Headlines
Loading...
സിപിഎം-ബിജെപി ഡീല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും - ഉമ്മന്‍ചാണ്ടി

സിപിഎം-ബിജെപി ഡീല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും - ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന ആർഎസ് എസ് ദേശീയ സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ കേട്ട് ജനാധിപത്യ മതേതര കേരളം വിറങ്ങലിച്ചുപോയെന്ന് ഉമ്മൻ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അറിവോടെ മത്സരിക്കാനെത്തിയ ആർഎസ് എസ് നേതാവിനെ വെട്ടിമാറ്റിയത് ഡീലിന്റെ ഭാഗമായാണ് എന്നത് എത്രമാത്രം സുദൃഢമാണ് ഈ ബന്ധമെന്ന് വ്യക്തമാക്കുന്നുവെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.

സിപിഎമ്മിന് തുടർ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നതാണ് ഡീൽ. എന്നാൽ ഇരുവരുടെയും ദീർഘകാല ലക്ഷ്യം കോൺഗ്രസ് മുക്ത കേരളമാണ്. ജനാധിപത്യ മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ അജണ്ട.ബിജെപി- സിപിഎം അജണ്ട നേരത്തെ ഭാഗികമായി പുറത്തുവന്നിരുന്നു. കേരളത്തിൽ കോൺഗ്രസാണു തോൽക്കേണ്ടതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ വെളിപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസാണ് കേരളത്തിലെ മുഖ്യശത്രു എന്നാണ് അദ്ദേഹം പറഞ്ഞത്.

സിപിഎം പ്രവർത്തകർ സംഘപരിവാറുമായി ചേർന്ന് മുസ്ലീം ക്രൈസ്തവ ഭീകരതകളെ നേരിടണം എന്നാണ് ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് കേസരി വാരികയിൽ എഴുതിയത്. സിപിഎമ്മിനും സംഘപരിവാർ സംഘടനകൾക്കും കൈകോർത്ത് പ്രവർത്തിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ഭൂതകാലത്തിന്റെ തടവറ ഭേദിച്ചുകൊണ്ട് ഇരുകൂട്ടരും അതിന് മുൻകൈ എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സിപിഎം- ബിജെപി ബന്ധത്തിന്റെ പല ഏടുകളും ചരിത്രത്തിൽ സ്ഥാനം പിടിച്ചതാണ്. കൂടുതൽ ബന്ധങ്ങൾ ഇനിയും മറനീക്കി പുറത്തുവരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.