ഒറ്റത്താമര കരിയ്ക്കാനുള്ള നേമം ചലഞ്ച് ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി; ഹൈക്കമാന്‍ഡിനെ അറിയിച്ചു
കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപി നിയമസഭാ എന്‍ട്രി നടത്തിയ നേമത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കും. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിങ്ങ് സീറ്റായ പുതുപ്പള്ളിയിലും നേമത്തുമായി ഉമ്മന്‍ ചാണ്ടി രണ്ട് സീറ്റില്‍ മത്സരിക്കുമോ അതോ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേമത്ത് സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “ഇപ്പോ എങ്ങനെ ഈ വാര്‍ത്ത വന്നു എന്നറിയില്ല” എന്ന മറുപടി പറഞ്ഞ് ഉമ്മന്‍ ചാണ്ടി വാഹനത്തില്‍ കയറി.
ഞാന്‍ 50 കൊല്ലമായി മത്സരിക്കുന്നതെല്ലാം പുതുപ്പള്ളിയിലാണ്. പിന്നെ എങ്ങനെ ഇപ്പോള്‍ ഈ വാര്‍ത്ത വന്നൂ എന്ന് അറിയില്ല. അങ്ങനെയൊരു ചോദ്യം തന്നെ ഉണ്ടോയെന്ന് അറിയില്ല. ഞാന്‍ സന്നദ്ധത അറിയിച്ചെന്ന് ആരു പറഞ്ഞു? സൂചന ആര് തന്നു? ഹൈക്കമാന്‍ഡിനെ കണ്ടിട്ടില്ല. ഞങ്ങളുടെ കമ്മിറ്റിയില്‍ അല്ലാതെ എവിടേയും പോയിട്ടില്ല. നിങ്ങളൊരു വാര്‍ത്തയുണ്ടാക്കിയിട്ട് ഞാന്‍ അതിന് സമാധാനം പറയുകയാണ്.
ഉമ്മന്‍ ചാണ്ടി
നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി തന്നെ വരുമെന്നും ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
രമേശ് ചെന്നിത്തല പറഞ്ഞത്
“നേമത്തേക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തിലെ 140 മണ്ഡലങ്ങളും ഞങ്ങള്‍ക്ക് പ്രസ്റ്റീജ് മണ്ഡലങ്ങളാണ്. ബിജെപിയുടെ ഒരു സിറ്റിങ്ങ് എംഎല്‍എ ഉണ്ടെന്നതാണ് നേമത്തിന്റെ പ്രത്യേകത. തീര്‍ച്ചയായും അവിടെ യുഡിഎഫ് ജയിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. 140 മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാര്‍ഥികളായിരിക്കും. പ്രത്യേകിച്ച് നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളായിരിക്കും ആവിഷ്‌കരിക്കുക.
ഞാന്‍ 140 ഇടത്തേയും പ്രതിപക്ഷ നേതാവായല്ലേ മത്സരിക്കുന്നത്. ഏറ്റവും മനോഹരമായ ജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന പട്ടികയാണ് തയ്യാറായിരിക്കുന്നത്. എല്ലാം നാളെ അറിയാം. നമുക്ക് നോക്കാം സസ്‌പെന്‍സ് ആയിരിക്കട്ടേ.”