ബിജെപിക്ക് തിരിച്ചടി; പത്രിക തള്ളിയതില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി, തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും തീരുമാനമായി
തിരുവനന്തപുരം: നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജികളില്‍ തിരിച്ചടി. വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹരജികള്‍ തള്ളി. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായിരുന്നു പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഘട്ടത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. വിജ്ഞാപനം വന്നതിന് ശേഷം ഇടപെടാന്‍ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചു.
ഇതോടെ തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥികളുണ്ടായിരിക്കില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. ബിജെപിക്ക് വലിയ തിരിച്ചടിയാണ് വിധി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം ഹരജിയുമായി കോടതിയെ സമീപിക്കുക മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിജ്ഞാപനത്തിന് ശേഷം കോടതി ഇടപെടുന്നത് ഭരണഘടനയുടെ 329 ബി അനുച്ഛേദത്തിന്റെ ലംഘനമാണ്.
തലശേരി നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിദാസന്റെ പത്രികയായിരുന്നു തള്ളിയത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടാണ് എന്‍ ഹരിദാസ്. പത്രികക്കൊപ്പം നല്‍കാനുള്ള ഫോം( എ) കൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി 22,125 വോട്ട് നേടിയ മണ്ഡലമാണ് തലശ്ശേരി.
ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ സി നിവേദിതയുടെ സ്ഥാനാര്‍ത്ഥി പത്രിക തള്ളിയത് ബി ഫോമില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതുനെത്തുടര്‍ന്നായിരുന്നു. മഹിളാ മോര്‍ച്ച അധ്യക്ഷയായിരുന്നു സി നിവേദിത. കഴിഞ്ഞ തെരഞ്ഞെടുപ്പിലും നിവേദിത തന്നെയായിരുന്നു ബ്ിജെപി സ്ഥാനാര്‍ത്ഥി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും നല്‍കിയിരുന്നെങ്കിലും ആ ഫോമിലും സംസ്ഥാനാധ്യക്ഷന്റെ ഒപ്പില്ല.
ദേവികുളം നിയോജക മണ്ഡലത്തില്‍ എഐഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍എം ധനലക്ഷ്മിയുടെ പത്രികയായിരുന്നു തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളിയിരുന്നു. പത്രിക തള്ളിയതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് എന്‍ഡിഎ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്‍ 6232 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അതിന് മുമ്പ് 4078 വോട്ടുകള്‍ക്കും. അത് കൊണ്ട് തന്നെ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ എന്‍ഡിഎ വോട്ടുകള്‍ ആര്‍ക്കെന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും