിച്ചു വരുന്ന കൊവിഡ് വ്യാപനം പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെയാണ് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്മെന്റ് സോണുകള്‍ നിശ്ചയിച്ച് നിയന്ത്രണം കടുപ്പിക്കുന്നത്. കടകള്‍, തെരുവുകള്‍, മാര്‍ക്കറ്റ്, ഓഫീസുകള്‍, പത്ത് പേരിലധികം ഉള്ള കുടുംബങ്ങള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളാകും. ഒരു ദിവസം 100 മീറ്റര്‍ പരിധിയില്‍ അഞ്ചിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഇവ ക്ലസ്റ്ററുകളായി പരിഗണിച്ച് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കും. രോഗവ്യാപനം കൂടിയ ഭാഗത്ത് നിന്ന് 100 മീറ്റര്‍ പരിധിയിലാകും ക്ലസ്റ്റര്‍. റോഡിന്റെ ഇരുവശങ്ങളും ക്ലസ്റ്ററായി മാറും. ഇവിടങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തും. പൊലീസിന്റെ കര്‍ശന നിയന്ത്രണവും ഉണ്ടാകും. ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. നിലവിലെ വാര്‍ഡ് അടിസ്ഥാനത്തിലുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. രോഗനിയന്ത്രണത്തിന് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടതിനാലാണ് മൈക്രോ കണ്ടെയ്ന്‍മെന്റിലേക്കുള്ള മാറ്റം.