Headlines
Loading...
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്നുഭക്ഷിച്ചു;അഞ്ചുപേര്‍ പിടിയില്‍,പല്ലും തോലും വില്‍പനയ്ക്കായി മാറ്റി

ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്നുഭക്ഷിച്ചു;അഞ്ചുപേര്‍ പിടിയില്‍,പല്ലും തോലും വില്‍പനയ്ക്കായി മാറ്റി

മാങ്കുളം: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ചു പിടിച്ച് കൊന്നു ഭക്ഷിച്ചു. അഞ്ചുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാങ്കുളം മുനിപാറയിലാണ് സംഭവം.

മുനിപാറ സ്വദേശികളായ പി.കെ. വിനോദ്, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സാലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെയാണ് മാങ്കുളം വനം റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ആറുവയസ്സ് പ്രായം വരുന്ന അമ്പതു കിലോയോളം ഭാരമുള്ള പുള്ളിപ്പുലിയെ ആണ് ഇവർ കൊന്നത്.

പുള്ളിപ്പുലിയുടെ നഖവും പല്ലും മറ്റ് ഭാഗങ്ങളും
വനം വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. വിനോദിന്റെ കൃഷിയിടത്തിലായിരുന്നു പുലിക്കു വേണ്ടി കുടുക്ക് വെച്ചിരുന്നത്. കെണിയിൽ വീണ പുള്ളിപ്പുലിയെ കൊന്ന് ഇറച്ചിയാക്കി കറിവെച്ച് പ്രതികൾ ഭക്ഷിച്ചു. ശേഷം പല്ലും നഖവും തോലും വിൽപ്പനയ്ക്ക് മാറ്റുകയും ചെയ്തു. ബാക്കിവന്ന ഇറച്ചി വീതം വെച്ചെടുക്കുകയും ചെയ്തു.

പുലിയുടെ പല്ലും തോലും ഇറച്ചിയുടെ ബാക്കിഭാഗവും വനം വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഒന്നാം പ്രതിയായ വിനോദാണ് എല്ലാറ്റിനും നേതൃത്വം കൊടുത്തതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

അന്വേഷണത്തിൽ വനംവകുപ്പ് ജീവനക്കാരായ അജയ് ഘോഷ്, ദിലീപ് ഖാൻ, അബ്ബാസ്, ജോമോൻ, അഖിൽ, ആൽബിൻ, സാബു കുര്യൻ, അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.