Headlines
Loading...
‘ഫാ.സ്റ്റാന്‍ സ്വാമിയുടേത് ഗൗരവമുള്ള കുറ്റം’; വിമര്‍ശനങ്ങള്‍ക്കിടെ ന്യായീകരണവുമായി കേന്ദ്രം

‘ഫാ.സ്റ്റാന്‍ സ്വാമിയുടേത് ഗൗരവമുള്ള കുറ്റം’; വിമര്‍ശനങ്ങള്‍ക്കിടെ ന്യായീകരണവുമായി കേന്ദ്രം

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ആഗോളതലത്തില്‍ വിമര്‍ശനം ഉയരവെ സ്റ്റാന്‍ സ്വാമിയെ തടവിലാക്കിയ നടപടി ന്യായീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യത്തെ നിയമ ലംഘനത്തിന്റെ പേരിലാണ് ഫാ. സ്റ്റാന്‍സ്വാമിക്കെതിരെ നടപടിയെടുത്തതെന്നും ഇദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം ഗൗരവമുള്ളതായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘ ഇന്ത്യയിലെ അധികാരികള്‍ പ്രവര്‍ത്തിക്കുന്നത് നിയമലംഘനങ്ങള്‍ക്കെതിരെയാണ്. അല്ലാതെ അവകാശങ്ങള്‍ നിയമാനുസൃതമായി പ്രയോഗിക്കുന്നതിനെതിരെയല്ല. ഇത്തരം നടപടികളെല്ലാം കര്‍ശനമായ നിയമം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു കോടതികള്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകള്‍ തള്ളിയത്. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇദ്ദേഹത്തിന് മെഡിക്കല്‍ ചികിത്സയും നല്‍കിയിരുന്നെന്നും വിദേശ കാര്യമന്ത്രാലയം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം വേദനിപ്പിക്കുന്നതാണെന്നും അഭിപ്രായ സ്വാതന്ത്രം വിനിയോഗിച്ചതിന്റെ പേരില്‍ ഒരാളും തടവിലാക്കപ്പെടരുതെന്നുമായിരുന്നു യുഎന്‍ ഹ്യൂമണ്‍ റൈറ്റ്‌സിന്റെ വിമര്‍ശനം.

ചൊവ്വാഴ്ചയാണ് ഭീമാ കൊറെഗാവ് കേസില്‍ വിചാരണ കാത്ത് കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി (84) പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കിയ ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അന്ത്യം. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ കേസില്‍ ഒക്ടോബറില്‍ റാഞ്ചിയില്‍നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തത്.