kerala
നീണ്ട ക്യൂ, രണ്ടുപേര്‍ കുഴഞ്ഞുവീണു; തിരുവനന്തപുരത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ തിക്കുംതിരക്കും
തിരുവനന്തപുരം: മെഗാ വാക്സിനേഷൻ ക്യാമ്പ് പ്രവർത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൻതിരക്ക്. വാക്സിൻ എടുക്കാൻ എത്തിയവരുടെ സാമൂഹിക അകലം പാലിക്കാതെയുള്ള നീണ്ട വരി ക്യാമ്പിനു മുന്നിൽ കാണാനായി. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടും തിരക്കിന് ഒട്ടുംകുറവില്ല. അതിനിടെ വരിനിന്ന രണ്ടുപേർ കുഴഞ്ഞുവീഴുകയും ചെയ്തു.
രാവിലെ ഏഴുമണി മുതൽ ഇവിടേക്ക് ആളുകൾ എത്തിയിരുന്നു. വാക്സിനേഷൻ കേന്ദ്രത്തിനുള്ളിലേക്ക് കയറാൻ തിക്കും തിരക്കും ഉണ്ടാക്കുകയും ചെയ്തു. ഓൺലൈൻ രജിസ്ട്രേഷനിൽ വിവിധ ടൈം സ്ലോട്ടുകൾ ലഭിച്ചവർ ഒരുമിച്ച് എത്തിയതാണ് വലിയ തിരക്കിന് കാരണമായത്. പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
ക്യാമ്പിൽ ഇന്ന് രണ്ടായിരം പേർക്ക് വാക്സിൻ നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും എത്തുകയായിരുന്നു. പത്തുമണിക്കാണ് കേന്ദ്രത്തിൽ വാക്സിനേഷൻ ആരംഭിക്കുന്നത്. എന്നാൽ അതിനും മുൻപേ നിരവധിപ്പേർ കേന്ദ്രത്തിൽ എത്തിയിരുന്നു. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കൺ നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ അതും വിജയിച്ചില്ല. വാക്സിൻ എടുക്കാൻ എത്തിയവരും പോലീസും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു.