ന്യൂഡൽഹി : ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളിൽ പൊതുഗതാഗതത്തിനായി കരാറുകൾ ഉറപ്പിക്കാൻ പ്രമുഖ സ്വീഡിഷ് വാഹനനിർമാണ കമ്പനി സ്കാനിയ ഇന്ത്യയിൽ ചിലർക്ക് കൈക്കൂലി നൽകിയെന്ന് ആരോപണം. കമ്പനിയുടെ ഒരു ആഭ്യന്തര അന്വഷണ റിപ്പോർട്ട് ഉദ്ധരിച്ച് സ്വീഡിഷ് ഔദ്യോഗിക മാധ്യമമായ എസ്.വി.ടി.യാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്.
കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് ഇതേ കമ്പനി ആഡംബര ബസ് നൽകിയെന്നും ആരോപണമുണ്ട്. ആരോപണം അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അവകാശപ്പെട്ടു.
2013-2016 കാലഘട്ടത്തിലാണ് വിവാദങ്ങൾക്ക് അടിസ്ഥാനമായ സംഭവങ്ങൾ. ഇന്ത്യയിലെ പൊതുമേഖലാ ബസ് കമ്പനികളുമായി കരാറുകൾ ഉറപ്പിക്കുന്നതിന് വൻതുക വാഹനനിർമാതാക്കൾ കൈക്കൂലിനൽകിയതായും ഇന്ത്യയിലെ ഒരു കൽക്കരി കമ്പനിക്ക് 100 ട്രക്കുകൾ കൈമാറിയതായി വ്യാജവാഹന രേഖകൾ ഉണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. മകളുടെ വിവാഹാവശ്യത്തിനായി ആഡംബര ബസ് ഗഡ്കരിയുടെ മകനുമായി ബന്ധപ്പെട്ട കമ്പനിക്ക് നൽകിയതായും ഇതിന്റെ വില പൂർണമായി നൽകിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.
നിതിൻ ഗഡ്കരിക്ക് സ്കാനിയ ബസ് വിറ്റിട്ടില്ലെന്ന് സ്കാനിയയുടെ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടറിനോട് പറഞ്ഞു. കൂടുതൽ വിശദീകരണം നൽകാൻ കമ്പനി വക്താവ് തയ്യാറായില്ല. ആരോപണമുയർന്ന പശ്ചാത്തലത്തിൽ സ്കാനിയ വാഹനനിർമാണ കമ്പനി ഇന്ത്യയിൽ ബസ് വിൽപ്പന നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്.
ആരോപണങ്ങൾ നിഷേധിച്ച് മന്ത്രിയുടെ ഓഫീസ്
ആരോപണവുമായി ഗഡ്കരിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വിശദീകരിച്ചു. "ബസ് വാങ്ങിയതുമായി കുടുംബാംഗങ്ങൾക്ക് യാതൊരു ബന്ധവുമില്ല. സ്കാനിയയുടെ ഇന്ത്യയിലെ ഓഫീസിന്റെ വിശദീകരണം വരുന്നതുവരെ കാത്തിരിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം.