Headlines
Loading...
‘പ്രഫുല്‍ പട്ടേല്‍ ബയോ വെപ്പണ്‍ തന്നെ’; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കെ സുധാകരന്‍

‘പ്രഫുല്‍ പട്ടേല്‍ ബയോ വെപ്പണ്‍ തന്നെ’; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കെ സുധാകരന്‍

ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോ വെപ്പണ്‍ തന്നെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ എന്ന് നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ബയോ വെപണ്‍ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്യോഹ കുറ്റം ചുമത്തി കേസെടുക്കപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു കെ സുധാകരന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് നിയുക്ത കെപിസിസി അധ്യക്ഷന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തുന്നത്.

അങ്ങേയറ്റം സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന ജനതയാണ് ലക്ഷ ദ്വീപിലേത്. അവരെ പിറന്ന മണ്ണില്‍ അപരവല്‍ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍എസ്എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി കേസെടുത്ത നടപടി എതിര്‍ സ്വരമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്. ഈ നടപടികള്‍ക്കെതിരെയുള്ള പോരാട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ ഇടത് സര്‍ക്കാരിനെയും സുധാകരന്‍ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നില്‍ക്കുക എന്ന നയം നടപ്പിലാക്കുകയാണ് ഇടത് പക്ഷമെന്നാണ് സുധാകരന്റെ വിമര്‍ശനം. ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും യുഎപിഎ ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തില്‍ സംഘപരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമര്‍ശിക്കാന്‍ തയ്യാറാകാത്തതില്‍ അത്ഭുതപ്പെടാനില്ലെന്നും സുധാകരന്‍ ആരോപിക്കുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേല്‍ കോവിഡിനെ ലക്ഷദ്വീപ് നിവാസികള്‍ക്ക് നേരെ ബയോ വെപ്പണ്‍ ആയി ഉപയോഗിക്കുന്നു എന്ന ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശമാണ് ഐഷയ്ക്ക് എതിരായ നടപടിയുടെ അടിസ്ഥാനം. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കവരത്തി പൊലീസാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ ബിജെപിക്കാര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി ഐഷ സുല്‍ത്താനയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയതെന്നായിരുന്നു കേസെടുത്തതിന് പിന്നാലെ ലക്ഷദ്വീപ് സ്വദേശിയും സംവിധായകയുമായ ഐഷ സുല്‍ത്താന നടത്തിയ പ്രതികരണം.

കെ സുധാകന്റെ പോസ്റ്റ് പൂര്‍ണരൂപം-

അങ്ങേയറ്റം സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണില്‍ അപരവല്‍ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി RSS അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ നടപടികള്‍ക്കെതിരെയുള്ള പോരാട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കും. സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി കേസെടുത്ത നടപടി എതിര്‍ സ്വരമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്.

ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും UAPA ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തില്‍ സംഘപരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമര്‍ശിക്കാന്‍ തയ്യാറാകാത്തതില്‍ അത്ഭുതപ്പെടാനില്ല. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നില്‍ക്കുക എന്ന അവരുടെ നയം നടപ്പിലാക്കുകയാണ് ഇടത് പക്ഷം.

സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരന്‍മാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തില്‍ നാടിനാവശ്യം. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോ വെപണ്‍ തന്നെയാണ് പ്രഫുല്‍ പട്ടേല്‍.സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഐഷ സുല്‍ത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാര്‍ഢ്യം.

Summary: Praful Patel is a bio-weapon ';  K Sudhakaran announces support for Aisha Sultana [ www.livetodaymalayalam.in ]