Headlines
Loading...
ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. ശിവന്‍കുട്ടിയുടെ രാജി ആവശ്യമാണ് വിഡി സതീശന്‍ ഇന്നും സഭയില്‍ ഉന്നയിച്ചത്. ശിവന്‍കുട്ടി രാജിവെക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് നിഷേധാത്മകമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരായ പരമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

എന്നാല്‍ വി ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വിചാരണ വിചാരണയുടെ വഴിക്ക് നടക്കുകയാണ് ചെയ്യുക. കേസില്‍ പ്രതിയായി എന്നതു കൊണ്ട് മാത്രം ഒരാള്‍ മന്ത്രിയാവാന്‍ പാടില്ല എന്ന നിലപാട് യുഡിഎഫിനുണ്ടോ എന്നത് അങ്ങേയറ്റം ആശ്ചര്യകരമായ കാര്യമാണ്. അത്തരമൊരു നിലപാട് പൊതുവില്‍ നമ്മുടെ നാട് അംഗീകരിച്ചിട്ടില്ല. സുപ്രീം കോടതി വിധിയെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന് എന്ന മട്ടില്‍ ഇന്നലെത്തന്നെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി. സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി വിധിക്കെതിരെയല്ല. കേസിനെ കോടതിയില്‍ വെച്ച് നിയമപരമായി നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയസസഭ ബഹിഷ്‌കരിച്ചത്.