Headlines
Loading...
വാർത്തകൾ പ്രഭാതത്തിന് NEWS CLICK

വാർത്തകൾ പ്രഭാതത്തിന് NEWS CLICK

🔳ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് റെയിഡില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വ്യക്തിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ സംബന്ധിച്ച അന്വേഷണത്തില്‍ അതുമായി ബന്ധപ്പെട്ട്  സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എന്താണ് നിജസ്ഥിതി എന്നറിയാതെ സര്‍ക്കാര്‍ എന്ന നിലയില്‍  മുന്‍കൂര്‍ പ്രവചനം നടത്താനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സിയുടെ കൈയ്യില്‍ എന്തെല്ലാമാണ് ഉള്ളതെന്ന് അറിയാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല. റെയിഡിനിടെ നിയമവിരുദ്ധ കാര്യങ്ങള്‍ നടന്നെങ്കില്‍ അത് നേരിടാന്‍ നിയമമുണ്ടെന്നും കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അവര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി.

🔳എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടാന്‍ കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് നടപടി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്നും ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ദേശീയ ഏജന്‍സിയോട് ഒരു നിയമസഭാ കമ്മിറ്റി വിശദീകരണം തേടുന്നത് അപൂര്‍വ നടപടിയാണ്.

🔳സ്പീക്കര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാട്ടുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ ഇഡിയോട് വിശദീകരണം ചോദിക്കാന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചതിന് എതിരെയാണ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം.

🔳ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയിഡ് നടത്തി മടങ്ങവേ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബാലാവകാശ കമ്മീഷനെയും പൊലീസിനെയും ഉപയോഗിച്ച് ദേശീയ അന്വേഷണ ഏജന്‍സികളുടെ ജോലി തടസപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധവും ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനവുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🔳ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. കേസ് എടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയ ബാലാവകാശ കമ്മീഷന്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

🔳ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്കിടെ ബിനീഷിന്റെ മകള്‍ക്ക് വേണ്ടി ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയതിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്‍. കൊള്ളാവുന്ന വല്ലവരെയും ഈ സ്ഥാനത്ത് വച്ചിരുന്നെങ്കില്‍ ഇന്ന് നടത്തിയ പോലുള്ള ഒരു പ്രകടനം അവര്‍ നടത്തുമായിരുന്നോമോയെന്നും സതീശന്‍.

🔳മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍ വയനാട്ടില്‍ ഒരാളെ വെടിവെച്ചുകൊന്നത് അപരിഷ്‌കൃത നടപടിയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം. തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ കാടുകളില്‍ ഏറ്റുമുട്ടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉണ്ടാവുമ്പോള്‍ അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട മജിസ്റ്റീരിയല്‍ അന്വേഷണം ഗൗരവത്തോടെ നടക്കുന്നില്ല. നടന്ന അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും പുറത്തു വരാതിരിക്കുന്നതും ശരിയായ സമീപനമല്ലെന്നും സിപിഐ

🔳തന്റെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എതിരെയുള്ള അന്വേഷണത്തില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎം രവീന്ദ്രന്‍ വളരെ കാലമായി പരിചയമുള്ള ആളാണ്. അദ്ദേഹം ഞങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തിച്ച് വന്ന ആളാണ്. ദീര്‍ഘകാലമായി ഞങ്ങളുമായി പ്രവര്‍ത്തിച്ച ആളാണ്. അന്വേഷണ ഏജന്‍സി വിളിച്ചാലുടനെ കുറ്റം ചാര്‍ത്തേണ്ട കാര്യമില്ല. അതുകൊണ്ട് അയാള്‍ അയാളല്ലാതെ ആകുന്നില്ല. രവീന്ദ്രനില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വിശ്വാസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔳എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു.  ഐടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാന്‍ ഇഡി  വിളിപ്പിച്ചത്.  എം ശിവശങ്കരന്റെ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് നടപടി.

🔳ഏതെങ്കിലും തരത്തില്‍ മാവോയിസ്റ്റായാല്‍ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ മാവോയിറ്റ് സംഘത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി. ആദ്യം വെടി ഉതിര്‍ത്തത് മാവോ വാദികളാണ്. മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ പൊലീസിന് ആള്‍ നാശം ഉണ്ടായില്ല. ആയുധധാരികളായ 5 പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ആത്മരക്ഷാര്‍ത്ഥം ആണ് പൊലീസ് വെടി ഉതിര്‍ത്തതെന്നും മുഖ്യമന്ത്രി.

🔳സംസ്ഥാനത്ത് ഇന്നലെ 61,388 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 26 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1613 ആയി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍. തൃശ്ശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂര്‍ 329, പത്തനംതിട്ട 212, കാസര്‍ഗോഡ് 155, ഇടുക്കി 116, വയനാട് 114.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍ (83), പേട്ട സ്വദേശി എല്‍. രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍ (60),
കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞ് (78), ആലപ്പുഴ അരൂര്‍ സ്വദേശി അഗസ്റ്റിന്‍ (61), കുന്നുത്തറ സ്വദേശി കെ. ഭാസ്‌കരന്‍ (82), വടക്കല്‍ സ്വദേശി കെ.ജെ. അലക്‌സ് കുട്ടി (67), എറണാകുളം സ്വദേശിനി വിജയലക്ഷ്മി (74), തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗോപി (57), പെരുങ്കുളങ്ങര സ്വദേശിനി സലീന (73), പാലക്കാട് കല്‍പ്പാത്തി സ്വദേശിനി പാര്‍വതി അമ്മ (83), മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി (80), മാമ്പാട് സ്വദേശി ഹംസ (60), പൊന്‍മല സ്വദേശി കുഞ്ഞാളന്‍ (85), ചോക്കാട് സ്വദേശിനി പാത്തുമ്മ (75), കരുവാരകുണ്ട് സ്വദേശി അബ്ദുള്‍ അസീസ് (84), മീനങ്ങാടി സ്വദേശി പൗലോസ് (72), കണ്ണൂര്‍ ചാലാട് സ്വദേശി പി.എ. നസീര്‍ (50), തളിപ്പറമ്പ് സ്വദേശി അയ്യന്‍ പെരുമാള്‍ (73) എന്നിവരാണ് മരണമടഞ്ഞത്.

🔳സംസ്ഥാനത്ത് ഇന്നലെ 12 പുതിയ ഹോട്ട് സ്പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 638 ഹോട്ട് സ്പോട്ടുകള്‍.

🔳ജില്ലാ യോഗത്തില്‍ നേതാക്കള്‍ പരസ്പരം പോര്‍വിളിച്ച സംഭവത്തില്‍ സിപിഐയില്‍ അച്ചടക്ക നടപടി. സംസ്ഥാന കൗണ്‍സില്‍ അംഗം പി എസ് സുപാലിന് സസ്‌പെന്‍ഷനും എം രാജേന്ദ്രന് താക്കീതുമാണ് നടപടി. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഏകപക്ഷീയമായ അച്ചടക്ക നടപടിക്കെതിരെ കാനത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. 

🔳നയപരമായ വിഷയങ്ങളില്‍ അടക്കം തിരുത്തല്‍ ശക്തിയായി നിന്ന സിപിഐ ഇപ്പോള്‍ സിപിഎമ്മിന് വിധേയപ്പെടുന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കാനം രാജേന്ദ്രനെതിരെ വിമര്‍ശനം.  പാര്‍ട്ടിയെ കാനം എകെജി സെന്ററില്‍ കൊണ്ടു കെട്ടുന്നുവെന്നാണ് പ്രധാന ആക്ഷേപം.ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ആദ്യ എതിര്‍ത്ത കാനം പിന്നീട് മലക്കംമറിഞ്ഞ് സിപിഎം തീരുമാനത്തിനൊപ്പം നിന്നതിലാണ് വിമര്‍ശനം. 

🔳സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ്ണ സെക്രട്ടറിയേറ്റ് ചേരുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തിലും ബിനീഷ് വിഷയത്തിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രചാരണം ശക്തമാക്കാനാണ് സിപിഎം നീക്കം.

🔳എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്.

🔳കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ആഗസ്റ്റില്‍ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജി നല്‍കിയത്.  മുന്‍ ഉത്തരവില്‍ പിഴവുകള്‍ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളികൊണ്ട് വ്യക്തമാക്കി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യവും കോടതി നിരസിച്ചു. 

🔳കട്ടപ്പന നരിയംപാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ജയിലില്‍ തൂങ്ങിമരിച്ചത്. പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ അഞ്ച് ദിവസം മുമ്പ് മരിച്ചിരുന്നു.

🔳നടന്‍ വിജയുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ വിജയുടെ പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കി. 'അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്നാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയ പേര്. എന്നാല്‍ പാര്‍ട്ടിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വിജയ് വാര്‍ത്താക്കുറിപ്പ് ഇറക്കി.

🔳ആത്മഹത്യാപ്രേരണ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നല്കിയ ഹര്‍ജിയും ജാമ്യ ഹര്‍ജിയും ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ആത്മഹത്യ ചെയ്ത ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കിന്റെ കുടുംബത്തെിന്റെയും വാദം കോടതി ഇന്ന് കേള്‍ക്കും.

🔳കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീഴ്ച പറ്റിയെന്നും എന്നാല്‍ കൃത്യമായ തീരുമാനത്തിലൂടെ ഇന്ത്യയിലെ 130 കോടി ജനങ്ങളെ നരേന്ദ്ര മോദി രക്ഷിച്ചെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ.

🔳കൊവിഡ് രോഗം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ പടക്കം നിരോധിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടി. ദീപാവലി ആഘോഷങ്ങള്‍ മുന്നില്‍ കണ്ടാണ് നിരോധനം. 

🔳തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണി ലക്ഷ്യമിട്ട് നടന്‍ കമല്‍ഹാസന്‍. താരസഖ്യത്തിന് രജനീകാന്തിന്റെ പിന്തുണക്കായി താത്പര്യം പ്രകടിപ്പിച്ചു. രജനീകാന്ത് പാര്‍ടി പ്രഖ്യാപിച്ചില്ലെങ്കില്‍ വ്യക്തിപരമായ പിന്തുണ തേടുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു.  

🔳രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന വിഷയത്തില്‍ സ്റ്റാലിന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് ആവശ്യം. തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് പ്രതിഷേധാര്‍ഹം എന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി നരേന്ദ്രമോദിയേയും അമിത് ഷായെയും കണ്ടിരുന്നു.

🔳മുസഫര്‍നഗറില്‍ നിന്നുള്ള ഒരു ഗുണ്ടാസംഘം നല്‍കിയ ദീപാവലി ഓഫര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒന്ന് ഭീഷണിപ്പെടുത്താന്‍ നല്‍കേണ്ട തുക 1,000 രൂപ. ആരെയെങ്കിലും മര്‍ദ്ദിച്ചവശനാക്കണമെങ്കില്‍  5000 രൂപ. ഇനി അതല്ല, കാര്യമായ പരിക്കുകള്‍ ഏല്‍പ്പിക്കണം എന്നുണ്ടെങ്കില്‍ എല്ലൊടിക്കണം എന്നുണ്ടെങ്കില്‍ 10,000 രൂപ. കൊന്നുകളയണം എന്നുണ്ടെങ്കില്‍ 55000 രൂപ എന്നിങ്ങനെയാണ് സര്‍വീസ് റേറ്റുകള്‍. സംഗതി മാധ്യമങ്ങളില്‍ പ്രചരിക്കുകയും, ഉത്തര്‍പ്രദേശ് പൊലീസും സര്‍ക്കാരും നോക്കുകുത്തികളാണോ എന്ന ചോദ്യം ഉയരുകയും ചെയ്തതോടെ, കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

🔳രാജ്യത്ത് ഇന്നലെ 47,628 കോവിഡ് രോഗികള്‍. മരണം 672. ഇതോടെ ആകെ മരണം 1,25,029 ആയി, ഇതുവരെ 84.11 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.19 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 77.64 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳ഡല്‍ഹിയില്‍ ഇന്നലെ 6,715 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 5,246 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,948 പേര്‍ക്കും കര്‍ണാടകയില്‍ 3,156 പേര്‍ക്കും ആന്ധ്രയില്‍ 2,745 പേര്‍ക്കും  തമിഴ്നാട്ടില്‍ 2,348 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ കോവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിനടുത്ത്്. 5,87,162 പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. 8,626 മരണവും.  അമേരിക്കയില്‍ 1,08,938 പേര്‍ക്കും ഫ്രാന്‍സില്‍ 58,046 പേര്‍ക്കും ഇറ്റലിയില്‍ 34,505 പേര്‍ക്കും ഇംഗ്ലണ്ടില്‍ 24,141 പേര്‍ക്കും സ്പെയിനില്‍ 21,908 പേര്‍ക്കും ജര്‍മനിയില്‍ 21,757 പേര്‍ക്കും പോളണ്ടില്‍ 27,143 രോഗം ബാധിച്ചു. അമേരിക്കയില്‍ 1,070 പേരും ബ്രസീലില്‍ 609 പേരും ഇറ്റലിയില്‍ 428 പേരും ഇന്നലെ മരിച്ചു.  ഇതോടെ ആകെ 4.89 കോടി കോവിഡ് രോഗികളും 12.38 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്നെയെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. അവസാനഘട്ട വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലാണ് ജ്യോതിഷിയുടെ പ്രവചനം അടിസ്ഥാനമാക്കി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നും എന്നാല്‍ ലഗ്‌നത്തില്‍ സിംഹവും പത്താം  ഭാവാധിപനായി സൂര്യനും ഉള്ളതിനാല്‍ ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം.

🔳പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യക്തത തരാതെ അമേരിക്ക. പോസ്റ്റല്‍ വോട്ടുകളുടെ ആധിക്യം കാരണം ഇപ്പോഴും വോട്ടെണ്ണി തീരാത്തതാണ് ഈ അവ്യക്തതക്ക് കാരണം. എങ്കിലും ജോ ബൈഡന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ബൈഡന്‍ ഈയടുത്ത് വിജയം അവകാശപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

🔳ഐപിഎല്ലില്‍ ജസ്പ്രീത് ബുമ്രയുടെ വേഗത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹിയുടെ യുവനിര. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തി. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റെടുത്ത ട്രെന്‍ന്റ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ തകര്‍ത്തെറിഞ്ഞത്.

🔳രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം വായ്പ പലിശയ്ക്ക് ഈടാക്കുന്ന കൂട്ടുപലിശ അര്‍ഹരായ വായ്പക്കാര്‍ക്ക് തിരികെ നല്‍കാന്‍ തുടങ്ങി.  സര്‍ക്കാരിന്റെ വായ്പ മൊറട്ടോറിയം കോമ്പൗണ്ട് പലിശ ഒഴിവാക്കല്‍ പദ്ധതി പ്രകാരം രണ്ട് കോടി രൂപ വരെ വായ്പ എടുത്തിട്ടുള്ള എല്ലാ വ്യക്തിഗത വായ്പക്കാര്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും റീഫണ്ടിനോ ക്യാഷ്ബാക്കിനോ അര്‍ഹതയുണ്ട്. മൊറട്ടോറിയം തിരഞ്ഞെടുക്കാത്ത വായ്പക്കാര്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ റീഫണ്ടിന് അര്‍ഹതയുണ്ട്.

🔳ആഗോള പ്രൊഫഷണല്‍ സേവന സ്ഥാപനമായ അയോണിന്റെ ഏറ്റവും പുതിയ ശമ്പള പ്രവണത സര്‍വേ പുറത്ത്. രാജ്യത്തെ 87 ശതമാനം കമ്പനികളും 2021 ല്‍ ശമ്പള വര്‍ദ്ധനവ് നല്‍കാന്‍ പദ്ധതിയിടുന്നുവെന്നാണ് അയോണ്‍ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. പകര്‍ച്ചവ്യാധി മൂലം പ്രതിസന്ധിയിലായ ഇന്ത്യ കോര്‍പ്പറേറ്റ് രംഗം തിരിച്ചുവരവ് പ്രകടിപ്പിക്കുന്നതിന്റെ സൂചനയായാണിത് കണക്കാക്കപ്പെടുന്നത്. 2020 ല്‍ ശരാശരി ശമ്പള വര്‍ദ്ധനവ് 6.1 ശതമാനമായിരുന്നു, 2021 ല്‍ പ്രതീക്ഷിക്കുന്ന പ്രവണത 7.3 ശതമാനമാണ്.

🔳ഷാജു ശ്രീധര്‍- ചാന്ദ്നി താരദമ്പതികളുടെ മകള്‍ നന്ദന ഷാജു അഭിനയരംഗത്തേക്ക് എത്തുന്നു. എസ്റ്റിഡി എക്‌സ ഇ 99 ബാച്ച് എന്ന സിനിമയിലാണ് നന്ദന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. നടന്‍ ദിലീപ് ആണ് പൂജയില്‍ മുഖ്യാതിഥി ആയി എത്തിയത്. ജോഷി ജോണ്‍ കളര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്. ടിക് ടോക് വീഡിയോകളിലൂടെ നന്ദന ശ്രദ്ധേയായിരുന്നു.

🔳വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 19 (1)(എ) എന്ന് പേരിട്ട ചിത്രം നവാഗതയായ ഇന്ദു വി. എസ് ആണ് സംവിധാനം ചെയ്യുന്നത്. നിത്യ മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെത്തുന്നത്. സംവിധായിക തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു.

🔳മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്. ഈ പ്രത്യേക ഓഫറുകള്‍ 2020 നവംബര്‍ 14 വരെ സാധുതയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആനുകൂല്യങ്ങള്‍ രാജ്യത്തൊട്ടാകെയുള്ള 500-ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ വഴി വാഹനം വാങ്ങുന്നവര്‍ക്ക് പ്രയോജനപ്പെടുത്താം. ലിഥിയം അയണ്‍, ലെഡ്-ആസിഡ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. കൂടാതെ, ലെഡ്-ആസിഡ് മോഡലുകള്‍ക്ക് രാജ്യത്തൊട്ടാകെയുള്ള ഹീറോ ഇലക്ട്രിക്കിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി 3,000 രൂപയുടെയും തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 5,000 രൂപയുടെയും കിഴിവ് ലഭിക്കുമെന്നാണ് സൂചന.