Headlines
Loading...
ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപളളിക്ക് മാപ്പില്ല - കെ.സുരേന്ദ്രന്‍

ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപളളിക്ക് മാപ്പില്ല - കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും കടകംപളളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കടകംപള്ളി സുരേന്ദ്രന്റെ മലക്കംമറിച്ചിൽ പരിഹാസ്യമാണ്. ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയംകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഭവവികാസങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ച വാർത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

ചെയ്തതിനെല്ലാം കടകംപള്ളി സുരേന്ദ്രൻ ഓരോന്നോരാന്നായി മാപ്പ് പറയണം. മനീതി സംഘത്തേയും രഹ്ന ഫാത്തിമയേയും പതിനെട്ടാംപടി കയറ്റാൻ നോക്കിയതിന് കടകംപള്ളി പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണം. വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തിക്കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കടകംപള്ളി ദേവസ്വം മന്ത്രി ആയതിന് ശേഷമാണ് ക്ഷേത്രങ്ങൾ തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. ശബരിമല മാത്രമല്ല, ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രവും തകർക്കാനാണ് കടകംപള്ളി സുരേന്ദ്രൻ ശ്രമിച്ചത്. ക്ഷേത്രങ്ങൾ ഈ നിലയിൽ പരിതാപകരമായ അവസ്ഥയിലായത് കടകംപള്ളി സുരേന്ദ്രന്റെ ദുരൂഹമായ ഇടപെടൽ കൊണ്ടാണ്. അദ്ദേഹത്തിന്റെ കള്ളക്കരച്ചിൽ കേരളത്തിലെ പൊതു സമൂഹം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ കാര്യത്തിലും വിശ്വാസികളുടെ കാര്യത്തിലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎം മലക്കം മറിഞ്ഞിരുന്നു. പക്ഷേ എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം മാറ്റിക്കൊടുക്കാത്തത്. കടകംപള്ളി സുരേന്ദ്രന് ഒരു നിമിഷം കൊണ്ട് വിചാരിച്ചാൽ സാധിക്കുന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ഒരു തരത്തിലും വിശ്വാസി സമൂഹം ചെവിക്കൊള്ളില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.