Headlines
Loading...
‘രേഷ്മ ചതിച്ചു, പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല’; ഇത്തിക്കരയാറ്റില്‍ ചാടിയ യുവതികളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

‘രേഷ്മ ചതിച്ചു, പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല’; ഇത്തിക്കരയാറ്റില്‍ ചാടിയ യുവതികളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ഇത്തിക്കരയാറ്റില്‍ ചാടിയ രണ്ട് യുവതികളുടെ മൃതദേഹവും ഇവരെഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തി. കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയും അമ്മയുമായ രേഷ്മയുടെ ബന്ധുക്കളായ യുവതികളാണ് ആറ്റില്‍ ചാടിയത്. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദര ഭാര്യ ആര്യ, ഭര്‍ത്താവിന്റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ലഭിച്ചത്. രേഷ്മ ചതിക്കുകയായിരുന്നു എന്നാണ് ഇവരുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.

ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പില്‍ ഇവര്‍ പറയുന്നത്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആര്യ പറഞ്ഞു.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവരോടും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതികളെ കാണാതായത്. ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് ആര്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. പിന്നീട് ഗ്രീഷ്മയുടെ മൃതദേഹവും ലഭിച്ചു.

രേഷ്മ ഗര്‍ഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെ ഇത്തിക്കര ആറിനു സമീപത്തേക്ക് ഇരുവരും നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. രേഷ്മയുടെ വീടിനു സമീപത്താണ് ഇവരുടെയും വീടുകള്‍. രേഷ്മയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.