സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സൌകര്യങ്ങളിൽ അപര്യാപ്തതയേറി തുടങ്ങി. കഴിഞ്ഞ ദിവസം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് രോഗിയെ ബൈക്കിൽ കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു. നാട്ടിൽ ആംബുലൻസ് ക്ഷാമം രൂക്ഷമായതോടെ, സ്വന്തം ഓട്ടോറിക്ഷ തന്നെ ആംബുലൻസാക്കി മാറ്റിയിരിക്കുകയാണ് കൊല്ലം പരവൂരിലെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. പരവൂർ സ്വദേശിയായ വിജയ് ആണ് സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റിയത്.
പരവൂർ മുൻസിപാലിറ്റിയിലെ ഒന്നാം ഡിവിഷനിലെ കൌൺസിലറും യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം പ്രസിഡന്‍റുമാണ് വിജയ്. പരവൂർ നഗരസഭാ പരിധിയിൽ കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യമുണ്ട്.
ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ പോയാൽ, ഗുരുതര രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നും വൈകാതെ ആംബുലൻസ് ക്ഷാമം രൂക്ഷമാകുമെന്നുമാണ് വിജയ് കരുതുന്നത്. ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ടാണ് വിജയ് തന്‍റെ ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റിയത്.
ഏതായാലും വിജയ് എന്ന യൂത്ത് കോൺഗ്രസ് നേതാവും അദ്ദേഹത്തിന്‍റെ ഓട്ടോറിക്ഷയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് കമന്‍റുകളും പിന്തുണയും അറിയിക്കുന്നത്.
ഡി വൈ എഫ് ഐ പ്രവർത്തകരായ രേഖയുടെയും അശ്വിന്റെയും സമയോചിതമായ ഇടപെടലാണ് പുറക്കാട് സ്വദേശി സാബുവിന്റെ ജീവൻ നിലനിർത്തിയത്.
ആലപ്പുഴ പുന്നപ്രയിലെ കോവിഡ് നിരീക്ഷണകേന്ദ്രമായ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ദൃശ്യങ്ങളാണിവ. കോവിഡ് ബാധിതനായ പുറക്കാട് സ്വദേശി സാബു എന്ന മുപ്പത്തിയാറുകാരനാണ് രാവിലെ ശ്വാസതടസവും നെഞ്ച് വേദനയും അനുഭവപ്പെട്ടത്.
ആംബുലൻസിനായി ബന്ധപ്പെട്ടെങ്കിലും പത്ത് മിനിറ്റിലേറെ വൈകുമെന്നതിനാൽ കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകരായ ഡി വൈ എഫ് ഐ പ്രവർത്തകർ രേഖയും അശ്വിനും സാബുവിനെ ആശുപത്രിയിലെത്തിക്കാനായി തയ്യാറാകുകയായിരുന്നു. പി പി ഐ കിറ്റണിഞ്ഞ് ബൈക്കിൽ സാബുവിനെ നടുക്കിരുത്തി തൊട്ടടുത്ത കോമ്പൗണ്ടിലെ പുന്നപ്ര സാഗരാ സഹകരണ മെഡിക്കൽ കോളേജിലെത്തിച്ചു.