Headlines
Loading...
ഡ്രോണ്‍ ആക്രമണ സാധ്യത; കേരളത്തിനും തമിഴ്നാടിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്

ഡ്രോണ്‍ ആക്രമണ സാധ്യത; കേരളത്തിനും തമിഴ്നാടിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ജമ്മു കശ്മീർ വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകൾ ഡ്രോൺ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ തമിഴ്നാടിനും കേരളത്തിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

അതിർത്തി മേഖലകളിൽ ചില തീവ്രവാദ സംഘടനകൾ ഡ്രോൺ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകൾ കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. താലിബാൻ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്താനുള്ള സാധ്യതകൾ രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല.


ഈ രണ്ട് സംസ്ഥാനങ്ങളിലെയും പ്രാദേശിക ആക്രമണസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീവ്രവാദസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനായി കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥിലേക്കും ആളുകൾ പോയതും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്നാട്ടിലെ മറ്റ് തെക്കൻ ജില്ലകളിലെ സംഘടനകളുടെ പ്രവർത്തനങ്ങളും ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഏതാനും മാസങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം നടക്കുന്നുണ്ട്. ഡ്രോൺ ആക്രണമങ്ങളുടെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലേയും കേരളത്തിന്റേയും തെക്കൻ തീരദേശമേഖലയിൽ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.