kerala
20 രൂപയ്ക്ക് ഊണ് നല്‍കി, പണമില്ല; ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 20 രൂപയ്ക്ക് ഊണ് നല്‍കുന്ന ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സബ്സിഡി തുക കിട്ടാതെ പ്രതിസന്ധിയില്‍. ഹോട്ടലുകള്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മാസങ്ങളായി സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് കാരണമെന്നും അഞ്ചുകോടി രൂപ കുടിശികതുക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
തിരുവനന്തപുരം കോര്‍പറേഷനുകീഴില്‍ ആയുര്‍വേദ കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന അനന്തപുരി ജനകീയ ഹോട്ടല്‍. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളില്‍ പെട്ട ജനകീയ ഹോട്ടല്‍ പദ്ധതി രാപ്പകലില്ലാതെ അധ്വാനിച്ച് വിജയിപ്പിച്ചവരാണ് ഇവര്‍. കോവിഡ് ദുരിതത്തിനിടെ ജനത്തിന് ആശ്വാസമായി 20 രൂപയ്ക്ക് ഊണ്. പത്തുരൂപ സര്‍ക്കാര്‍ കുടുംബശ്രീവഴി സബ്സിഡി നല്‍കും. എന്നാല്‍ നാലുമാസമായി സബ്സിഡി തുക കിട്ടിയിട്ട്.
1078 ജനകീയ ഹോട്ടലുകള്‍ സംസ്ഥാനത്തുണ്ട്. സബ്സിഡി നല്‍കാന്‍ പ്രതിദിനം ശരാശരി 15 ലക്ഷം രൂപ വേണ്ടിവരും. കഴിഞ്ഞ വര്‍ഷം പദ്ധതിക്കായി അനുവദിച്ച 24 കോടി രൂപ തീര്‍ന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. അഞ്ചു കോടിരൂപ കുടിശിക കൊടുത്തുതീര്‍ക്കാനുണ്ടെന്ന് കുടുംബശ്രീ അധികൃതര്‍ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീര്‍ന്നയുടന്‍ കുടിശികയുള്‍പ്പടെ 60 കോടി രൂപ വേണമെന്നാവശ്യപ്പെട്ട് കത്തയച്ചു. ധനവകുപ്പ് പാസാക്കിയ 20 കോടി തദ്ദേശസ്വയംഭരണവകുപ്പിലെത്തി. ഇതുടന്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു. ബാക്കിതുക നാളെത്തെ ബജറ്റില്‍ അനുവദിക്കണം.
നാളെ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാലിനോട് ഒരുവാക്ക്.. ജനങ്ങള്‍ക്ക് കൈത്താങ്ങായ ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ തടസമില്ലാതെ പണം നല്‍കുമെന്നും ഉറപ്പാക്കണം.