വാർത്തകൾ പ്രഭാതത്തിലെ NEWS CLICK 21 nov 220
🔳സിഎജിക്കെതിരെ സിപിഎം സമരത്തിന് ഒരുങ്ങുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം സമരം ശക്തമാക്കുമ്പോളാണ് ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെയും രാഷ്ട്രീയമായി തന്നെ നീങ്ങാന്‍ സിപിഎം തീരുമാനിക്കുന്നത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിഎജിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഎം തീരുമാനമെടുത്തത്.
🔳സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണ രീതി നോക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമമാണെന്ന് വ്യക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനത്തെ അട്ടിമറിക്കാനുള്ള ശ്രമം വ്യക്തമാണ്. കേന്ദ്ര ഏജന്‍സികള്‍ക്കും സിഎജിക്കും എതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും വിജയരാഘവന്‍.
🔳എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്.
🔳കേരളത്തില്‍ ഇന്നലെ 60,365 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6028 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1997 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85.
🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം വര്‍ക്കല സ്വദേശിനി ആനന്ദവല്ലി (64), നഗരൂര്‍ സ്വദേശിനി സുഹറാ ബീവി (76), കടക്കാവൂര്‍ സ്വദേശി സുരേഷ് (53), കൊല്ലം ആയൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (65), ക്ലാപ്പന സ്വദേശി താജുദ്ദീന്‍ (60), അമ്പനാട് സ്വദേശി ജലാലുദീന്‍ (56), തേവലക്കര സ്വദേശിനി ഐഷ കുഞ്ഞ് (72), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി സുഫികോയ (64), പുന്നപ്ര സ്വദേശി ടിനി (48), പേഴാപ്ര സ്വദേശിനി കല്യാണി (88), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി രാജു (52), എറണാകുളം മേക്കാട് സ്വദേശി എം.ജെ. ജോണ്‍ (68), കര്‍ഷക റോഡ് സ്വദേശി ടി.ജി. ഇഗ്നേഷിയസ് (72), തൃശൂര്‍ എനമക്കല്‍ സ്വദേശി ആര്‍.എസ്. അമ്പൂട്ടി (73), എടക്കര സ്വദേശിനി വി.കെ. കമലാക്ഷി (79), ഒല്ലൂര്‍ സ്വദേശി ടി.സി ദേവസി (79), കൈപമംഗലം സ്വദേശി അബ്ദുള്‍ അസീസ് (46), കാരയമുറ്റം സ്വദേശി ഹാരിഷ് കേശവ് (46), ദേശമംഗലം സ്വദേശിനി ശാരദ വാസുദേവന്‍ (63), പറവത്താനി സ്വദേശി സി.ടി. തോമസ് (69), പാലക്കാട് കേരളശേരി സ്വദേശിനി ആമിന (72), മലപ്പുറം പന്നിപ്പാറ സ്വദേശി പാച്ചന്‍ (72), കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി സുശീല (72), ഫറോഖ് സ്വദേശി സുധാകരന്‍ (53), മൊടക്കല്ലൂര്‍ സ്വദേശി രാജന്‍ (64), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് (49), തളിയില്‍ സ്വദേശി പങ്കജാക്ഷന്‍ (66), മുഴപ്പിലങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ദിക് (59) എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 557 ഹോട്ട് സ്‌പോട്ടുകള്‍.
🔳തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ 15 ഡിവിഷനുകളില്‍ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആന്തൂര്‍ നഗരസഭയില്‍ ആറിടത്തും മലപ്പട്ടം പഞ്ചായത്തില്‍ 5 വാര്‍ഡുകളിലും നോമിനേഷന്‍ നല്‍കാന്‍ എതിരാളികള്‍ എത്തിയില്ല. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിലെ 9, 11 വാര്‍ഡുകളിലും കോട്ടയം മലബാര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാര്‍ഡിലും സിപിഎം വോട്ടെടുപ്പിന് മുമ്പേ വിജയികളായി.
🔳കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കേരള ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനം മാറ്റിയത്.
🔳ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇപ്പോള്‍ നടപടിയൊന്നും സ്വീകരിക്കേണ്ടെന്ന് താരസംഘടനയായ അമ്മ തീരുമാനിച്ചു. ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിക്കുന്ന നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും എക്സിക്യൂട്ടീവ് തീരുമാനിച്ചു. പാര്‍വ്വതി നല്‍കിയ രാജിക്കത്ത് പരിഗണിച്ച യോഗം രാജി സ്വീകരിച്ചു.
🔳സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍. 15 ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരമായും നല്‍കാത്തപക്ഷം നിയമവഴിയിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നു.
🔳കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു. ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
🔳2020-21 വര്‍ഷത്തേക്കുള്ള എംബിബിഎസ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രഖ്യാപിച്ചു. നാളെ മുതല്‍ ഈ മാസം 26 വരെ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് അടയ്ക്കാം.നിലവില്‍ സ്വാശ്രയകോളേജുകളിലും സര്‍ക്കാര്‍ കോളേജുകളിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടച്ചാല്‍ മതി. എന്നാല്‍ കോടതി വിധികള്‍ക്ക് അനുസൃതമായി ഫീസില്‍ മാറ്റം വരാം. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ സമ്മതപത്രം നല്‍കണമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ അലോട്ട്മെന്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ പറയുന്നു.
🔳ബി.ജെ.പി. ഭരണത്തില്‍ സി.ബി.ഐ ഒരു മുറുക്കാന്‍ കടയായി അധഃപതിച്ചെന്ന് മഹാരാഷ്ട്ര ടെക്‌സൈറ്റല്‍ വകുപ്പ് മന്ത്രി അസ്ലം ഷെയ്ഖ്. സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതമില്ലാതെ സി.ബി.ഐ.ക്ക് അവയുടെ അധികാരപരിധിയില്‍ അന്വേഷണം നടത്താനാവില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🔳തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും.
🔳തമിഴ്നാട്ടില്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു. പ്രചാരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ഡിഎംകെ യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച യോഗമാണ് പൊലീസ് തടഞ്ഞത്.
🔳കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദില്ലി സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ 2000 രൂപ ആയി ഉയര്‍ത്തി. ക്വാറന്റൈന്‍ , സാമൂഹിക അകലം , തുടങ്ങിയ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കുള്ള പിഴയാണ് ഉയര്‍ത്തിയത്. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ നേരത്തെ ഉയര്‍ത്തിയിരുന്നു.
🔳ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 10.6 ശതമാനം ചുരുങ്ങുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് പ്രവചനം. സെപ്റ്റംബറില്‍ സമ്പദ്വ്യവസ്ഥ 11.5 ശതമാനം സങ്കോചം നേരിടുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ഈ നിലപാടാണ് മൂഡിസ് ഇപ്പോള്‍ തിരുത്തിയത്.
🔳ഇന്ത്യയില്‍ ഇന്നലെ 46,288 കോവിഡ് രോഗികള്‍. മരണം 563. ഇതോടെ ആകെ മരണം 1,32,764 ആയി, ഇതുവരെ 90.50 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.39 ലക്ഷം രോഗികള്‍. 84.75 ലക്ഷം പേര്‍ രോഗമുക്തി നേടി.
🔳ഡല്‍ഹിയില്‍ ഇന്നലെ 6,608 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 5,640 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,626 പേര്‍ക്കും കര്‍ണാടകയില്‍ 1,781 പേര്‍ക്കും ആന്ധ്രയില്‍ 1,221 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,688 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 6,37,380 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഇന്നലെ 1,87,794 പേര്‍ക്കും ഇറ്റലിയില്‍ 37,242 പേര്‍ക്കും ഫ്രാന്‍സില്‍ 22,882 പേര്‍ക്കും ജര്‍മനിയില്‍ 23,450 പേര്‍ക്കും ഇംഗ്ലണ്ടില്‍ 20,252 പേര്‍ക്കും പോളണ്ടില്‍ 22,464 പേര്‍ക്കും രോഗം ബാധിച്ചു. 10,875 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയില്‍ 1,851 പേരും ബ്രസീലില്‍ 521 പേരും ഇംഗ്ലണ്ടില്‍ 511 പേരും ഇറ്റലിയില്‍ 699 പേരും ഫ്രാന്‍സില്‍ 634 പേരും പോളണ്ടില്‍ 626 പേരും മെക്സിക്കോയില്‍ 576 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 5.78 കോടി കോവിഡ് രോഗികളും 13.76 ലക്ഷം മരണവും സ്ഥിരീകരിച്ചു.
🔳പാകിസ്താന്റെ സൈനിക, പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ഫ്രാന്‍സ് ഇനിമുതല്‍ സഹായം നല്‍കില്ല. ഫ്രാന്‍സില്‍ മതനിന്ദ ആരോപിച്ച് അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരേ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കടുത്ത വിമര്‍ശനം ഉന്നയിതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ തിരിച്ചടി.
🔳ലോകാരോഗ്യ സംഘടനയില്‍ അമേരിക്ക വീണ്ടും ചേരുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനയുടെ ഇടപെടലുകള്‍ നിയമപരമായിരിക്കുമെന്ന കാര്യം താന്‍ ഉറപ്പുവരുത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. റോയ് കൃഷ്ണയാണ് ബഗാന്റെ ഗോള്‍ നേടിയത്.
🔳രണ്ടുമാസംകൊണ്ട് റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കി. 47,265 കോടി രൂപ സമാഹരിച്ചതോടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ഇനി നിക്ഷേപം സമാഹരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്നായി 47,265 കോടി രൂപയാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. അവര്‍ക്കെല്ലാമായി 10.9ശതമാനം(69.27 ദശലക്ഷം)ഓഹരികളാണ് നല്‍കുക. മോര്‍ഗന്‍ സ്റ്റാന്‍ലിയായിരുന്നു റിലയന്‍സ് റീട്ടെയിലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്.
ധനസമാഹരണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
🔳രാജ്യത്ത് വിനിമയത്തിനായി വിപണിയിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍. നവംബര്‍ 13-ന് അവസാനിച്ച ആഴ്ചയിലെ റിസര്‍വ് ബാങ്ക് കണക്കനുസരിച്ചാണിത്. പത്തു വര്‍ഷത്തിനിടയില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയര്‍ന്നനില കൂടിയാണിത്. 2016 നവംബറില്‍ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയായിരുന്നു വിനിമയത്തിലുണ്ടായിരുന്നത്. എന്നാല്‍, നാലുവര്‍ഷം പിന്നിടുമ്പോള്‍ ഇതില്‍ 54 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ദീപാവലി ഉള്‍പ്പെടെ ഉത്സവകാല വിപണിയുടെ ആവശ്യം കണക്കാക്കി നവംബര്‍ 13-ന് അവസാനിച്ച ആഴ്ചയില്‍ 43,846 കോടി രൂപയുടെ പുതിയ കറന്‍സി വിപണിയിലെത്തിച്ചതായി ആര്‍.ബി.ഐ. പറയുന്നു.
🔳ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. കേരളത്തിലെ തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന തീരുമാനം പുറത്തു വന്നതിന് പിന്നാലെയാണ് ചിത്രം ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രം പെരുന്നാള്‍ റിലീസായി എത്താനിരുന്നതാണെങ്കിലും കോവിഡ് ലോക്ക്ഡൗണിനിടെ മാറ്റി വയ്ക്കുകയായിരുന്നു.
🔳പിന്നണി ഗായകന്‍ നിരഞ്ച് സുരേഷ് തന്റെ ആദ്യത്തെ ഇന്‍ഡിപെന്‍ഡന്റ് സിംഗിള്‍ പുറത്തിറക്കി. 'തോറ്റം പാട്ട്' എന്ന ഗാനം ഡോക്ടര്‍ ലിങ്കണ്‍ന്റെ സംഗീതത്തില്‍
ഒരുക്കിയിരിക്കുന്നു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നവരെ ആദരിക്കുകയാണ് ഈ ഗാനം. ഗാനം രചിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. നിരഞ്ച് സുരേഷ് തന്നെയാണ് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247ന്റെ ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട ക്വാര്‍ട്ടര്‍ ലിറ്റര്‍, ഡ്യുവല്‍ പര്‍പ്പസ് സിആര്‍എഫ്250എല്‍, സിആര്‍എഫ്250എല്‍ റാലി മോട്ടോര്‍ സൈക്കിളുകളുടെ 2021 പതിപ്പുകളെ അവതരിപ്പിച്ചു. മെക്കാനിക്കല്‍, വിഷ്വല്‍ അപ്‌ഗ്രേഡുകളാണ് പുതിയ പതിപ്പില്‍ ഹോണ്ട പരിചയപ്പെടുത്തുന്നത്. 249 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, ഡിഒഎച്ച്സി എഞ്ചിനാണ് ബൈക്കുകളുടെ ഹൃദയം.
🔳ജീവിതത്തിന്റെ തീക്ഷണഭാവങ്ങള്‍ കഥകളില്‍ നിന്ന് വ്യത്യസ്ഥമാണ് ഒരിക്കലും കഥകളില്‍ ഒതിങ്ങി നിര്‍ത്താനാവാത്ത നേരുകളാണ് കഥാകാരന്‍ ഈ അനുഭവക്കുറുപ്പുകളിലൂടെ തുറന്ന് പറയുന്നത്. 'കഥയിലൊതുങ്ങാത്ത നേരുകള്‍'. പി. സുരേന്ദ്രന്‍. എച്ച് ആന്‍ഡ് സി ബുക്സ്. വില 100 രൂപ.
🔳കോവിഡ് 19 രോഗലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തലവേദന. കോവിഡ് രോഗത്തിന്റെ ആദ്യ ഘട്ടത്തിലും അവസാന ഘട്ടത്തിലുമെല്ലാം ചിലപ്പോള്‍ പനിയോടൊപ്പം തലവേദന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡയബറ്റിസ് ആന്‍ഡ് മെറ്റബോളിക് സിന്‍ഡ്രോം ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡിന്റെ സര്‍വ സാധാരണമായ ലക്ഷണങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് തലവേദന. പനി, ചുമ, പേശി വേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് തലവേദനയേക്കാള്‍ വ്യാപകമായ കോവിഡ് രോഗലക്ഷണങ്ങള്‍. ലക്ഷണങ്ങളില്‍ അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും എല്ലാ തലവേദനയും കോവിഡ് മൂലമാകണമെന്നില്ല. കോവിഡ് രോഗികളില്‍ 6.5 ശതമാനം മുതല്‍ 53 ശതമാനം വരെയുള്ളവരിലാണ് തലവേദന കാണപ്പെടുന്നതെന്നും പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. മൈഗ്രെയ്ന്‍, കണ്ണിന്റെ പ്രശ്‌നങ്ങള്‍, ടെന്‍ഷന്‍ എന്നിവ കൊണ്ടെല്ലാം തലവേദന ഉണ്ടാകാം. കോവിഡ് മൂലമുള്ള തലവേദന കൃത്യമായി വേര്‍തിരിച്ചറിയാന്‍ നിലവില്‍ വഴികളൊന്നുമില്ല. എന്നാല്‍ തലവേദനയ്ക്ക് ഒപ്പം വരുന്ന മറ്റ് ലക്ഷണങ്ങള്‍ കൂടി നിരീക്ഷിച്ചാല്‍ കോവിഡ് സംബന്ധിച്ച നിഗമനത്തില്‍ എത്താന്‍ സാധിച്ചേക്കും. സാധാരണ തലവേദനയ്ക്ക് കഴിക്കുന്ന മരുന്നുകളൊന്നും ചിലപ്പോള്‍ കോവിഡ് മൂലമുള്ള തലവേദനയ്ക്ക് ശരീരത്തില്‍ ഏശിയെന്ന് വരില്ല. തലയുടെ ഇരു വശത്തും കോവിഡ് അനുബന്ധ തലവേദന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൈഗ്രെയ്ന്‍ മൂലമുള്ള തലവേദനയില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികള്‍ക്ക് പ്രകാശത്തോടോ ശബ്ദത്തോടോ അസഹ്യതയുണ്ടാകില്ല. തലവേദനയ്‌ക്കൊപ്പം കോവിഡിന്റെ മറ്റ് ലക്ഷണങ്ങളായ പനി, പേശി വേദന, തൊണ്ട വേദന, ചുമ, രുചിയും മണവും നഷ്ടമാകല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകാന്‍ മടിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ശുഭദിനം
ബുദ്ധഗുരുവിന്റെ വീട്ടിലാണ് കള്ളന്‍ അന്ന് കയറിയത്. ശബ്ദം കേട്ട് ഗുരു ഞെട്ടിയുണര്‍ന്നു. ആരാണെന്ന് ചോദിച്ചു. താന്‍ കള്ളനാണെന്ന് അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ ഗുരു ചോദിച്ചു : എന്തിനാണ് ഇവിടെ കയറിയത്? അപ്പോള്‍ അയാള്‍ പറഞ്ഞു: 'പണത്തിന് അത്യാവശ്യമുണ്ടായിരുന്നു. എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ വന്നതാ'. അതുകേട്ട് ഗുരു പൊട്ടിച്ചിരിച്ചു. എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്? ഗുരു പറഞ്ഞു: പകല്‍ വെളിച്ചത്തില്‍ ഇവിടം മുഴുവന്‍ അരിച്ചുപെറുക്കിയാല്‍ ഒരു രൂപ പോലും കിട്ടില്ല. എന്നിട്ടാണ് നീ ഇരുട്ടത്ത് തപ്പുന്നത്. എന്തെങ്കിലും കിട്ടിയാല്‍ പറയണേ! ഒന്നുമില്ലാത്തവന് എന്തു നഷ്ടപ്പെടാന്‍. ഒന്നും നഷ്ടപ്പെടാനില്ലാതെ ജീവിക്കുക എന്നതിനേക്കാള്‍ വലിയ സ്വാതന്ത്ര്യം എന്താണുള്ളത്? എന്തു കിട്ടും, എന്ത് നഷ്ടപ്പെടും എന്നിങ്ങനെ കണക്കുകൂട്ടിയാണ് നാം ഓരോ നിമിഷവും ജീവിക്കുന്നതു തന്നെ. നമ്മുടെ അടുത്തുവരുന്നവര്‍ക്ക് എന്തെങ്കിലും നല്‍കുന്നതാണോ, അതോ ഒന്നും നല്‍കാനില്ലാത്തതാണോ യഥാര്‍ത്ഥ നഷ്ടം? എന്തെങ്കിലും നല്‍കിയാല്‍ ആ നല്‍കുന്നതു മാത്രമല്ലേ നഷ്ടമാകൂ. അതിനെ നഷ്ടമെന്ന് വിളിക്കാനാകില്ലല്ലോ. നമ്മള്‍ കൊടുക്കുന്നതെല്ലാം മറ്റൊരാളുടെ ജീവിതത്തിന് പ്രതീക്ഷനല്‍കുന്നുണ്ട്. സത്യത്തില്‍ എന്ത് ചോദിച്ചാലും ഒന്നും കൊടുക്കാനില്ലാത്തതല്ലേ യഥാര്‍ത്ഥ നഷ്ടം? എല്ലാം നല്‍കാന്‍ തയ്യാറായി നില്‍ക്കുന്നവരില്‍ നിന്ന് ആരെന്ത് തട്ടിപ്പറിക്കാന്‍. സ്വീകരിക്കാന്‍ തയ്യാറുള്ളവരോട് അടിച്ചേല്‍പ്പിക്കലിന് എന്ത് പ്രസക്തി... കൊടുക്കുന്നതും വാങ്ങുന്നതും മനം നിറഞ്ഞുള്ള സ്വാഭാവിക പ്രവൃത്തിയായി മാറട്ടെ - ശുഭദിനം