
തുണി ഉണക്കാൻ ഇടുന്നതിനിടെ വീട്ടമ്മ കണ്ടു, വീടിനു മുകളിൽ പുലി
കാഞ്ഞങ്ങാട് ∙ പുലിയെ കാണുന്ന നാട്ടുകാരുടെ എണ്ണം കൂടുന്നു. കൂടുതൽ സ്ഥലങ്ങളിൽ കാണുന്നതിനാൽ പുലി തന്നെ ആകാമെന്ന് വനം വകുപ്പ്. എന്നാൽ കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ ഇക്കാര്യത്തില്‍ ഉറപ്പു പറയാൻ കഴിയൂ എന്നും വനം വകുപ്പ് പറയുന്നു. ഇന്നലെ രാവിലെ മാവുങ്കാൽ മേലടുക്കത്താണ് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടത്. എന്നാൽ കാൽപാട് വ്യക്തമല്ലെന്നു വനം വകുപ്പ് പറയുന്നു. കല്യാൺ മുത്തപ്പൻ തറയിലാണ് ആദ്യമായി പുലിയെ കണ്ടത്.
മുത്തപ്പൻ തറയ്ക്കു സമീപത്തെ കെ.വി.ശ്യാമളയാണ് ആദ്യം പുലിയെ കണ്ടതായി പറയുന്നത്. ഇവർ തുണി ഉണക്കാൻ ഇടുന്നതിനിടയില്‍ വീടിന് മുകളിൽ പുലിയെ കാണുകയായിരുന്നു. ഇവിടെ തന്നെ പിറ്റേന്ന് രണ്ടു യുവാക്കളും പുലിയെ കണ്ടു. നായയുടെ കുര കേട്ട് നോക്കിയ യുവാക്കളാണ് പുലിയെ കണ്ടത്. കാട്ടു പൂച്ചയെ അല്ല, പുലിയെ തന്നെയാണെന്ന് കണ്ടതെന്ന് ഇവർ തറപ്പിച്ചു പറഞ്ഞിരുന്നു. ഇതോടെ പ്രദേശത്ത് വനം വകുപ്പ് 2 ക്യാമറകള്‍ സ്ഥാപിച്ചു. എന്നാൽ ക്യാമറയിൽ പുലി കുടുങ്ങിയില്ല. പിന്നീട് പുല്ലൂർ-പെരിയ പഞ്ചായത്തിലെ മീങ്ങോത്തും പുലിയെ കണ്ടതായി വിവരം ലഭിച്ചു.
രാത്രിയോടെ കൊടവലം പൂത്തക്കാലും പുലിയെ കണ്ടു. രാത്രി 9.30 നു രാധയെന്ന വീട്ടമ്മയാണ് ഇവിടെ പുലിയെ കണ്ടത്. വിവരം അറിഞ്ഞ് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി. ഇതിനിടെ പേരൂർ സദ്ഗുരു സ്കൂളിന് സമീപത്ത് പുലിയെ കാൽപാടുകൾ കണ്ടതായി വനം വകുപ്പിന് വിവരം ലഭിച്ചു. ഇതിന് ശേഷം ഇന്നലെ രാവിലെ മേലടുക്കത്താണ് പുലിയുടെ കാല്‍പാട് കണ്ടത്. പുലിയാണെന്ന് തെളിഞ്ഞാല്‍ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.അഷ്റഫ് പറഞ്ഞു.