Headlines
Loading...
‘കല്യാണത്തിന് 20 പേര്‍, മദ്യശാലകള്‍ക്ക് മുന്നില്‍ 500 പേര്‍ കൂടുന്നതെങ്ങനെ’; വിമര്‍ശനവുമായി ഹൈക്കോടതി

‘കല്യാണത്തിന് 20 പേര്‍, മദ്യശാലകള്‍ക്ക് മുന്നില്‍ 500 പേര്‍ കൂടുന്നതെങ്ങനെ’; വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം സംബന്ധിച്ച വിഷയത്തില്‍ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കല്യാണത്തിന് പങ്കെടുക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ 20 പേര്‍ക്ക് മാത്രം അനുമതി നല്‍കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ 500 പേര്‍ കൂടുന്നതെങ്ങനെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. രാജ്യത്തെ കോവിഡ് രോഗികളിലെ മൂന്നിലൊന്നും കേരളത്തിലാണെന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി.

മദ്യശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം രൂപം കൊള്ളുന്ന സംഭവത്തില്‍ ഹൈക്കോടതി ഇന്നലെ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതനുസരിച്ച് എക്‌സൈസ് കമ്മീഷണറും ബവ്‌കോ സിഎംഡിയും ഹൈക്കോടതിയില്‍ ഇന്ന് ഹാജറായിരുന്നു. ഇതിനിടെയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വിമര്‍ശനം ആവര്‍ത്തിച്ചത്. സാധാരണക്കാര്‍ക്ക് ആള്‍ക്കൂട്ടം എന്തു സന്ദേശമാണ് നല്‍കുന്നത്. മദ്യ വില്‍പ്പനയുടെ കുത്തകയാണ് ബെവ്‌കോ. ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കേണ്ടത് ബെവ്‌കോ തന്നെയാണ്. മദ്യം വാങ്ങാന്‍ വരുന്നവരുടെ വ്യക്തിത്വം ബെവ്‌കോ പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ചൊവ്വാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

തൃശൂര്‍ കറുപ്പം റോഡില്‍ ബെവ്‌കോ ഔട്ട് ലറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി കടയുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കൊവിഡ് കാലത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഇന്നലെ സര്‍ക്കാറിന്റെ പ്രതികരണം തേടിയത്. മദ്യശാലകള്‍ക്ക് മുന്നിലെ ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിച്ചായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം.

കോവിഡ് വ്യാപനത്തിന് പിന്നാലെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു മാസത്തിലധികമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ മദ്യശാലകള്‍ ഇക്കഴിഞ്ഞ ജൂണ്‍ 16 നാണ് വീണ്ടും തുറന്നത്. ഇതിന് പിന്നാലെയാണ് മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്.

[ ENGLISH SUMMARY : How about 20 people for a wedding and 500 people in front of bars';  High Court with criticism  www.livetodaymalayalam.in ]