Headlines
Loading...
ഓടുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് എറിഞ്ഞ് ക്രൂരത; മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഓടുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് എറിഞ്ഞ് ക്രൂരത; മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോഴിക്കോട്: മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞാണ് കണ്ണിൽ ചോരയില്ലാത്ത ചില മനുഷ്യർ പെരുമാറിയത്. പരിക്കേറ്റ് പിടഞ്ഞ പൂച്ച കുഞ്ഞുങ്ങളെ ആർ ആർ ടി വളണ്ടിയർ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സംഭവം നടന്നത്. ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സിൽവർ നിറത്തിലുള്ള കാറിൽ പോയിരുന്നവർ ആണ് ഇങ്ങനെ ചെയ്തത്. പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞതിനു പിന്നാലെ കാർ ഓടിച്ചു പോകുകയും ചെയ്തു.

സംഭവം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവർ ജീവനു വേണ്ടി പിടഞ്ഞ പൂച്ചകളെ റോഡിന്റെ അരികിലേക്ക് മാറ്റി വെള്ളം നൽകി. തുടർന്ന് പതിമൂന്നാം വാർഡ് ആർ ആർ ടി വളണ്ടിയർ പി ഷനോജ് ലാലിനെ വിവരം അറിയിച്ചു. അദ്ദേഹം എത്തി പിടയുന്ന പൂച്ചകളെ കൊട്ടയിലാക്കി ഉടൻ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചു. എന്നാൽ, രണ്ടു പൂച്ചക്കുഞ്ഞുങ്ങൾക്കും ജീവനില്ലെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു.