തിരുവനന്തപുരം കോർപ്പറേഷൻ ആര് പിടിക്കും; തൂക്കു നഗരസഭയ്ക്ക് സാധ്യതയോ?
എൽഡിഎഫോ ബിജെപിയോ; അതോ തൂക്കു നഗരസഭയോ?
നൂറ് സീറ്റുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തവണ എൽഡിഎഫ് അധികാരത്തിൽ വന്നത് ചുരുങ്ങിയ വോട്ടുകളുടെ വ്യത്യാസത്തിലാണ്. ബിജെപിയുടെ ഇത്തവണത്തെ വേരോട്ടം എങ്ങനെയാകുമെന്നും ജനം ഉറ്റുനോക്കുന്നു. പൂജപ്പുരയിൽ നിന്ന് നഗരസഭയിലേക്ക് മത്സരിച്ച ബിജെപിയുടെ വി വി രാജേഷ്, ഭരണം പിടിക്കുമെന്ന തികഞ്ഞ പ്രതീക്ഷയാണ് മുന്നോട്ടുവച്ചത്. എന്നാൽ 2015 നെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസമേ ഉള്ളൂ എന്നും വോട്ടിംഗ് പാറ്റേണിൽ മാറ്റമൊന്നുമില്ലെന്നുമാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം നിയോജക മണ്ഡലങ്ങളിലെ ഭൂരിപക്ഷം വാര്‍ഡുകളും വിജയിക്കുമെന്നും എൽഡിഎഫ് പറയുന്നു. അതിനിടെ തൂക്കു നഗരസഭയുടെ സാധ്യതയും തള്ളിക്കളയാനാകില്ല. എൽഡിഎഫും ബിജെപിയും വോട്ടുകളുടെ എണ്ണത്തിൽ തുല്യതയിൽ വന്നാൽ കോൺഗ്രസ് പിന്തുണയ്ക്കേണ്ടതായി വരും. അങ്ങനെയെങ്കിൽ തിരുവനന്തപുരം, തൂക്കു നഗരസഭയ്ക്ക് വഴിമാറേണ്ടിവരും.
വനിതാ സംവരണം; എൽഡിഎഫിന് ഇവിടെ ജയിച്ചേ മതിയാകൂ
തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ 41 വാർഡുകളിലായിരുന്നു വനിതാ സംവരണം. അതിൽ എൽഡിഎഫ് ശക്തമായി അധികാരം ഉറപ്പിക്കുന്ന വാർഡുകളാണ് കുന്നുകുഴിയും വഞ്ചിയൂരും. നിലവിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ഐ.പി ബിനുവിന്റെ വാർഡായ കുന്നുകുഴിയിൽ, എ.ജി ഒലീനയായിരുന്നു സ്ഥാനാർത്ഥി. എൽഡിഎഫിന്റെ ജയം ഉറപ്പിച്ചാണ് കുന്നുകുഴി വാർഡ് ഒലീനയ്ക്ക് നൽകിയത്. ഇവിടെ ഒലീനയ്ക്ക് ജയിച്ചേ മതിയാകൂ. മറിച്ചായാൽ അത് രാഷ്ട്രീയമായ വിള്ളലുകൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. വഞ്ചിയൂരിൽ നിന്ന് മത്സരിച്ച, എൽഡിഎഫ് സിറ്റിംഗ് കൗൺസിലറുടെ മകൾ ഗായത്രി.എസ്.നായർക്കും വിജയം അനിവാര്യമാണ്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം എൽഡിഎഫിന്റേയും ബിജെപിയുടേയും അഭിമാനപ്രശ്നമാണ്. എൽഡിഎഫ്. ബിജെപി നേതാക്കൾ അവസാന നിമിഷത്തിലും തികഞ്ഞ പ്രതീക്ഷയിലാണ്. പക്ഷേ ഫലമറിയാൻ മണിക്കൂറുകൾ കൂടി കാത്തിരുന്നേ മതിയാകൂ.