kerala
സംസ്ഥാനത്ത് ചെറു മേഘവിസ്ഫോടനങ്ങളും ചുഴലിക്കാറ്റും വ്യാപകമാകുന്നു
കൊച്ചി: കേരളത്തിൽ ചെറു മേഘ വിസ്ഫോടനങ്ങളും ചുഴലിക്കാറ്റും വ്യാപകമാകുന്നതായി റിപ്പോർട്ട്. ഒരു ചെറു പ്രദേശത്തെ അതിവേഗം വ്യാപക നാശനഷ്ടം വിതയ്ക്കുന്നവയാണ് മേഘ വിസ്ഫോടനങ്ങൾ. മധ്യകേരളത്തിലെ ജില്ലകളിലാണ് ഇത്തരത്തിൽ ചെറു മേഘവിസ്ഫോടനങ്ങൾ പതിവാകുന്നത്. പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ മണ്‍സൂണ്‍ കാലത്ത് കാറ്റു വീശുന്നത് പതിവാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയും കാറ്റുമാണുണ്ടായിരുന്നത്. ഇത് വ്യാപക നാശനഷ്ടവും സൃഷ്ടിച്ചിരുന്നു. മിനി ടൊർണാടോകളെന്നറിയപ്പെടുന്ന ചെറുചുഴലിക്കാറ്റുകളും ചെറുമേഘവിസ്ഫോടനങ്ങളുമാണ് ഇതിന് കാരണമെന്നാണ് കാലാവസ്ഥ പഠനങ്ങൾ പറയുന്നു.
വളരെ പെട്ടെന്ന് നാശം വിതച്ചു കടന്നു പോകുന്ന കാറ്റാണ് ഇപ്പോൾ കേരളത്തെ ഭീതിപ്പെടുത്തുന്നത്. മേഘങ്ങൾക്കുള്ളിലുണ്ടാകുന്ന ചെറുവിസ്ഫോടന ഫലമായി ചുഴലി പോലെ താഴേക്ക് വളരെ കുറച്ചുസമയത്തേക്കു ഉണ്ടാകുന്ന വായുപ്രവാഹമാണ് ഇതിനു കാരണം'. കൊച്ചി സര്‍വകലാശാലലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍ ഡോ എസ് അഭിലാഷ് വ്യക്തമാക്കി.
പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ കൂമ്പാര മേഘങ്ങള്‍ പലസ്ഥലത്തും കണ്ടു വരുന്നത് ആശങ്ക സൃഷ്ഠിക്കുന്നു. മേഘങ്ങളുടെ ഭാഗമായി വരുന്ന പ്രവചിക്കാന്‍ കഴിയാത്ത ഈ കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍വരെ വീശാം. ഏകദേശം നാല് മിനിറ്റിനകം ശാന്തമാകുമെങ്കിലും ചിന്തിക്കാവുന്നതിലും അധികം നാശനഷ്ടം ഇവ വരുത്തിവച്ചേക്കാമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം എന്നുപറയുന്നത്. നിമിഷങ്ങൾ കൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുന്നു. പൊതുവേ, മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്നുവിളിക്കാം.