ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രീയം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വ്യാപാരികള്‍
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രിയമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തില്‍ അപാകതയുണ്ടെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നുമാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. രണ്ട് പ്രളയങ്ങളും, കൊവിഡും പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ക്കായി അതിജീവനത്തിനായി പാക്കേജ് പ്രഖ്യാപിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗബാധിതരെയും അവരുമായി സമ്പര്‍ക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യേണ്ടത്. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ടാക്‌സ് ഇളവും, കട വാടക നികുതി ഒഴിവാക്കുകയും, കെഎസ്ഇബി കുടിശ്ശിക ഇളവ് ചെയ്യുകയും, ലോണുകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കാനായി ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിക്കുകയും, സ്റ്റോക്ക് നശിക്കുന്നതടക്കമുള്ള നഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്കുകയും, ജിഎസ്ടി തിരികെ നല്‍കുന്നതുള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ കൊവിഡ് അതിജീവന പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കിലും ഓഗസ്റ്റ് ഒമ്പതാം തിയതി മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് മുന്നോടിയായി ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.
വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് വ്യാപാരികള്‍ പെട്ടെന്ന് കടകള്‍ തുറക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി വാക്കുപാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പ്രതിഷേധം കടുപ്പിച്ചുകൊണ്ടു മുന്നോട്ടുപോകുവാന്‍ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.