25 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ലീഗ്; കുന്ദമംഗലത്ത് UDF സ്വതന്ത്രന്‍, കാല്‍ നൂറ്റാണ്ടിന് ശേഷം വനിത
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അഴിമതിക്കേസിൽ പ്രതിയായ വി.കെ. ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എം.സി. കമറുദീനേയും ഒഴിവാക്കി. കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിനെ ഒഴിവാക്കി മകൻ വി.ഇ അബ്ദുൾഗഫൂറിനെ സ്ഥാനാർഥിയാക്കി
1996-ന് ശേഷം ഇതാദ്യമായി ഒരു വനിതാ സ്ഥാനാർഥി ലീഗ് പട്ടികയിൽ ഇടംപിടിച്ചു. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദ് മത്സരിക്കും. 1996-ൽ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ വനിതാ ലീഗ് മുൻ അധ്യക്ഷ ഖമറുന്നീസ അൻവർ മത്സരിച്ച ശേഷം ലീഗ് ഇതാദ്യമായാണ് വനിതയ്ക്ക് സ്ഥാനാർഥിത്വം നൽകുന്നത്. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ സ്ഥാനാർഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു.
മലപ്പുറം ലോക്സഭ സീറ്റ് ഉപതിരഞ്ഞെടുപ്പിലേക്ക് അബ്ദുസമദ് സമദാനിയായിരിക്കും യുഡിഎഫ് സ്ഥാനാർഥി. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി. അബ്ദുൽ വഹാബ് ആയിരിക്കും സ്ഥാനാർഥി.
മൂന്ന് ടേം എന്ന നിബന്ധന പാലിച്ചാണ് സ്ഥാനാർഥി നിർണയം. ഇതിൽ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്.
മുൻ മന്ത്രി എം.കെ. മുനീർ കോഴിക്കോട് സൗത്തിൽ നിന്ന് മാറി ഇത്തവണ കൊടുവള്ളിയിൽ മത്സരിക്കും. കഴിഞ്ഞ തവണ കൈവിട്ട താനൂർ തിരിച്ചുപിടിക്കാൻ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയാണ് ലീഗ് കളത്തിലിറക്കിയത്. മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണയിൽനിന്ന് മാറി പഴയ തട്ടകമായ മങ്കടയിൽ മത്സരിക്കും. പുനലൂർ, ചടയമംഗലം ഇതിൽ ഏത് സീറ്റാണെന്ന് അറിഞ്ഞ ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. പേരാമ്പ്രയിലെ സ്ഥാനാർഥിയെയും പിന്നീട് തീരുമാനിക്കും.
സ്ഥാനാർഥികൾ
1. മഞ്ചേശ്വരം- എം.കെ.എം. അഷ്റഫ്
2. കാസർകോട്- എൻ.എ. നെല്ലിക്കുന്ന്
3. അഴീക്കോട്- കെ.എം ഷാജി
4. കൂത്തുപറമ്പ്- പൊട്ടൻങ്കണ്ടിഅബ്ദുള്ള
5. കുറ്റ്യാടി- പാറക്കൽ അബ്ദുള്ള
6. കോഴിക്കോട് സൗത്ത്- നൂർബിന റഷീദ്
7. കുന്ദമംഗലം- ദിനേശ് പെരുമണ്ണ
8.കൊടുവള്ളി- എം.കെ. മുനീർ
9. തിരുവമ്പാടി- സി.പി. ചെറിയമുഹമ്മദ്
10. കൊണ്ടോട്ടി- ടി.വി. ഇബ്രാഹിം
11. ഏറനാട്- പി.കെ. ബഷീർ
12. മഞ്ചേരി- യു.എ. ലത്തീഫ്
13. പെരിന്തൽമണ്ണ- നജീബ് കാന്തപുരം
14. മങ്കട- മഞ്ഞളാംകുഴി അലി
15. മലപ്പുറം- പി. ഉബൈദുള്ള
16. വേങ്ങര- പി. കെ. കുഞ്ഞാലിക്കുട്ടി
17. വള്ളിക്കുന്ന്- അബ്ദുൽ ഹമീദ്
18. തിരൂരങ്ങാടി- കെ.പി.എ. മജീദ്
19. താനൂർ- പി. കെ. ഫിറോസ്
20. തിരൂർ- കുറുക്കോളി മൊയ്തീൻ
21. കോട്ടയ്ക്കൽ- ആബിദ് ഹുസൈൻ തങ്ങൾ
22. മണ്ണാർക്കാട്- എൻ. ഷംസുദ്ദീൻ
23. ഗുരുവായൂർ- കെ.എൻ.എ. ഖാദർ
24. കളമശ്ശേരി- വി.ഇ. അബ്ദുൾ ഗഫൂർ
25. കോങ്ങാട്- യു.സി. രാമൻ