Headlines
Loading...
‘കൊവിഡ് കാലമായതിനാല്‍ സ്റ്റാഫ് കുറവാണ്’; പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന ചോദ്യം വീഴ്ച്ചയെന്ന് സ്പീക്കര്‍

‘കൊവിഡ് കാലമായതിനാല്‍ സ്റ്റാഫ് കുറവാണ്’; പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന ചോദ്യം വീഴ്ച്ചയെന്ന് സ്പീക്കര്‍

പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യം അനുവദിക്കുന്നതില്‍ മനപൂര്‍വ്വമല്ലാത്ത വീഴ്ച്ച നിയമസഭാ സെക്രട്ടറിയേറ്റ് നടത്തിയതായി സ്പീക്കറുടെ റൂളിംഗ്. ചോദ്യങ്ങള്‍ അനുവദിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ഇത്തരം വീഴ്ച്ചകള്‍ ആവര്‍ത്തിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന അറിയിപ്പ് ബന്ധപ്പെട്ട വിഭാഗത്തിന് നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കൊവിഡ്-19 കാലമായതിനാല്‍ മിതമായ സ്റ്റാഫ് മാത്രമായതാണ് ഇത്തരം പിശകിന് കാരണമായതെന്നും സഭാ ചട്ടത്തിനുള്ളില്‍ നിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ അംഗങ്ങള്‍ ശ്രമിക്കണമെന്നും സ്പീക്കര്‍ അറിയിച്ചു.

സ്പീക്കറുടെ റൂളിംഗ്

2021 ജൂണ്‍ മാസം 7ാം തീയതി സഭ മുമ്പാകെ വന്ന നക്ഷത്രച്ചിഹ്നമിട്ട 3ാം നമ്പര്‍ ചോദ്യത്തിനുള്ള നോട്ടീസിന് അനുമതി നല്കിയ വേളയില്‍ വേണ്ടത്ര അവധാനത പുലര്‍ത്തിയില്ലെന്നും ചോദ്യത്തിലെ ഉള്ളടക്കം നിയമസഭാ നടപടി ചട്ടങ്ങളിലെ ചട്ടം 36(2) (എ), (സി), (ഡി) എന്നിവയുടെ ലംഘനമാണെന്നും അതുകൊണ്ട് പ്രസ്തുത ചോദ്യം അന്നേദിവസത്തെ ചോദ്യങ്ങളുടെ ലിസ്റ്റില്‍നിന്നും ഒഴിവാക്കണമെന്നും കാണിച്ച് ബഹുമാനപ്പെട്ട അംഗം ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) കത്തു നല്കിയിരുന്നു. ഇക്കാര്യം ഒരു ക്രമപ്രശ്‌നമായി ഉന്നയിക്കുവാന്‍ അനുമതി തേടിക്കൊണ്ട് ബഹുമാനപ്പെട്ട അംഗം ശ്രീ. പി.ടി. തോമസും ചെയറിന് കത്തു നല്കിയിരുന്നു. ചോദ്യോത്തരവേള ആരംഭിക്കുന്നതിനു മുമ്പായി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ഇതേ വിഷയം ഉന്നയിക്കുകയുണ്ടായി. ഈ വിഷയം സംബന്ധിച്ച് സഭയില്‍ ഉയര്‍ന്നുവന്ന പൊതുവായ വികാരം വിലയിരുത്തിക്കൊണ്ട് അക്കാര്യം പ്രത്യേകമായി പരിശോധിക്കാമെന്ന് ചെയര്‍ സഭയെ അറിയിക്കുകയും ചെയ്തിരുന്നു.

നമുക്കൊക്കെ അറിയാവുന്നതുപോലെ നിയമസഭാ നടപടി ചട്ടങ്ങളിലെ ചട്ടം

36 (2) (എ) മുതല്‍ (യു) വരെയുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് ചോദ്യങ്ങള്‍ സംബന്ധിച്ച നോട്ടീസുകള്‍ക്ക് അനുമതി നല്കിയിരുന്നത്. അപ്രകാരം ലഭിക്കുന്ന നോട്ടീസുകളില്‍ പലപ്പോഴും വാദങ്ങളോ, അഭ്യൂഹങ്ങളോ, വ്യാജോക്തികളോ, ആരോപണങ്ങളോ, വിശേഷണങ്ങളോ, അപകീര്‍ത്തിപരമായ സ്റ്റേറ്റ്‌മെന്റുകളോ ഒക്കെ കടന്നുകൂടാറുണ്ട്. അത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കിയാണ് അന്തിമമായി ചോദ്യങ്ങള്‍ക്ക് അനുമതി നല്‍കി വരുന്നത്. പലപ്പോഴും അത്തരം ഒഴിവാക്കലുകള്‍ക്കെതിരെ ചോദ്യകര്‍ത്താക്കള്‍ പരാതിപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

ഇവിടെ പരാമര്‍ശ വിധേയമായ ചോദ്യത്തിനുള്ള നോട്ടീസ് പരിശോധിച്ച് അനുമതി നല്‍കുന്ന കാര്യത്തില്‍ വേണ്ടത്ര അവധാനത പുലര്‍ത്തിയില്ലെന്ന ആക്ഷേപം വിശദമായി പരിശോധിച്ചതില്‍, മനപ്പൂര്‍വ്വമല്ലാത്ത ഒരു വീഴ്ച നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി ചെയര്‍ മനസ്സിലാക്കുന്നു. കോവിഡ് വ്യാപനകാലമായതിനാല്‍ മിതമായ തോതിലുള്ള സ്റ്റാഫ് അംഗങ്ങളുടെ സേവനം മാത്രമാണ് ഈ സമ്മേളനകാലത്ത് നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമായിരുന്നത്. ആയതും ഇത്തരത്തിലുള്ള ഒരു പിശക് സംഭവിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് കാണുന്നു.

ചോദ്യങ്ങള്‍ അഡ്മിറ്റ് ചെയ്യുന്ന കാര്യത്തില്‍ ഇനി മുതല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ഇത്തരത്തിലുള്ള വീഴ്ചകള്‍ ആവര്‍ത്തിക്കുന്നതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നുമുള്ള അറിയിപ്പ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നല്കുന്നതാണ്. ചോദ്യങ്ങള്‍ക്ക് നോട്ടീസ് തയ്യാറാക്കുന്ന ബഹുമാനപ്പെട്ട അംഗങ്ങളും ചട്ടം നിഷ്‌കര്‍ഷിക്കുന്ന വിധത്തില്‍ അവ തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുകൂടി ചെയര്‍ ഓര്‍മ്മിപ്പിക്കുന്നു.