international desk
Sports
ഒളിമ്പിക്‌സില്‍ ആശങ്ക കനക്കുന്നു; മൂന്നു കായിക താരങ്ങള്‍ക്ക് കൂടി കോവിഡ്
ടോക്യോ: ഒളിമ്പിക്സിൽ ആശങ്കയേറ്റി മൂന്ന് കായിക താരങ്ങൾക്ക് കൂടി കോവിഡ്. നേരത്തെ വിദേശത്ത് നിന്ന് ഒളിമ്പിക് വില്ലേജിലെത്തിയ ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് കായിക താരങ്ങൾ കൂടി കോവിഡ് പോസിറ്റീവ് ആയി. ഇതിൽ രണ്ടു പേർ ഒളിമ്പിക് വില്ലേജിലും ഒരാൾ ഹോട്ടലിലുമാണ് താമസിക്കുന്നത്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ഒളിമ്പിക്സുമായി ബന്ധപ്പെട്ട 10 പേർക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകൾ 55 ആയി ഉയർന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സംഘാടകരും ഇവരിൽ ഉൾപ്പെടുന്നു.
കോവിഡ് പ്രതിരോധനത്തിനായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കുന്നു.
ഒളിമ്പിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ടോക്യോയിൽ ഈ മാസം 23-നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്. കാണികൾക്ക് പ്രവേശനമില്ല. 228 അംഗ ഇന്ത്യൻ സംഘത്തിലെ ആദ്യ സംഘം ശനിയാഴ്ച്ച ടോക്യോയിൽ എത്തിയിരുന്നു. രണ്ട് ഹോക്കി ടീമുകൾ, അമ്പെയ്ത്ത് ടീം, ടേബിൾ ടെന്നീസ് താരങ്ങൾ, നീന്തൽ താരങ്ങൾ എന്നിവരടങ്ങിയ 90 അംഗ സംഘമാണ് ടോക്യോയിൽ വിമാനമിറങ്ങിയത്.