national
മാധ്യമപ്രവർത്തകർക്ക് സംരക്ഷണമുണ്ട്; രാജ്യദ്രോഹക്കുറ്റത്തിൽ സുപ്രീം കോടതി
ന്യൂഡൽഹി∙ മാധ്യമപ്രവർത്തകനായ വിനോദ് ദുവയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി റദ്ദാക്കി. 1962ലെ ഉത്തരവ് അനുസരിച്ച് ഇത്തരം നടപടികളിൽനിന്ന് എല്ലാ മാധ്യമപ്രവർത്തകർക്കും സംരക്ഷണം ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ കലാപത്തെക്കുറിച്ച് നടത്തിയ ചാനൽ പരിപാടിയാണ് കേസിന് ആധാരം.
ബിജെപി നേതാവിന്റെ പരാതി പ്രകാരം ഹിമാചൽ പ്രദേശിലാണ് കേസെടുത്തത്. വ്യാജ വാർത്ത പരത്തി, സമൂഹത്തിന് ദ്രോഹം ചെയ്തു, അപകീർത്തികരമായ കാര്യങ്ങൾ പ്രിന്റ് ചെയ്തു, പൊതുശല്യം ഉണ്ടാക്കുന്നതരത്തിൽ പ്രസ്താവനകൾ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ദുവയ്ക്കെതിരെ ചാർത്തിയിരുന്നത്.
എഫ്ഐഐറിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ദുവ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രാജ്യത്ത് 10 വർഷത്തിൽ കൂടുതൽ അനുഭവപരിചയമുള്ള മാധ്യമപ്രവർത്തകർക്കെതിരെ ഹൈക്കോടതി ജഡ്ജിയുടെ പാനൽ അനുമതി നൽകാതെ എഫ്ഐആർ റജിസ്റ്റർ ചെയ്യരുതെന്ന ദുവയുടെ ആവശ്യം പക്ഷേ കോടതി അംഗീകരിച്ചില്ല.
സർക്കാരിനെതിരെ അതിശക്തമായ വാക്കുകൾ ഉപയോഗിച്ച് എതിർപ്പ് അറിയിക്കുന്നത് നടപടികൾ മെച്ചപ്പെടുത്തണമെന്നോ നിയമപരമായി മാറ്റം വരുത്തണോ എന്ന ആവശ്യം മുൻനിർത്തിയാണെന്നും അതു രാജ്യദ്രോഹം അല്ലെന്നുമാണ് 1962ലെ സുപ്രീം കോടതി വിധി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യദ്രോഹക്കുറ്റത്തിൽനിന്ന് കേദാർനാഥ് സിങ് വിധി പ്രകാരം എല്ലാ മാധ്യമപ്രവർത്തകർക്കും സംരക്ഷണം ലഭിക്കുമെന്ന് ജഡ്ജിമാരായ യു.യു. ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.