രാഹുലുമായുള്ള കൂടിക്കാഴ്ച: എഐസിസി ജനറല്‍ സെക്രട്ടറിയാകാന്‍ ചെന്നിത്തല മുന്നോട്ടുവച്ചത് ഈ ഉപാധികള്‍
എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നതിന് ഹൈക്കമാന്‍ഡിന് മുന്നില്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചില ഉപാധികള്‍ വെച്ചതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പുനഃസംഘടനാ നടപടികള്‍ പുരോഗമിക്കവെ ഡല്‍ഹിയില്‍ എത്തിയ ചെന്നിത്തല ഹൈക്കമാന്‍ഡ് ഏകപക്ഷീയമായി നടപടികള്‍ കൈക്കൊള്ളുന്നതില്‍ അതൃപ്തി അറിയിച്ചെന്നാണ് വിവരം.
ഏത് സ്ഥാനമായാലും പ്രവര്‍ത്തന കേന്ദ്രം കേരളം തന്നെ വേണമെന്ന ഉപാധിയാണ് പ്രധാനമായും ചെന്നിത്തല മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടൊപ്പം തന്നെ ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുന്നത് ഹൈക്കമാന്‍ഡ് ഒഴിവാക്കണമെന്നും പാര്‍ട്ടി പുനസംഘടനയില്‍ ഐ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള രമേശ് ചെന്നിത്തലയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഇന്നലെ രാത്രിയാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ചെന്നിത്തല ഡല്‍ഹിയിലെത്തുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്ന രമേശ് ചെന്നിത്തലക്ക് ഉചിതമായ മറ്റൊരു പദവി നല്‍കിയേക്കും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്നതുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടന്നുവരികയാണ്.
രമേശ് ചെന്നിത്തല എകെ ആന്റണിയുമായും കെസി വേണുഗോപാലുമായും കൂടികാഴ്ച്ച നടത്തും. കേരളത്തിലെ നേതൃമാറ്റത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് നിന്നുള്ള നേതാവിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുന്നത്.