national
ഡൽഹി വിമാനത്താവളത്തിൽ 126 കോടി രൂപയുടെ ഹെറോയിൻ പിടികൂടി; രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 126 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാരെ കസ്റ്റഡിയിലെടുത്തതായും കസ്റ്റംസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ശനിയാഴ്ചയാണ് ഇവർ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ജോഹന്നാസ്ബർഗിൽ നിന്നും ദോഹ വഴിയാണ് ഇവർ ഡൽഹിയിലെത്തിയത്. ഒരാളുടെ കൈയ്യിൽ എട്ട് കിലോയും മറ്റൊരാളുടെ കൈയ്യിൽ 10 കിലോ ഹെറോയിനുമായിരുന്നു ഉണ്ടായിരുന്നത്. ട്രോളി ബാഗിനുളളിലായിരുന്നു ഇവർ ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. പരിശോധനയ്ക്കിടെ വെളള നിറത്തിലുളള പൊടി കണ്ടതോടെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
ഇരുവരെയും കസ്റ്റഡിയിലെടുത്ത് കളളക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് വ്യക്തമാക്കി. ഡൽഹി ഉൾപ്പെടെയുളള വിമാനത്താവളങ്ങളിലൂടെ രാജ്യത്തിനകത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്. പിടിയിലായ രണ്ട് പേരെയും ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
126 crore worth of heroin seized at Delhi airport; Two South African nationals arrested