‘മൂന്നാം തരംഗത്തിന്റെ സൂചനയില്ല, വാക്‌സിന്‍ വിതരണത്തില്‍ കേരളം ഒന്നാമത്’; അടുത്ത മൂന്ന് ആഴ്ച നിര്‍ണായകമെന്നും വീണാ ജോര്‍ജ്
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സിറോ പ്രവലന്‍സ് പഠനപ്രകാരം 44 ശതമാനം ആളുകള്‍ രോഗ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടെന്നും വാക്‌സിനേഷനില്‍ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മന്ത്രി പറഞ്ഞത്: ”സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണം. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്ന് 1,63,098 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നല്‍കുന്നത്.”
”ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കേന്ദ്ര സംഘവും ഇതംഗീകരിച്ചതാണ്. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെല്‍റ്റാ വൈറസാണ്. രണ്ടാം തരംഗത്തില്‍ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തില്‍ തന്നെ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ടി.പി. ആര്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്ക വേണ്ട. കേസിന്റെ കാര്യത്തില്‍ ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത്. മേയ് മാസത്തിലാണ് 43,000ലധികം രോഗികളുണ്ടായത്. ഏറ്റവും പുതിയ സിറോ സര്‍വയലന്‍സ് സര്‍വേയില്‍ കേരളത്തില്‍ 42 ശതമാനം പേര്‍ക്കാണ് ആന്റിബോഡി കണ്ടെത്തിയത്. ഇനിയും 50 ശതമാനത്തിലധികം പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാന്‍ പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ശ്രമിക്കുകയാണ് കേരളം.”
”ദേശീയ തലത്തില്‍ ജനസംഖ്യയുടെ 10 ലക്ഷമെടുത്താല്‍ ഏറ്റവുമധികം വാക്സിന്‍ നല്‍കുന്ന സംസ്ഥാനത്തിലൊന്നാണ് കേരളം. സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്സിജന്‍ കിട്ടാതേയും ആരും ബുദ്ധിമുട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. കൂടുതല്‍ പേര്‍ വാക്സിന്‍ എടുത്തതിനാല്‍ അവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കാണിക്കുന്നത്. കേന്ദ്ര സംഘം നാളെ വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ട്.”
അതേസമയം, സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3514, തൃശൂര്‍ 2738, കോഴിക്കോട് 2597, എറണാകുളം 2317, പാലക്കാട് 1433, കൊല്ലം 1514, കണ്ണൂര്‍ 1194, തിരുവനന്തപുരം 1113, കോട്ടയം 933, ആലപ്പുഴ 978, കാസര്‍ഗോഡ് 914, വയനാട് 679, പത്തനംതിട്ട 553, ഇടുക്കി 414 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട്, കണ്ണൂര്‍ 20 വീതം, മലപ്പുറം 12, കാസര്‍ഗോഡ് 11, തൃശൂര്‍ 9, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് 5 വീതം, കോട്ടയം 3, കൊല്ലം, ഇടുക്കി, കോഴിക്കോട് 2 വീതം, തിരുവനന്തപുരം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,649 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1013, കൊല്ലം 889, പത്തനംതിട്ട 406, ആലപ്പുഴ 768, കോട്ടയം 1148, ഇടുക്കി 331, എറണാകുളം 2026, തൃശൂര്‍ 2713, പാലക്കാട് 960, മലപ്പുറം 2779, കോഴിക്കോട് 1653, വയനാട് 463, കണ്ണൂര്‍ 755, കാസര്‍ഗോഡ് 745 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,54,820 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,77,453 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,54,080 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,26,600 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,480 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2809 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.