Headlines
Loading...
കിറ്റെക്‌സിലെ ‘ജിഎസ്ഡി കുക്കര്‍’ തൊഴിലാളിയുടെ മരണമണി; പുറം ലോകമറിയാത്ത കഥകള്‍ വെളിപ്പെടുത്തി മുന്‍ ജീവനക്കാരന്‍

കിറ്റെക്‌സിലെ ‘ജിഎസ്ഡി കുക്കര്‍’ തൊഴിലാളിയുടെ മരണമണി; പുറം ലോകമറിയാത്ത കഥകള്‍ വെളിപ്പെടുത്തി മുന്‍ ജീവനക്കാരന്‍

സാബു ജേക്കബിന്റെ കിറ്റെക്‌സ് കമ്പനിക്കെതിരെ വന്‍ വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി സുരേഷ്. കടുത്ത തൊഴിലാളി വിരുദ്ധതയും ലിംഗ സമത്വത്തിന്റെ നഗ്‌നമായ ലംഘനവും നടക്കുന്ന ഇടമാണ് കിറ്റെക്‌സ് കമ്പനിയെന്ന് സുരേഷ് പറഞ്ഞു. ഒരു കാലത്ത് തൊഴിലാളികള്‍ സന്തോഷത്തോടെ ജോലി ചെയ്തിരുന്ന കമ്പനി ഇന്ന് ജിഎസ്ഡി എന്ന പ്രഷര്‍ കുക്കറാണെന്നും സുരേഷ് പറഞ്ഞു. കിറ്റെക്‌സില്‍ ഒഴികെ വേറെയെവിടെയെങ്കിലും ജിഎസ്ഡി എന്ന സിസ്റ്റം ഉള്ളതായി അറിവില്ല. അത് തൊഴിലാളിയുടെ മരണമണിയാണ്. ഒരു ഗാര്‍മെന്റ് നിര്‍മിക്കാന്‍ ആവശ്യമായ മാക്‌സിമം സ്പീഡ് അടിസ്ഥാനപ്പെടുത്തി മണിക്കൂറുകളില്‍ ടാര്‍ഗറ്റ് കണക്കാക്കുന്ന രീതിയാണ് ജിഎസ്ഡിയെന്നും സുരേഷ് വെളിപ്പെടുത്തി.

2008 മുതല്‍ 2013 വരെ കമ്പനിയിലെ ക്വാളിറ്റി കണ്‍ട്രോളറായിരുന്നു സുരേഷ്.

സുരേഷ് പറയുന്നു: ”Kitex ചെയര്‍മാന്‍ സാബു ജേക്കബിന്റെ പിതാവ് ബഹുമാനപ്പെട്ട ശ്രീ MC ജേക്കബ് വെറും 8 തൊഴിലാളികളുമായി അന്ന അലൂമിനിയം എന്ന പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ കേരളം വ്യവസായ സൗഹൃദം…അവിടെ നിന്നും തുടങ്ങി kitex ഗാര്‍മെന്റ്‌സും,ലിമിറ്റഡും,സാറാസും, ചാക്‌സണും,സ്‌കൂബി ഡേയും, അന്നയും, അഡോണിസും അടക്കമുള്ള സ്ഥാപനങ്ങളിലൂടെ കോടികള്‍ വാരിക്കൂട്ടിയപ്പോളും കേരളം വ്യവസായ സൗഹൃദം… ഒടുക്കം സംസ്ഥാന സര്‍ക്കാരുമായി 3500 കോടിയുടെ നിക്ഷേപത്തിന്റെ താത്പര്യപത്രം ഒപ്പിടാന്‍ പാകത്തില്‍ കമ്പനി വളര്‍ന്നപ്പോഴും വ്യവസായ സൗഹൃദം…പക്ഷേ സൗഹൃദം പെട്ടെന്ന് നശിച്ചു പോയി.. ”

”എന്താ കാരണം ??സംസ്ഥാന ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ കയറിയിറങ്ങി പരിശോധന നടത്തി പോലും…ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കമ്പനിയില്‍ പരിശോധന നടത്താന്‍ സാബുവിന്റെ സമ്മതം വേണമത്രേ…അതായത് ഇന്ത്യന്‍ ഭരണഘടനയും, നിയമങ്ങളും, ചട്ടക്കൂടുകളും കിറ്റെക്‌സിന് ബാധകമാക്കാന്‍ പാടില്ല എന്നാണ് MD യുടെ വാദം…എന്നാല്‍ ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് ജഡ്ജി തൊഴിലാളികളുടെ പരാതി നേരിട്ട് കേട്ടത് മൊതലാളി അറിഞ്ഞില്ലെന്ന് തോന്നുന്നു…ലിംഗ സമത്വത്തിന്റെ നഗ്‌നമായ ലംഘനം കൂടി നടക്കുന്ന ഇടമാണ് ആ കമ്പനി…പെണ്ണുങ്ങളും ആണുങ്ങളും രണ്ട് തട്ടിലാണ്… പെണ്ണുങ്ങള്‍ക്ക് മൊതലാളി പറഞ്ഞ അമേരിക്കന്‍ മോഡല്‍ തമസ സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍,സാധാരണ തൊഴിലാളികളായ ആണുങ്ങള്‍ക്ക് ‘പന്നിക്കൂട്ടില്‍’ കഴിയാനാണ് വിധി…ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ല…വളരെ നല്ല ഭക്ഷണമാണ്…”

”നാട്ടില്‍ മുഴുവനും തേനും പാലുമൊഴുക്കുന്ന മൊതലാളി തന്റെ കമ്പനിയില്‍ ‘ചക്കാട്ടുന്ന യന്ത്രപ്പാവകള്‍ക്ക്’ കഴിഞ്ഞ വര്‍ഷം ബോണസ് പോലും കൊടുത്തില്ല…പെര്‍ഫോമന്‍സ് ബോണസിലും ഉണ്ട് തരം തിരിവുകള്‍…ഹെല്‍പ്പേഴ്‌സിന്റെ PB ഒഴിവാക്കി അതും കൂടി ഓപ്പറേറ്റര്‍സിന് നല്‍കുന്നു…മരണപ്പണി എടുക്കുന്ന ഹെല്‍പ്പേഴ്സ് സഹിച്ചോളുക…മൊതലാളി പറയുന്നു, താന്‍ 11000 പേര്‍ക്ക് ജോലി കൊടുക്കുന്നുണ്ടെന്ന്.എന്നാല്‍ മൊതലാളി അത്രയും പേരുടെ പ്രയത്‌നം വില കൊടുത്ത് വാങ്ങിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം…കേരളത്തില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ മലയാളികള്‍ എത്ര പേരുണ്ടെന്ന് മൊതലാളി പറയണം… എറണാകുളം ജില്ലയിലുള്ള ഈ കമ്പനിയില്‍ സ്വദേശികള്‍ എത്ര പേരുണ്ടെന്ന് കൂടി മൊതലാളി പറയണം…”

”ഒരു കാലത്ത് തൊഴിലാളികള്‍ എല്ലാവരും സന്തോഷത്തോടെ ജോലി ചെയ്തിരുന്ന കമ്പനി ഇന്ന് ഒരു പ്രഷര്‍ കുക്കറാണ്… GSD എന്ന കുക്കറില്‍ വെന്തുരുകുന്ന ജന്മങ്ങളായി കുറെ തൊഴിലാളികളും….എന്താണ് GSD എന്നറിയാത്ത ആളുകളോട്… GSD എന്നാല്‍ ഒരു പ്രൊഡക്ഷന്‍ സിസ്റ്റമാണ്… കിറ്റെക്‌സില്‍ ഒഴികെ വേറെയെവിടെയെങ്കിലും ഈ സിസ്റ്റം ഉള്ളതായി അറിവില്ല…അത് തൊഴിലാളിയുടെ മരണമണിയാണ്…ഒരു ഗാര്‌മെന്റ് നിര്‍മിക്കാന്‍ ആവശ്യമായ മാക്‌സിമം സ്പീഡ് അടിസ്ഥാനപ്പെടുത്തി മണിക്കൂറുകളില്‍ ടാര്‍ഗറ്റ് കണക്കാക്കുന്ന രീതിയാണ് GSD…ഏറ്റവും നല്ല എഫിഷന്‍സിയുള്ളയാളെ മാതൃകയാക്കുന്ന രീതി…ചുരുക്കിപ്പറഞ്ഞാല്‍ ഞാനും ഓടും, നിങ്ങളും ഓടും, pt ഉഷയും ഓടും, ബോള്‍ട്ടും ഓടും… GSD പ്രകാരം എല്ലാവരും ബോള്‍ട്ടിനെപ്പോലെ ഓടണം… ഈ സിസ്റ്റം വരുന്നതിന് മുമ്പ് കമ്പനിയിലെ 40 പേരടങ്ങുന്ന ഒരു പ്രൊഡക്ഷന്‍ ലൈനിന്റെ വണ്‍സി എന്ന ഗാര്‍മെന്റിന്റെ ടാര്‍ഗറ്റ് 2900 ആയിരുന്നു… 2017 ല്‍ അത് 9700 ആയി മാറി…2900 ല്‍ കമ്പനി നിറയെ മലയാളികള്‍ മാത്രം… 9700 ല്‍ കമ്പനിയില്‍ 90% ഹിന്ദിക്കാരായി…ആദ്യകാലത്ത് വണ്‍സിയെന്ന് കേട്ടാല്‍ ആനന്ദ നൃത്തം ചെയ്തിരുന്ന തൊഴിലാളികള്‍ ഇന്ന് വണ്‍സിയെന്ന് കേട്ടാല്‍ ബോധം കെട്ട് വീഴും…ഇതൊക്കെ പുറം ലോകമറിയാത്ത കഥകളാണ്… അറിഞ്ഞാലും മനസിലാവാത്ത കഥ…മറ്റ് വിഷയങ്ങളില്‍ ധാര്‍മിക രോഷം കൊണ്ട് തുള്ളിയുറയുന്ന മാധ്യമങ്ങള്‍ ഇന്ന് കഴുത്തില്‍ ചങ്ങലയുമായി മൊതലാളി വലിച്ചെറിയുന്ന എല്ലിന്‍കഷണവും നോക്കിയിരിപ്പാണ്….?????? ”

”ഇന്ത്യാ മഹാരാജ്യത്തിനകത്ത് ജീവിക്കുന്നവന്‍ ആരായാലും ഇന്ത്യന്‍ ഭരണഘടനയെന്ന ചട്ടക്കൂടിനകത്ത് ഒതുങ്ങിക്കൂടി കഴിഞ്ഞോളണം… അത് കിറ്റെക്‌സിന്റെ MD ആയാലും ഏത് പൊന്നു തമ്പുരാനായാലും അത്രയേയുള്ളൂ…മൊതലാളിമാര്‍ക്ക് ചവച്ചരച്ചു തുപ്പാനുള്ള ജന്മങ്ങളല്ല തൊഴിലാളികള്‍ എന്ന് കുത്തക മുതലാളിമാര്‍ മനസിലാക്കിയാല്‍ നന്ന്.”