Headlines
Loading...
വാർത്തകൾ പ്രഭാതത്തിൽ NEWS CLICK 17 NOV 2020

വാർത്തകൾ പ്രഭാതത്തിൽ NEWS CLICK 17 NOV 2020

🔳വികസനപദ്ധതികളെയപ്പാടെ തുരങ്കം വയ്ക്കാനും നശിപ്പിക്കാനുമാണ് പ്രതിപക്ഷവും കേന്ദ്ര അന്വേഷണ ഏജന്‍സികളും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ കേരളത്തെ വട്ടമിട്ട് പറക്കുകയാണ്. കേരളത്തിലെ ഉദ്യോഗസ്ഥരുടെയാകെ മെക്കിട്ട് കയറി, അവരെ നിശ്ശബ്ദരാക്കി പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. കെ ഫോണ്‍ പോലുള്ള പദ്ധതികള്‍ അട്ടിമറിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്. സ്വകാര്യ കുത്തകകളുടെ വക്കാലത്തെടുക്കുകയാണ് ഏജന്‍സികള്‍. അത് മനസ്സില്‍ വച്ചാല്‍ മതി. ഒരു കുത്തകയുടെയും വക്കാലത്ത് എടുത്ത് ഇങ്ങോട്ട് വരണ്ട. അതിവിടെ നടപ്പില്ലായെന്നും മുഖ്യമന്ത്രി.

🔳കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി. സര്‍ക്കാരിനു സമര്‍പ്പിച്ചത് അന്തിമ റിപ്പോര്‍ട്ട്. ലഭിച്ചത് കരട് റിപ്പോര്‍ട്ടാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. 2018-19 വര്‍ഷത്തേക്കുള്ള സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനായി സമര്‍പ്പിച്ചെന്നാണ് സിഎജി വാര്‍ത്താക്കറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. നവംബര്‍ ആറിനാണ് അന്തിമ റിപ്പോര്‍ട്ട് ധനമന്ത്രിക്കു നല്‍കിയിട്ടുള്ളത്. ഇതിനുശേഷവും കരട് റിപ്പോര്‍ട്ടാണെന്ന് നവംബര്‍ 14-ന് പറയുകയും മന്ത്രി സി.എ.ജി.യെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നിയമസഭയില്‍ അന്തിമറിപ്പോര്‍ട്ട് എത്തും മുന്‍പേ തന്നെ ഇക്കാര്യം ധനമന്ത്രി പുറത്തു വിട്ടത് നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

🔳കിഫ്ബിയില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2002ല്‍ 10 കോടിയും 2003ല്‍ 505 കോടിയും രൂപയുമാണ് വന്‍കിട പദ്ധതികള്‍ക്ക്  കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്.  2008ല്‍ തിരിച്ചടവ് പൂര്‍ത്തിയായെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

🔳സിബിഐ കൂട്ടിലടച്ച പട്ടിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സുപ്രീം കോടതി പറയുമ്പോലെ സിബിഐ തത്തയല്ല, യജമാനന്‍മാര്‍ വരുമ്പോള്‍ സ്നേഹം കാണിക്കുന്ന പട്ടിയാണ്. യജമാനന്മാര്‍ അല്ലാത്തവരെ കാണുമ്പോള്‍  അവര്‍ കുരക്കുന്നു. ഇഡിയാവട്ടെ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും തെരഞ്ഞെടുപ്പ് ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എം.വി.ജയരാജന്‍.

🔳സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് എം.ശിവശങ്കര്‍. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കസ്റ്റംസ് ഓഫീസറേയും താന്‍ വിളിച്ചിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തത്. തന്നെപ്പറ്റി ഇഡി നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ശിവശങ്കര്‍ കോടതിയില്‍ ആരോപിക്കുന്നു. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ശിവശങ്കര്‍ കോടതിക്ക് വിശദീകരണം നല്‍കിയത്.

🔳കോതമംഗലം പള്ളി കേസില്‍ ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയില്‍. ആഭ്യന്തര സെക്രട്ടറി ടി കെ ജോസിനെതിരെയാണ് ഓര്‍ത്തഡോക്സ് വിഭാഗം ഹര്‍ജി നല്‍കിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി കോടതിയില്‍ കള്ള സത്യവാങ്മൂലം നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇതില്‍ കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

🔳ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അശ്വിന്‍ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ വനിത കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് കമ്മീഷന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

🔳സംസ്ഥാനത്ത് ഇന്നലെ 25,141 സാമ്പിളുകള്‍ പരിശോധിച്ചതില്‍  2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 മരണങ്ങളാണ്് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1888 ആയി.  രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37.

🔳കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം വര്‍ക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മല്‍ സ്വദേശി ഐ. നിസാന്‍ (84), ചിറയിന്‍കീഴ് സ്വദേശി രാജന്‍ പിള്ള (60),
ചുള്ളിമാനൂര്‍ സ്വദേശി അപ്പു (82), മടവൂര്‍ സ്വദേശിനി ഷീജ (50), കൊല്ലം തേവനൂര്‍ സ്വദേശി അനില്‍കുമാര്‍ (42), സദാനന്ദപുരം സ്വദേശിനി സുശീല (56), ഇടുക്കി പീരുമേട് സ്വദേശി മാത്യു ജോസഫ് (65), എറണാകുളം കൊച്ചി സ്വദേശി ഡോ. ആര്‍. ശിവകുമാര്‍ (61), പുഷ്പ നഗര്‍ സ്വദേശി കെ. അപ്പു (75), പള്ളുരുത്തി സ്വദേശി വി.എ. ജോസഫ് (70), ഏലൂര്‍ സ്വദേശി മോഹന്‍ സുരേഷ് (51), പാലക്കാട് സ്വദേശി ബീഫാത്തിമ (70), മലപ്പുറം സ്വദേശി അലാവി കുട്ടി ഹാജി (70), വയനാട് മുട്ടില്‍ സ്വദേശിനി സാറ ബീവി (55), കണ്ണൂര്‍ സ്വദേശിനി റിനി ഹരിദാസന്‍ (29), തുവക്കുന്ന് സ്വദേശിനി ചീരൂട്ടി (79), പാനൂര്‍ സ്വദേശി അബൂബക്കര്‍ (59), തലശേരി സ്വദേശി വിന്‍സന്റ് ഫ്രാന്‍സിസ് (78) എന്നിവരാണ് മരണമടഞ്ഞത്.

🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 600 ഹോട്ട് സ്‌പോട്ടുകള്‍.

🔳കൊല്ലം പത്തനാപുരം ഗാന്ധിഭവനില്‍ 322 അന്തേവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രം കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കി മാറ്റി.

🔳സിപിഎം നേതാവ് എംബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ടെസ്റ്റ് പോസിറ്റീവയത് അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

🔳കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ . തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മികച്ച പ്രതിരോധ സംവിധാനമാണ് കേരളമൊരുക്കിയതെന്ന് ആര്‍ബിഐ വാര്‍ഷിക പ്രസിദ്ധീകരണത്തില്‍ വന്ന പ്രത്യേക ലേഖനത്തില്‍ പറയുന്നു.

🔳ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം കവി സച്ചിദാനന്ദന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

🔳അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെയും കൂട്ടരെയും തോല്‍പ്പിച്ച അമേരിക്കന്‍ ജനതക്ക് അഭിവാദ്യമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ലോകത്തെ ഭരണാധികാരികളില്‍ തലതിരിഞ്ഞ അധികാരി ട്രംപാണെന്നും പട്ടിക നീളുമെങ്കിലും വിശദീകരിക്കുന്നില്ലെന്നും മന്ത്രി.

🔳പാലാ മുന്‍സിപ്പാലിറ്റിയില്‍ സീറ്റ് വിഭജനം സംബന്ധിച്ചുള്ള സിപിഐ - സിപിഎം തര്‍ക്കത്തിന്  ഇന്നലെ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല. ഇന്ന് വീണ്ടും ചര്‍ച്ച തുടരും. ഏഴ് സീറ്റെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ. ഏഴ് സീറ്റ് നല്‍കിയില്ലെങ്കില്‍ തനിച്ച് മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. പാലായില്‍ കേരളാ കോണ്‍ഗ്രസ് 17 സീറ്റിലാണ് മത്സരിക്കുന്നത്.

🔳ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. വൈകീട്ടോടേയാണ് റഷീദ്  ഇഡി സോണല്‍ ആസ്ഥാനത്തെത്തിയത്.

🔳വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമാണു മൃതദേഹങ്ങള്‍ ഇന്നു രാവിലെ കണ്ടെത്തിയത്. ഇടയം അനിവിലാസത്തില്‍ അനി ശിവദാസന്റെ മകള്‍ അമൃത അനി (21), ആയുര്‍ നീറായിക്കോട് അഞ്ജു ഭവനില്‍ അശോക് കുമാറിന്റെ മകള്‍ ആര്യ ജി.അശോക് (21) എന്നിവരാണ് മരിച്ചത്.

🔳സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

🔳വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എ.എം അരുണ്‍(51) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണത്തില്‍ സംശയമാരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

🔳രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണം 75 കോടി കടന്നതായി റിപ്പോര്‍ട്ട്. 2020 ഓഗസ്റ്റ് 31 നാണ് ഈ വന്‍ നാഴികക്കല്ല് താണ്ടിയത്. 1995 ആഗസ്റ്റ് 15 നാണ് ആദ്യമായി ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പൊതുജനത്തിന് ലഭ്യമായത്. ലോകത്ത് തന്നെ ഇത്രയേറെ ഇന്റര്‍നെറ്റ് കണക്ഷനുള്ള മറ്റൊരു രാജ്യമില്ലെന്നത് ഇന്ത്യയുടെ ഭാവി വളര്‍ച്ചയുടെ കൂടി സൂചകമാണ്

🔳ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച കപില്‍ സിബലിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും രാജ്യത്താകമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെയാണ് ഇത് വേദനിപ്പിച്ചതെന്നും ഗെഹ്ലോട്ട്. സോണിയാ ഗാന്ധിയുടെ കീഴില്‍ ഓരോ പ്രതിസന്ധി ഘട്ടവും പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും ഇത്തവണയും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

🔳നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്നാട്ടില്‍ ബിജെപി ഇത്തവണ രണ്ടും കല്‍പിച്ചാണ്.. രജനീകാന്തിനെ എന്തുവില കൊടുത്തും സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ,  കലൈഞ്ജര്‍ കരുണാനിധിയുടെ മൂത്ത മകനായ എം കെ അളഗിരിയെയും സഖ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഡിഎംകെയുടെ അധ്യക്ഷനായ സ്റ്റാലിന്റെ സഹോദരനും ബദ്ധവൈരിയുമായ അളഗിരി പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപി സഖ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. അത്തരത്തിലുള്ള ആക്രമണങ്ങളെ എല്ലാവരും എതിര്‍ക്കണമെന്നും  അദ്ദേഹം പറഞ്ഞു. അതേസമയം, മാധ്യമങ്ങള്‍  നീതിയുക്തവും സൂക്ഷ്മവും കൃത്യതയുള്ളതുമായ റിപ്പോര്‍ട്ടിങ് നടത്തണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

🔳ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ എത്തിയിരുന്നു. ബിജെപി നേതാവ് രേണു ദേവിയാണ് പുതിയ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി. ബിഹാറില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യവനിതയാണ് അവര്‍.

🔳രാജ്യത്തെ ഡിജിറ്റല്‍ വാര്‍ത്താ, മാധ്യമസ്ഥാപനങ്ങള്‍ക്ക് വിദേശനിക്ഷേപത്തിലടക്കം പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. 26 ശതമാനത്തില്‍ക്കൂടുതല്‍ വിദേശനിക്ഷേപം സ്വീകരിച്ച ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങള്‍ അത് കുറയ്ക്കണം. ഒരു വര്‍ഷത്തിനകം, അതായത് ഒക്ടോബര്‍ 2021-നകം, 26 ശതമാനത്തില്‍ക്കൂടുതല്‍ എത്ര വിദേശനിക്ഷേപം സ്വീകരിച്ചോ അതെല്ലാം ഡിജിറ്റല്‍ മാധ്യമങ്ങള്‍ തിരികെ നല്‍കണം. ഇന്ത്യന്‍ പൗരന്‍മാര്‍ മാത്രമേ, ഡയറക്ടര്‍ ബോര്‍ഡിലും സിഇഒ പോലുള്ള സുപ്രധാനസ്ഥാനങ്ങളിലും നിയമിക്കപ്പെടാവൂ എന്നതുള്‍പ്പടെ സുപ്രധാനചട്ടങ്ങളടങ്ങിയ മാര്‍ഗരേഖ കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കി. 

🔳ദേശീയ മാധ്യമ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. മാധ്യമ സ്വാതന്ത്ര്യത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡ് കാലത്ത് മാധ്യമങ്ങള്‍ നിര്‍വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

🔳രാജസ്ഥാനിലെ നീതി, ശാക്തീകരണ വകുപ്പ് മന്ത്രി ഭന്‍വര്‍ ലാല്‍ മേഘ്വാള്‍(72) അന്തരിച്ചു. സെറിബ്രല്‍ ഹെമറേജിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

🔳രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്ത്യയില്‍ ഇന്നലെ 28,555 കോവിഡ് രോഗികള്‍. മരണം 450. ഇതോടെ ആകെ മരണം 1,30,559 ആയി, ഇതുവരെ 88.74 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.53 ലക്ഷം രോഗികള്‍. 82.88 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳ഡല്‍ഹിയില്‍ ഇന്നലെ 3,797 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 2,535 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,012 പേര്‍ക്കും കര്‍ണാടകയില്‍ 1,157 പേര്‍ക്കും ആന്ധ്രയില്‍ 753 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,725 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,77,060 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഇന്നലെ 1,47,553 പേര്‍ക്കും ഇറ്റലിയില്‍ 27,354 പേര്‍ക്കും പോളണ്ടില്‍ 20,816 പേര്‍ക്കും ഇംഗ്ലണ്ടില്‍ 21,363 പേര്‍ക്കും രോഗം ബാധിച്ചു. 6,963 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയില്‍ 661 പേരും ഫ്രാന്‍സില്‍ 506 പേരും ഇറ്റലിയില്‍ 504 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 5.53 കോടി കോവിഡ് രോഗികളും 13.31 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳കൊവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാസ്‌കിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്പനി ചെയര്‍മാന്‍ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

🔳ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ജനുവരിയില്‍ തുടക്കമാവും. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റോടെയാണ് സീസണ്‍ തുടങ്ങുക. ശേഷം രഞ്ജി ട്രോഫി മത്സരങ്ങള്‍ നടത്താമെന്നുമുള്ള പ്രതീക്ഷയിലാണ് ബിസിസിഐ.

🔳എമിറേറ്റ്സ് എയര്‍ലൈനിന് മുപ്പതാണ്ടിലേറെ കാലത്തിന് ശേഷം ആദ്യമായി നഷ്ടം സംഭവിച്ചു. കൊവിഡ് കാലത്തെ തിരിച്ചടിയാണ് കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. 3.4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസത്തെ കണക്കാണിത്. എമിറേറ്റ്സിന്റെ വരുമാനം 75 ശതമാനം ഇടിഞ്ഞ് 3.2 ബില്യണ്‍ ഡോളറിലേക്കെത്തി. ആദ്യത്തെ ആറ് മാസം 15 ലക്ഷം യാത്രക്കാര്‍ മാത്രമാണ് എയര്‍ലൈനിന്റെ സേവനം ഉപയോഗിച്ചത്. ഇതേ കാലത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ ഉപഭോക്താക്കളെ എണ്ണത്തില്‍ നിന്ന് 95 ശതമാനം ഇടിവുണ്ടായി.

🔳കൊവിഡ്-19 ആരംഭിച്ചതിന് ശേഷം ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗമായി മാറി ബിറ്റ്‌കോയിന്‍. ഏപ്രില്‍ മുതല്‍ ഏകദേശം 160 ശതമാനം വരുമാനം ലഭിച്ച ക്രിപ്‌റ്റോകറന്‍സിയായി ബിറ്റ്‌കോയിന്‍ മാറി. ഓഹരികളില്‍ നിന്നും സ്വര്‍ണത്തില്‍ നിന്നുമുള്ള നേട്ടത്തെ മറികടന്നാണ് ബിറ്റ്‌കോയിന്‍ കുതിക്കുന്നത്. ക്രിപ്റ്റോകമ്പെയര്‍ ഡാറ്റ പ്രകാരം ഇക്കഴിഞ്ഞ വ്യാഴാഴ്ച ബിറ്റ്‌കോയിന്‍ 16,000 ഡോളറിലെത്തി. നിലവിലെ സാമ്പത്തിക മാന്ദ്യകാലത്തും ക്രിപ്റ്റോകറന്‍സിയില്‍ വിശ്വസിക്കുന്ന നിരവധി നിക്ഷേപകരുണ്ട് എന്നതിന്റെ സൂചനയാണിത്.

🔳ജോജു ജോര്‍ജ് നായകനാകുന്ന 'പീസ്' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ ആരംഭിച്ചു. സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് നിര്‍മാണം. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

🔳ധനുഷും സായ്പല്ലവിയും കിടിലന്‍ നൃത്ത ചുവടുകളുമായി ആരാധകരെ ഞെട്ടിച്ച 'റൗഡി ബേബി'യ്ക്ക് വീണ്ടും അംഗീകാരം. യൂട്യൂബില്‍ തെന്നിന്ത്യന്‍ ഭാഷയില്‍ വണ്‍ ബില്യണ്‍ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോര്‍ഡാണ്  റൗഡി ബേബിക്ക് സ്വന്തമായത്. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മാരി 2 വിലെ ഈ ഗാനം ജൈത്രയാത്ര തുടര്‍ന്നത്. ധനുഷും സായി പല്ലവിയും ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

🔳നിസാന്റെ ഏറ്റവും പുതിയ ബിഎസ്യുവിയായ മാഗ്നൈറ്റിനെ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. നവംബര്‍ 26ന് വാഹനം അരങ്ങേറ്റം കുറിക്കുമെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍. വില പ്രഖ്യാപനത്തിനും മുമ്പു തന്നെ രാജ്യത്തിന്റെ പല ഭാഗത്തും നിസ്സാന്‍ ഡീലര്‍ഷിപ്പുകള്‍ മാഗ്നൈറ്റിന്റെ പ്രീലോഞ്ച് ബുക്കിംഗുകളും തുടങ്ങി.  12,000 മുതല്‍ 25,000 രൂപ വരെയാണ് വിവിധ ഡീലര്‍മാര്‍ അഡ്വാന്‍സായി ഈടാക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ എത്തിയ കോംപാക്ട് എസ്.യു.വികളില്‍ ഏറ്റവും കുറഞ്ഞ വിലയിലായിരിക്കും വാഹനം വിപണിയില്‍ എത്തുക.

🔳എത്ര ദൂരം നടന്നു വെന്നോ ഇത്ര കാലം തന്നില്‍ നിന്ന് തുടര്‍ന്നു വീണുവെന്നോ അറിയാതെ നിര്‍മണികള്‍ പോലെ ഉതിര്‍ന്നു വീഴുന്നൊരു ജ•ം, അതിവേഗമാര്‍ന്നൊരു അന്വേഷണത്തിന്റെ ക്ഷണിക വേഗതയില്‍ ഇമ്പമാര്‍ന്നൊഴുകുന്ന പുഴപോലെ ജലനഭസ്സുകളിലേയ്ക്ക് മിഴി ഉയര്‍ത്തി നിര്‍മമതയോടെ അവന്‍ ഉറ്റു നോക്കുകയാണീ ജീവിതത്തെ. 'ഒരു വഴിപോക്കന്റെ മൗനം'. അബു ഇല്‍ഹാം. നിയതം ബുക്സ്. വില 165 രൂപ.

🔳അമ്മയ്ക്ക് കോവിഡ് ബാധിച്ചെന്ന് കരുതി നവജാത ശിശുക്കളെ അവര്‍ക്കരികില്‍ നിന്ന് മാറ്റി കിടത്തേണ്ട കാര്യമില്ലെന്ന് പഠനം. ലണ്ടനിലെ ഇംപീരയല്‍ കോളജും ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോപ്പുലേഷന്‍ ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ പഠനം നവജാത ശിശുക്കളില്‍ തീവ്രമായ തോതിലുള്ള കോവിഡ്19 അണുബാധ അപൂര്‍വമാണെന്നും ചൂണ്ടിക്കാട്ടി.  2020 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ കോവിഡ് ബാധിച്ച് യുകെയിലെ  ആശുപത്രികളില്‍  പ്രവേശിപ്പിക്കപ്പെട്ട 29 ദിവസത്തില്‍ താഴെ പ്രായമുള്ള ശിശുക്കളിലാണ് പഠനം നടത്തിയത്. ഇക്കാലയളവില്‍ 66 നവജാത ശിശുക്കള്‍ക്കാണ് കോവിഡ് അണുബാധ മൂലം ആശുപത്രി വാസം വേണ്ടി വന്നത്. എന്നാല്‍ ഇത് 1785 ജനനങ്ങളില്‍ ഒന്ന് അഥവാ .06 % മാത്രമാണെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ 66ല്‍ 17 ശിശുക്കള്‍ക്ക് മാത്രമാണ് അവരുടെ അമ്മമാരില്‍ നിന്ന് ജനിച്ച് ഏഴ് ദിവസത്തിനുള്ളില്‍ കോവിഡ് പടര്‍ന്നത്. ഇവരില്‍ ഏഴു പേര്‍ക്ക് ജനിച്ച ഉടനെ അമ്മമാരില്‍ നിന്ന് മാറ്റി കിടത്തിയിട്ടും കോവിഡ് ഉണ്ടായി. കോവിഡ് പേടിയില്‍ നവജാത ശിശുക്കളെ അമ്മമാരില്‍ നിന്ന് മാറ്റി കിടത്തേണ്ട കാര്യമില്ലെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഈ 66 നവജാത ശിശുക്കളില്‍ ആരും കോവിഡ് ബാധിച്ച് മരണപ്പെട്ടില്ല. 90 ശതമാനം ശിശുക്കളും പൂര്‍ണ്ണമായും കോവിഡ് ഭേദമായി ആശുപത്രി വിട്ടു. എന്നാല്‍ പ്രായമേറിയ കുട്ടികളെ അപേക്ഷിച്ച് നവജാത ശിശുക്കളില്‍ കൂടുതല്‍ പേര്‍ക്ക്(36 ശതമാനം) തീവ്ര പരിചരണമോ ശ്വസന സഹായമോ വേണ്ടി വന്നു. മുതിര്‍ന്ന കുട്ടികളില്‍ ഇത് 13 ശതമാനമായിരുന്നു. എന്നിരുന്നാലും തീവ്രമായ കോവിഡ് ബാധ നവജാത ശിശുക്കളില്‍ അപൂര്‍വമാണെന്ന് പഠനം അടിവരയിടുന്നു. 

ശുഭദിനം
കവിത കണ്ണന്‍
14 ാം വയസ്സിലായിരുന്നു അവരുടെ വിവാഹം.  ഒരു പോലീസ് കോണ്‍സ്റ്റബിളിനെയാണ് അവര്‍ വിവാഹം ചെയ്തത്.  കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം അവരെ തേടിയെത്തി.  ചെറുപ്രായത്തില്‍ തന്നെ ഭാര്യയും 2 കുട്ടികളുടെ അമ്മയുമായി.  ഒരിക്കല്‍ ഭര്‍ത്താവുമൊത്ത് അവര്‍ ഒരു പരേഡ് കാണാന്‍ പോയി.  ആ യാത്ര അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു.  അവിടെ വിശിഷ്ടാതിഥികളായി എത്തിയ DGP, IG എന്നിവര്‍ക്ക് ലഭിച്ച ആദരവും ബഹുമാനവും അവരെ വല്ലാതെ സ്വാധീനിച്ചു.  അവര്‍ക്ക് ലഭിച്ച ആദരവ് പോലെ തനിക്കും ലഭിക്കണം എന്ന ആഗ്രഹം അവരില്‍ മുളച്ചു.  അന്ന് അവര്‍ പത്താം ക്ലാസ്സ് പോലും പാസ്സായിരുന്നില്ല.  അവരുടെ ഈ ആഗ്രഹത്തിന് കുടുംബം പൂര്‍ണ്ണ പിന്തുണയും നല്‍കി.  ആദ്യം അവര്‍ പത്താംതരം പാസ്സായി.  പിന്നെ PUC .യും ഡിഗ്രിയും നേടി.  സിവില്‍ സര്‍വ്വീസിന്റെ കോച്ചിംങ്ങ് ക്ലാസ്സില്‍ ചേര്‍ന്നു.  3 തവണയും പരാജയത്തിന്റെ കയ്പ് അവരെ തേടിയെത്തി.  എങ്കിലും തോറ്റ് പിന്മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. വീണ്ടും നിരന്തര പരിശ്രമങ്ങള്‍. അങ്ങിനെ 2008 ല്‍ അവര്‍ തന്റെ പേരിനൊപ്പം ഐപിഎസ് എന്ന മൂന്നക്ഷരം തുന്നിച്ചേര്‍ത്തു.  അംബിക ഐപിഎസ്.   മൂംബൈയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറാണ് അംബിക ഐ.പി.എസ്.  തോല്‍പ്പിക്കാന്‍ വിധി കടന്നുവരുമ്പോഴും തോല്‍ക്കാന്‍ തയ്യാറാകാത്ത മനസ്സ് , അതിനു മുമ്പില്‍ ഏതു വിധിക്കായാലും ഒരിക്കല്‍ തല കുനിച്ചേ മതിയാകൂ.  ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ വിജയം നമ്മുടെ കൈക്കുള്ളില്‍ സുഭദ്രമായിരിക്കും.  ഉറച്ചലക്ഷ്യമുണ്ടെങ്കില്‍ ഈ ലോകം നമുക്ക് കീഴടങ്ങുക തന്നെ ചെയ്യും - ശുഭദിനം