സിനിമാ നിർമാതാവ് കെ.ടി.കുഞ്ഞുമോൻ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചു. ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ കെ. എം. ചെറിയാൻ, ഡോക്ടർ സഞ്ജയ് ചെറിയാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം വാക്സിൻ കുത്തി വെയ്പ്പ് നടത്തിയത്. വാക്സിൻ കണ്ടു പിടിക്കുന്നതിനായി പ്രയത്നിച്ച ശാസ്ത്രജ്ഞർമാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് കെ.ടി കുഞ്ഞുമോൻ പ്രതികരിച്ചു.
'ലോകത്തെമ്പാടും ലക്ഷക്കണക്കിന് പേരുടെ ജീവൻ കവർന്നു കൊണ്ട് ഭീതി പരത്തി കാട്ടു തീ പോലെ പടർന്ന കൊറോണ നമ്മുടെ രാഷ്ട്രത്തെയും വിറപ്പിച്ചു. എന്നാൽ ഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് വലിയ ജീവഹാനികൾ ഉണ്ടായില്ല. ഈ മഹാമാരിയെ പ്രതിരോധിക്കുവാൻ രാഷ്ട്രം കൈകൊണ്ട മുൻകരുതലുകളാണ് അതിന് കാരണം. നമ്മുടെ ബഹുമാനപ്പെട്ട പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോഡി ഏറ്റവും വേഗതയിൽ ഇതിനെ പ്രതിരോധിക്കുവാനുള്ള വാക്സിൻ കണ്ടു പിടിക്കാനുള്ള പ്രോത്സാഹനവും പിന്തുണയും സഹായവും നൽകി എന്നതാണ്. വാക്സിൻ കണ്ടു പിടിച്ചു ഇന്ത്യ അത് വിജയിപ്പിച്ച് കൊണ്ട് ലോകരാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയായി. ഇക്കാര്യം ലോക ആരോഗ്യ സംഘടന തന്നെ അംഗീകരിക്കയും ചെയ്തു. മാത്രവുമല്ല അവികസിത രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിൻ നൽകി കൊണ്ടിരിക്കുന്നു. അതും മറ്റു ലോക രാഷ്ട്രങ്ങൾക്ക് മാതൃകയാണ്. വാക്സിൻ കണ്ടു പിടിക്കാനുള്ള പ്രോത്സാഹനം നൽകിയ പ്രധാനമന്ത്രിക്കും, വാക്സിൻ കണ്ടു പിടിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ച ശാസ്ത്രജ്ഞർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. എല്ലാവരും കോവിഡ് പ്രതിരോധ വാക്സിൻ കുത്തി വെയ്പ്പ് നടത്തി രാജ്യത്തിനൊപ്പം നിന്ന് ഈ മഹാമാരിയെ ചെറുക്കണം എന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു- കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.