Headlines
Loading...
സി.ബി.ഐ. റെയ്ഡിനിടെ കസ്റ്റംസ് ജീവനക്കാരൻ അഞ്ചുലക്ഷം രൂപ പുറത്തുകടത്തി

സി.ബി.ഐ. റെയ്ഡിനിടെ കസ്റ്റംസ് ജീവനക്കാരൻ അഞ്ചുലക്ഷം രൂപ പുറത്തുകടത്തി

കരിപ്പൂർ:കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിൽ കഴിഞ്ഞദിവസം നടത്തിയ റെയ്ഡിനിടെ കസ്റ്റംസ് അഞ്ചുലക്ഷം രൂപ പുറത്തുകടത്തിയതായി സി.ബി.ഐയ്ക്ക് വിവരം ലഭിച്ചു. സി.ബി.ഐ. പരിശോധന ആരംഭിക്കുന്നതിനു മുൻപാണ് പണം പുറത്തുകടത്തിയത്.


സി.ബി.ഐ. സംഘമെത്തിയതറിഞ്ഞതോടെ കസ്റ്റംസിലെ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പണം കടത്താനുള്ള സംവിധാനമൊരുക്കിയത്. ആ സമയം കസ്റ്റംസ് ഹാളിലുണ്ടായിരുന്ന കള്ളക്കടത്ത് സംഘാംഗങ്ങളെയാണ് ഇതിനുപയോഗിച്ചത്. 50,000 മുതൽ ഒരുലക്ഷംവരെയുള്ള സംഖ്യകളാക്കി പലരുടെ കൈവശമാണ് പണം പുറത്തെത്തിച്ചത്.

ഇത് മുൻകൂട്ടികണ്ട സി.ബി.ഐ. പരിശോധന പൂർത്തിയാക്കി പുറത്തുകടന്ന യാത്രക്കാരെ തിരിച്ചുവിളിച്ചു പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. ടെർമിനലിൽ ഉപേക്ഷിച്ചനിലയിലും എക്സ്റേ പരിശോധനാ യന്ത്രത്തിന്റെ അരികിൽ ഒളിപ്പിച്ചുവെച്ച രീതിയിലുമാണ് മൂന്നുലക്ഷം രൂപ സി.ബി.ഐ. കണ്ടെടുത്തത്. പുറത്തുകടത്താൻ സാധിക്കാതെവന്നപ്പോഴാണ് ഈ പണം ഒളിച്ചുവെച്ചതെന്ന് കരുതുന്നു.

ഒരുദിവസത്തെ കസ്റ്റംസിലെ മൊത്തം പിരിവാണ് ഈ എട്ടുലക്ഷം രൂപയെന്നാണ് സി.ബി.ഐയുടെ നിഗമനം. ആരോപണവിധേയരായ കസ്റ്റംസ് ഡ്യൂട്ടി ഓഫീസർമാർ ജോലികഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വീതംവെക്കാനായി സൂക്ഷിച്ചതാണ് ഈതുകയെന്ന് കരുതുന്നു. സ്വർണം പിടിക്കുന്ന പുകമറയുള്ളതിനാൽ സി.ബി.ഐ. റെയ്ഡ് ഇവർ പ്രതീക്ഷിച്ചിരുന്നില്ല.


കസ്‌റ്റംസിന്റെ അഴിമതിയെക്കുറിച്ച് സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് സി.ബി.ഐക്ക് ലഭിച്ചിരിക്കുന്നത്. ഇത് ശരിവെക്കുന്നതരത്തിലാണ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ. കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർക്കാനും സി.ബി.ഐ. നീക്കം നടത്തുന്നുണ്ട്.