international desk
national
ഇന്ത്യ കോവിഡ് വാക്‌സിന്റെ കയറ്റുമതി ആരംഭിച്ചു; ആദ്യ ലോഡ് ബ്രസീലിലേക്ക്
ന്യൂഡൽഹി: പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ് വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ഇന്ത്യ ആരംഭിച്ചു. ബ്രസീൽ, മൊറോക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ കയറ്റുമതി. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും വാക്സിൻ കയറ്റുമതി ചെയ്യും.
യു.കെ.ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്ട്രസെനക്കയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിനാണ് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിറത്തിന് ഇതിനകം ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.
രാജ്യത്ത് വാക്സിൻ വിതരണം ആരംഭിക്കുന്നത് വരെ വാക്സിൻ കയറ്റുമതി സർക്കാർ നീട്ടിവെച്ചിരുന്നു. രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചതിനെ തുടർന്ന് ഈ ആഴ്ച ആദ്യം അയൽരാജ്യങ്ങളായ ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ സൗജന്യമായി വാക്സിൻ കയറ്റുമതി ചെയ്തിരുന്നു.
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ഉല്പാദനക്ഷമത, മുഴുവൻ മാനവരാശിക്കും വേണ്ടി വിനിയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിൽ വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുളള കയറ്റുമതി വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഈ ദർശനം ഉൾക്കൊണ്ടുകൊണ്ട് വാക്സിൻ ആവശ്യപ്പെട്ടുകൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്നുളള അപേക്ഷകളോട് പോസിറ്റീവായാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.