Headlines
Loading...
‘ജമ്മു കശ്മീരില്‍ കേന്ദ്രം ഉദ്ദേശിക്കുന്നതെന്ത്’; പ്രധാന മന്ത്രി വിളിച്ച നിര്‍ണായക സര്‍വകക്ഷിയോഗം ഇന്ന്

‘ജമ്മു കശ്മീരില്‍ കേന്ദ്രം ഉദ്ദേശിക്കുന്നതെന്ത്’; പ്രധാന മന്ത്രി വിളിച്ച നിര്‍ണായക സര്‍വകക്ഷിയോഗം ഇന്ന്

ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നിര്‍ണായക രാഷ്ട്രീയ നടപടികള്‍ക്ക് ശേഷം നടക്കുന്ന ആദ്യ രാഷ്ട്രീയ യോഗം എന്ന നിലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്നത്തെ നീക്കം എന്നാണ് വിലയിരുത്തല്‍. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ ശേഷം ഉണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ എന്നിവയ്ക്ക് ശേഷം ചേരുന്ന യോഗത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ 2019 ഓഗസ്റ്റ് 5 ലെ കേന്ദ്ര തീരുമാനത്തിന് ശേഷമുള്ള ആദ്യത്തെ രാഷ്ട്രീയ നീക്കത്തില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുപ്ക്കര്‍ സഖ്യം ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 14 നേതാക്കള്‍ക്കാണ് യോഗത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തെ ഭാവി രാഷ്ട്രീയ നീക്കത്തില്‍ എറെ നിര്‍ണായകമായിരിക്കും നടപടികള്‍.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വിവിധ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നത മുതലാക്കി കേന്ദ്ര തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ആയിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. കേന്ദ്രഭരണപ്രദേശം ആയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും.

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുക എന്നായിരിക്കും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും ഉന്നയിക്കുക. റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള സംസ്ഥാനത്തിന്റെ പ്രത്യേക പദവി തിരിച്ച് കിട്ടണമെന്ന നിലപാടും പാര്‍ട്ടികള്‍ ഉന്നയിക്കും. ഗുപ്ക്കര്‍ സഖ്യത്തിന്റെ പ്രധാന ആവശ്യം ഇതായിരിക്കും. പ്രത്യേക പദവി പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല എന്നും സര്‍വകക്ഷി യോഗത്തില്‍ സിപിഐഎമ്മിനെ പ്രതിനിധീകരിക്കുന്ന യൂസഫ് തരിഗാമിയും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍വകക്ഷിയോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും തരിഗാമി പ്രതികരിച്ചു. നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുന്നതിനായി പാര്‍ട്ടി നേതാക്കള്‍ ഡെല്‍ഹിയില്‍ എത്തി.

ജമ്മു കശ്മീരിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതിനാണ് സര്‍വ്വകക്ഷിയോഗം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.