
kerala
പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പിനിടെ സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി
തിരുവനന്തപുരം: സിഎജി റിപ്പോർട്ടിനെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസ്സാക്കി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സർക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങൾ കേൾക്കാതെയുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സർക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതാണെന്നും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ തയ്യാറാക്കിയതാണെന്നും പ്രമേയത്തിൽ പറയുന്നു.
അതിനാൽ ഇത് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണൽ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തിൽ പറയുന്നു. സിഎജി റിപ്പോർട്ടിന്റെ 41 മുതൽ 43 വരെയുള്ള പേജിൽ കിഫ്ബി സംബന്ധിച്ച പരാമർശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയിൽ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തിൽ പറയുന്നു.
അതേസമയം, പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രമേയം പിൻവലിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പോലും വിമർശനങ്ങളെ സഭാസമിതിക്ക് വിട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പ്രമേയത്തിൽ നിന്ന് പിൻമാറാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും വി.ഡി സതീശൻ പറഞ്ഞു.
എതിർക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സർക്കാരിനെന്നും ആ നിലപാടിന് ഉദാഹരണമാണ് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരായ പ്രമേയമെന്നും എം.കെ മുനീർ പറഞ്ഞു. എതിർത്ത് സംസാരിക്കുന്നവരെ നിഷ്കാസനം ചെയ്യുക എന്ന നിലപാടാണ് ഈ പ്രമേയത്തിലൂടെ ആവർത്തിക്കപ്പെട്ടത്. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും നിങ്ങൾ ഇല്ലാതെയായതെന്നും പ്രമേയത്തെ എതിർക്കുന്നതായും മുനീർ സഭയിൽ പറഞ്ഞു.