നിലമ്പൂര്‍ എംഎല്‍എ അന്‍വറും എംഎസ്എഫും തമ്മിലുള്ള വാക്‌പോര് തുടരുന്നു. പിവി അന്‍വര്‍ സ്ഥലത്തില്ലാത്തതിനാല്‍ നിവേദനം എംഎല്‍എ ഓഫീസിനു മുന്നില്‍ ഒട്ടിച്ച സംഭവത്തില്‍ ഇന്നലെ പിവി അന്‍വര്‍ മറുപടി നല്‍കിയിരുന്നു. അന്ധത ചികിത്സയ്ക്കുള്ള മരുന്നുകളുടെ പേരുകള്‍ നിര്‍ദ്ദേശിച്ച് നിലമ്പൂരിലെ ഇത്തിള്‍ക്കണ്ണികള്‍ക്ക് സമര്‍പ്പിക്കാമായിരുന്നെന്നു പിവി അന്‍വറിന്റെ പരിഹാസം.
ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് എംഎസ്എഫ്. മരുന്നുകള്‍ നിര്‍ദ്ദേശിച്ചതിന് നന്ദിയെന്നും ഈ മരുന്നുകള്‍ ഏതെങ്കിലും ഒന്ന് ദിവസം രണ്ട് നേരം താങ്കളും കഴിക്കണമെന്നാണ് എംഎസ്എഫ് നിലമ്പൂര്‍ ഘടകത്തിന്റെ പ്രതികരണം. നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ താങ്കള്‍ക്ക് ബാധിച്ച അന്ധത മാറാന്‍ ഈ മരുന്നുകള്‍ ഉപകരിക്കുമെന്ന് എംഎസ്എഫ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആരിഫ് എപി പറഞ്ഞു.
‘നിവേദനം പോസ്റ്റില്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട ആഫ്രിക്കന്‍ എംഎല്‍എയുടെ പോസ്റ്റ് കണ്ടു. മരുന്നുകള്‍ നിര്‍ദ്ദേശിച്ചു തന്നതിന് നന്ദി. വ്യാജ ഡോക്ടര്‍മാര്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നു ഭരണം നടത്തുന്ന കാലത്ത് മേഘ ശാസ്ത്ര രംഗത്ത് ഈ രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാവുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തിയ താങ്കളും ഒരു ഡോക്ടറേറ്റ് പദവിക്ക് അര്‍ഹനാണ്.
നിര്‍ദ്ദേശിച്ച മരുന്നുകളില്‍ ഏതെങ്കിലും ഒന്ന് ദിവസവും രണ്ടുനേരം കഴിക്കാന്‍ ശ്രമിക്കുക. നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍പില്‍ താങ്കള്‍ക്ക് ബാധിച്ച അന്ധതയും മാറട്ടെ. നാട്ടില്‍ കിട്ടുന്ന മരുന്നുകള്‍ ആഫ്രിക്കയില്‍ കിട്ടുന്നില്ലെങ്കില്‍ അറിയിക്കണം. കരിമ്പുലികളോട് അന്വേഷണം അറിയിക്കും എന്ന പ്രതീക്ഷയോടെ’ എംഎസ്എഫ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആരിഫ് എപി പ്രതികരിച്ചു.
സംഭവത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസും കഴിഞ്ഞ ദിവസം രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ‘ഭൂമി തുരന്ന് നാട് വിട്ട ജപ്പാന്‍ തിയറിസ്റ്റിനെ സമൂഹ മധ്യത്തില്‍ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മറുപടി പറയാന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഒ.പി ചീട്ട് ഇനിയും കീറേണ്ടി വരും. പശ്ചിമഘട്ടം തുരന്ന് ജപ്പാന്‍ വഴി ആഫ്രിക്കയിലെത്തിയ മുങ്ങാങ്കുഴിക്ക് നിലമ്പൂരിലെ കര്‍ഷകരുടെ കയ്യിലുള്ള രാസവളമാണ് ബെസ്റ്റ്,’ പികെ നവാസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിവാദത്തിനു കാരണമായ സംഭവം നടന്നത്. എംഎല്‍എക്ക് നിവേദനം നല്‍കാനെത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ ആള്‍ നാട്ടിലില്ലെന്നറിഞ്ഞതോടെ നിലമ്പൂരിലെ എംഎല്‍എ ഓഫീസിലെ ചുവരില്‍ നിവേദനം ഒട്ടിച്ച് പ്രതിഷേധിച്ചു. ബിസിനസ് ആവശ്യാര്‍ത്ഥം കഴിഞ്ഞ കുറേ ദിവസങ്ങളായി ആഫ്രിക്കയിലാണ് പിവി അന്‍വറുള്ളത്. എംഎല്‍എക്ക് നിവേദനം നേരിട്ട് കൊടുക്കാനാണ് തങ്ങള്‍ വന്നതെന്നും ദിവസങ്ങളായി എംഎല്‍എയുടെ സാന്നിധ്യം പോലുമില്ലാത്ത ഓഫീസില്‍ എന്തിനാണ് നിവേദനം നല്‍കുന്നതെന്നാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
എസ്എസ്എല്‍സി, പ്ലസ്ടു ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കിയതിനെതിരെ നിവേദനം കൊടുക്കാനെത്തിയതായിരുന്നു എംഎസ്എഫ് പ്രവര്‍ത്തകര്‍. നിവേദനം എല്ലാ എംഎല്‍എമാര്‍ക്കും നേരിട്ട് കൊടുക്കാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ നിലമ്പൂര്‍ എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ പിവി അന്‍വര്‍ സ്ഥലത്തില്ല. ആഫ്രിക്കയിലാണെന്നറിഞ്ഞു. തുടര്‍ന്നാണ് നിവേദനം ഓഫീസിലെ ചുമരില്‍ ഒട്ടിച്ചത്.
സംഭവം വാര്‍ത്തയായതോടെ പ്രതികരണവുമായി പിവി അന്‍വര്‍ രംഗത്തെത്തി. നിലമ്പൂര്‍ എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട് ആറു സ്റ്റാഫുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പിവി അന്‍വറിന്റെ വിശദീകരണം. ഞായര്‍ ഒഴികെ എല്ലാ ദിവസവും ഓഫീസ് രാവിലെ തന്നെ പ്രവര്‍ത്തനം ആരംഭിക്കാറുണ്ടെന്നും അന്ധരായ ഒരുകൂട്ടം പേരാണ് അടിസ്ഥാനമില്ലാത്തെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. ആരോപണം ഉന്നയിക്കുന്നവര്‍ വയനാട് എംപിയുടെ ഓഫീസില്‍ പോകണം. അവിടെ അദ്ദേഹം 24 മണിക്കൂര്‍ സേവനവുമായി കണ്ണില്‍ എണ്ണയൊഴിച്ച് ഇരുപ്പുണ്ടെന്നും അത് കണ്ട് പി.വി അന്‍വറൊക്കെ ചമ്മി പോകട്ടേയെന്നും അദ്ദേഹം പരിഹസിച്ചു. ഒപ്പം അന്ധതയ്ക്കുള്ള മരുന്നുകളുടെ പേരും പിവി അന്‍വര്‍ നിര്‍ദ്ദേശിച്ചു.