
national
രാജ്യത്ത് കൊവിഡ് മൂന്നാംതരംഗത്തിന് സാദ്ധ്യത, കേരളത്തിൽ അതീതീവ്രവ്യാപനമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.. മൂന്നാം തരംഗം എപ്പോഴുണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്നും തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ്അ കെ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച വൈറസുകളിൽ നിലവിലെ വാക്സിനുകൾ ഫലപ്രദമാണെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളത്തിൽ കൊവിഡിന്റെ അതിതീവ്രവ്യാപനമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വൈറസ് വ്യാപനം രൂക്ഷമാണ്. പാലക്കാട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ രോഗവ്യാപനം ആശങ്കാജനകമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. 12 സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം രോഗികളുണ്ടെന്നും കേന്ദ്രം അറിയിച്ചു.
നിലവിലെ കൊവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്സിനുകള്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.