kerala
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ്! കുട്ടികളെയും മുതിര്ന്നവരെയുമായെത്തുന്ന വാഹനം പിടിച്ചെടുക്കുമെന്ന് പോലീസ്
കോഴിക്കോട്: ബക്രീദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് 18, 19, 20 തീയതികളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂവെന്ന് സിറ്റി പോലീസ്. പത്തുവയസിന് താഴെയുള്ള കുട്ടികളും മുതിര്‍ന്ന പൗരന്മാരും പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കണം. കുട്ടികളെയും മുതിര്ന്നപൗരന്മാരെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ജില്ലയിലെ എല്ലാ ഒാഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് മേധാവി എ.വി.ജോര്‍ജ് അറിയിച്ചു.
എല്ലാ കടകളും അവയുടെ വലിപ്പത്തിനനുസരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. അലകം ഉറപ്പുവരുത്താന്‍ മാര്‍ക്കിങ് നടത്തുകയും തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണം. കടകളിലേക്ക് ആളുകള്‍ കൂട്ടമായി എത്തിയാല്‍ നിശ്ചിത എണ്ണംആളുകളെ പ്രവേശിപ്പിച്ചശേഷം ഷട്ടര്‍ പകുതി താഴ്ത്തി വെക്കുകയും ഉള്ളിലുള്ള ആളുകള്‍ പുറത്തിറങ്ങുന്ന മുറക്ക് മാത്രം ബാച്ചുകളായി മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്യണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 181 കടകള്‍ അടച്ചുപൂട്ടുകയും അനധികൃതമായി നഗരത്തിലെത്തിയ 136 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ോഴിക്കോട്: എ,ബി,സി മേഖലകളില്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവ് കോവിഡ് രോഗവ്യാപനത്തിന് അവസരമുണ്ടാക്കാത്ത വിധം വ്യാപാരികളും പൊതുജനങ്ങളും ജാഗ്രതയോടെ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയില്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. ആളുകള്‍ കൂട്ടമായി പുറത്തിറങ്ങി ഇടപഴകുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കും. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസര്‍ എന്നീ കാര്യങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ കര്‍ശനമായും പാലിക്കണം.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഡി കാറ്റഗറിയില്‍ പെടുന്ന തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ വാങ്ങാനും മറ്റും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അറിയിച്ചു.