international desk
22 വയസായിട്ടും ഗേള്‍ ഫ്രണ്ടിനെ കിട്ടിയില്ല; എല്ലാത്തിനും പഴി അമ്മയ്ക്ക്; പ്ലീമൗത്തില്‍ ഇന്നലെ യുവാവ് വെടി വച്ചു കൊന്നു മരിച്ചത് ലൈംഗിക ബന്ധം നടക്കാത്തതിനാല്‍
ബ്രിട്ടനെ ഞെട്ടിച്ച കൊലപാതക സംഭവമാണ് കഴിഞ്ഞ ദിവസം പ്ലീമൗത്തില്‍ നടന്നത്. സ്വന്തം അമ്മ ഉള്‍പ്പെടെ അഞ്ചു പേരെയാണ് 22 വയസുകാരനായ യുവാവ് വെടിവെച്ചു കൊന്നത്. ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയും ആയിരുന്നു. ഇപ്പോഴിതാ, ജേക്ക് ഡേവിഡ്‌സണ്‍ എന്ന ഈ യുവാവിനെ കൊലപാതകങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ച കാരണം പുറത്തു വന്നിരിക്കുകയാണ്. ജേക്കിന് 22 വയസായിട്ടും ഒരു ഗേള്‍ ഫ്രണ്ടിനെ കിട്ടാത്തതാണ് ഇയാളെ നിരാശനാക്കിയത്. ബോഡി ബില്‍ഡര്‍ കൂടിയായ ഇയാള്‍ തടിച്ച വൃത്തികെട്ട രൂപമാണ് തനിക്കെന്നും അതിനാല്‍ ഗേള്‍ഫ്രണ്ടിനെ കിട്ടാത്തതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തതുമാണ് ഇയാളെ നിരാശനാക്കിയത്. ഇയാള്‍ ഇക്കാര്യം പറയുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
ഇതില്‍ അത്യധികം നിരാശ ബാധിച്ചതാണ് സ്വന്തം അമ്മയും മൂന്നു വയസുകാരിയുമടക്കം അഞ്ചു പേരെ നിറയൊഴിച്ചു കൊല്ലുന്നതിലേക്ക് ജേക്കിനെ നയിച്ചത്. 51കാരിയായ അമ്മ മാക്‌സിനെ ഡെവണ്‍ സിറ്റിയിലെ വീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിന് പുറത്തേക്ക് ഇറങ്ങിയ ജേക്ക് റോഡിലൂടെ നടന്നു പോവുകയായിരുന്ന മൂന്നു വയസുകാരി സോഫി മാര്‍ട്ടിനെയും പിതാവ് 43കാരന്‍ ലീയ്ക്കു നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനു ശേഷം നടത്തം തുടര്‍ന്ന ജേക്ക്, 59കാരനായ സ്റ്റീഫന്‍ വാഷിംഗ്ടണിനെയും സലോണില്‍ നിന്നും ഇറങ്ങിവരികയായിരുന്ന 66കാരന്‍ കേയ്റ്റ് ഷെപ്പേര്‍ഡിനു നേരെയും വെടിവെച്ചു.
വളര്‍ത്തു നായകളെയും കൊണ്ടു വരികയായിരുന്നു സ്റ്റീഫന്‍ വാഷിംഗ്ടണ്‍. ഇയാള്‍ക്കു നേരെ വെടിയുതിര്‍ന്നപ്പോള്‍ ഭയന്നു പോയ നായകള്‍ ഓടി വീട്ടിലെത്തുകയും ബഹളം വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് അപായ സൂചന നല്‍കുകയും ചെയ്തിരുന്നു. അപകടം അറിഞ്ഞ് പൊലീസ് എത്തും മുന്നേ കൊലപാതക ശൃംഖലയ്‌ക്കൊടുവില്‍ അതേ തോക്ക് സ്വന്തം ശരീരത്തിനു നേരെ തിരിച്ചുപിടിച്ച് ജേക്ക് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. വെറും ആറുമിനുട്ടിനുള്ളിലാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്.
വെടിയേറ്റവരില്‍ രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരണമടഞ്ഞു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ആണ് മരണമടഞ്ഞത്. വെടിയൊച്ചയും ഉറക്കെയുള്ള കരച്ചിലും സംഭവ സ്ഥലത്തു നിന്നും ഉയര്‍ന്നതായി ചില പരിസരവാസികള്‍ പറയുന്നു. ചാരനിറത്തിലുള്ള വസ്ത്രമണിഞ്ഞ അക്രമകാരി അടുത്ത വീട്ടിലെ ഒരു സെമി ഓട്ടോമാറ്റിക് ഗണ്ണുമായി കയറുന്നത് കണ്ടുവെന്ന് മറ്റൊരു അയല്‍വാസി പറയുന്നു. ഈ ആക്രമത്തിനു ശേഷം അക്രമി തൊട്ടടുത്ത പാര്‍ക്ക് വഴി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ പാര്‍ക്കിലെക്ക് തിരിച്ചു വന്നു. രക്ഷപ്പെട്ട് ഓടുന്നതിനിടയിലാണ് ഇയാള്‍ രണ്ട് വഴിപോക്കരെ വെടിവെച്ചത്. ഇയാള്‍ പാര്‍ക്കില്‍ മടങ്ങിയെത്തിയ ഉടന്‍ വീണ്ടും വെടിശബ്ദം ഉയര്‍ന്നതായും സമീപവാസികള്‍ പറയുന്നു.
താന്‍ സ്വയം വെറുക്കുന്നുവെന്നും ഇപ്പോഴും വിര്‍ജിന്‍ ആയി തുടരുന്നതില്‍ അമ്മയാണ് കുറ്റക്കാരിയെന്നുമെല്ലാം ജേക്ക് റെഡ്ഡിറ്റ് അക്കൗണ്ടിലൂടെ പറഞ്ഞിട്ടുണ്ട്. അടുത്തിടെ കാന്‍സര്‍ ബാധിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്ത സ്ത്രീയായിരുന്നു ജേക്കിന്റെ മാതാവ്. ജേക്കിന്റെ ഒരു സഹോദരിയും സഹോദരനും ഇതേ സിറ്റിയില്‍ തന്നെ താമസിക്കുന്നുണ്ട്.
നോര്‍ത്ത് പ്രോസ്‌പെക്റ്റിലെ ഒരു പാര്‍ക്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 6 മണിക്കാണ് സംഭവം നടന്നത്. തികച്ചും ശാന്തമായിരുന്ന ബിഡിക്ക് ഡ്രൈവ് ഈ സംഭവത്തിനു ശേഷം ലോക്ക്ഡൗണില്‍ ആയിട്ടുണ്ട്. അടിയന്തര സേവന വിഭാഗം ഈ ഭാഗത്ത് തമ്പടിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞ ഇവിടത്തെ എം പി ല്യുക്ക് പൊള്ളാര്‍ഡ് ജനങ്ങളോട് ശാന്തരായി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ബ്രിട്ടനില്‍ ഇതുപോലൊരു ക്രൂരകൃത്യം ഉണ്ടാകുന്നതെന്ന് ഹോം സെക്രട്ടരി പ്രീതി പട്ടേലും പ്രതികരിച്ചു.
ഇത്തരത്തില്‍ ഒരു അക്രമം ഇതിനു മുന്‍പ് ബ്രിട്ടനില്‍ ഉണ്ടായത് 2010-ല്‍ ആയിരുന്നു. അന്ന് കംബ്രിയയില്‍ ഒരു ടാക്‌സി ഡ്രൈവര്‍ 12 പേരെയാണ് വെടിവെച്ച് കൊന്നത്. മറ്റു 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.