സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം: കുറ്റ്യാടിയില്‍ ഇന്നും സിപിഎം പ്രവര്‍ത്തകരുടെ കൂറ്റന്‍ പ്രകടനം
കുറ്റ്യാടി: സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കുറ്റിയടിയിൽ ഇന്നും സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. കുറ്റ്യാടി ടൗണിൽ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധ പ്രകടനം നടത്തുന്നത്.
കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചാണ് സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഭാരവാഹിത്വമുള്ള നേതാക്കളൊന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ല. സിപിഎം അനുഭാവികളുടെ പ്രതിഷേധം എന്ന നിലയിലാണ് കുറ്റ്യാടിയിൽ പ്രകടനം നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെയും അനുഭാവികളുടെയും പ്രതിഷേധം നടന്നിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കേരള കോൺഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാർട്ടി പ്രവർത്തകർക്ക് അറിയുകപോലുമില്ലെന്ന് പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പ്രവർത്തകർ രംഗത്തിറങ്ങിയത്. പാർട്ടി നേതൃത്വം നിലപാട് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടുതൽ പേർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നുമാണ് പ്രവർത്തകരുടെ നിലപാട്.