Headlines
Loading...
അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല; സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ചു

അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല; സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ചു

പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധമറിയിച്ച് സ്ഥാനമൊഴിഞ്ഞ രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയാണ് ചെന്നിത്തല പ്രതിഷേധമറിയിച്ചത്. പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിക്കുന്ന ഹൈക്കമാന്റ് തീരുമാനം തന്നെ അറിയിച്ചില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു. ഇത് മാനസിക വിഷമുണ്ടാക്കി. ഇതില്‍ തനിക്ക് പ്രതിഷേധമുണ്ട്. അപമാനിതനായെന്ന തോന്നലുണ്ടാക്കിയെന്നും ചെന്നിത്തല സോണിയ ഗാന്ധിക്കയച്ച കത്തില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല പറയുന്നു.

എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും തന്നെ മാറ്റിയ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നെന്നായിരുന്നു ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിഡി സതീശന് പൂര്‍ണ പിന്തുണ നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷ ഒരു തീരുമാനമെടുത്താല്‍ അത് എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി വെക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തീരുമാനിച്ചതിനു പിന്നാലെ ഹൈക്കമാന്റിന്റെ അഴിച്ചുപണിയില്‍ രമേശ് ചെന്നിത്തലയ്ക്ക്ുള്ള അതൃപ്തി പരസ്യമായിരുന്നു.

മുല്ലപ്പള്ളിയുടെ രാജിസന്നദ്ധത സ്ഥിരീകരിച്ചു കൊണ്ട് ഇട്ട ഫേസ്ബുക്ക് കുറിപ്പിലായിരുന്നു രമേശ് ചെന്നിത്തലയുടെ പരോക്ഷ വിമര്‍ശനങ്ങള്‍. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് മുല്ലപ്പള്ളിയെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിശ്വാസങ്ങളെല്ലാം അസ്ഥാനത്താണെന്നും രമേശ് ചെന്നിത്തല പറയുന്നു. വ്യക്തി, നേതാവ് എന്നീ നിലകളില്‍ മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരളത്തിന് സാധിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും നേടി വിജയിച്ചപ്പോള്‍ മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചില്ലെന്നും സമാനമായി നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാള്‍ കൂടുതല്‍ എനിക്കും ഉമ്മന്‍ചാണ്ടിക്കും മറ്റുനേതാക്കള്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം സ്വയം വിമര്‍ശനത്മകമായി പറഞ്ഞു.

ഒപ്പം തങ്ങള്‍ക്ക് നേരെയുണ്ടായ സിപിഐഎം സൈബര്‍ ആക്രമങ്ങളേയും രമേശ് ചെന്നിത്തല പ്രതികരിച്ചു. തനിക്കും മുല്ലപ്പള്ളിക്കും സി.പി.എമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനും അവഹേളിക്കാനും സി.പി.എമ്മിന്റെ സൈബര്‍ സംവിധാനം എല്ലാ ഘട്ടത്തിലും പ്രവര്‍ത്തിച്ചു. അപ്പോഴും വേണ്ട വിധത്തിലുള്ള പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.