🔳കിഫ്ബിക്കെതിരെ നടക്കുന്നത് ബിജെപി-കോണ്‍ഗ്രസ്സ് ഒളിച്ചുകളിയെന്ന് സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും കല്‍പനകള്‍ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല. ബിജെപിയുടെ ഒരു ഉമ്മാക്കിക്ക് മുന്നിലും കീഴടങ്ങില്ല. കിഫ്ബിയുടെ ഏത് പ്രൊജക്ടില്‍ എത്ര രൂപയുടെ അഴിമതിയും ക്രമക്കേടും ആര് നടത്തിയെന്ന് വ്യക്തമായി പറയാന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും ഐസക് വെല്ലുവിളിച്ചു.
🔳കിഫ്ബി സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി രാഷ്ട്രീയദുഷ്ടലാക്കിനായി തരംതാണെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. പൊതുജനശ്രദ്ധ തിരിക്കാന്‍ ധനമന്ത്രി കപടനാടകം നടത്തുകയാണ്. കിഫ്ബിയിലെ അഴിമതി പിടികൂടാനായപ്പോള്‍ ചന്ദ്രഹാസം ഇളക്കുന്നു. ധനമന്ത്രിയുടേത് ഉണ്ടയില്ലാ വെടിയാണെന്നും നിയമസഭയെ ധനമന്ത്രി അവഹേളിച്ചെന്നും ചെന്നിത്തല വിമര്‍ശിച്ചു.
🔳ഹൈടെക് സ്‌കൂള്‍ പദ്ധതിയെക്കുറിച്ചുള്ള പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വക്കീല്‍ നോട്ടീസ്. ഹൈടെക് സ്‌കൂള്‍ നവീകരണ പദ്ധതിയെ കുറിച്ച് തെറ്റിദ്ധണയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയതിനാണ് രമേശ് ചെന്നിത്തലക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചത്.
🔳റിമാന്‍ഡില്‍ കഴിയുന്ന എം ശിവശങ്കറെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ടും ഡോളര്‍ കടത്ത് കേസിലുമാണ് മൊഴിയെടുക്കുന്നത്. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചിരിക്കുന്നത്.
🔳കേരളത്തില്‍ ഇന്നലെ 46,126 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1869 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശ്ശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62.
🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന്‍ (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശിനി സരോജിനി (64), നന്നാട്ടുകാവ് സ്വദേശിനി സുഭദ്ര (82), കുന്നത്തുകാല്‍ സ്വദേശിനി വസന്ത (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പന്‍ (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂര്‍ സ്വദേശി ബഹാബ് (78), കിന്നശേരി സ്വദേശിനി ശശികല (67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശിനി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈര്‍ (57), കുഴിമന സ്വദേശി അലാവി കുട്ടി (65), കരുവാമ്പ്രം സ്വദേശി ഇബ്രാഹീം (81), വയനാട് മീനങ്ങാടി സ്വദേശി ജോണ്‍ (81), കണ്ണൂര്‍ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശിനി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈന്‍ കുട്ടി (74) എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 606 ഹോട്ട് സ്‌പോട്ടുകള്‍.
🔳തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷവും ഒന്‍പത് വീതം സീറ്റുകളില്‍ മത്സരിക്കും. ആകെ 22 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. മറ്റ് നാല് സീറ്റുകള്‍ സിപിഐക്കാണ്.
🔳മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്. കേരള പൊലീസിന്റെ വിര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
🔳സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജില്ലകളിലെ കേന്ദ്രങ്ങള്‍ പൂട്ടില്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് എല്ലാ ജില്ലകളിലെയും കുട്ടികളെ മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം.
🔳തലസ്ഥാനത്ത് സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തു. മാറനല്ലൂര്‍ സ്വദേശിയായ അജിലും അരുവിയോട് സ്വദേശി അഭിനേഷുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൂങ്ങി മരിച്ചത്. മരിച്ചവര്‍ ആത്മ സുഹൃത്തുക്കള്‍ അല്ലെന്നും കടയില്‍ നിന്നുള്ള പരിചയവും ഫോണ്‍ വിളിച്ചുളള ബന്ധവും മാത്രമെ ഉളളൂ എന്നും മാറനല്ലൂര്‍ പൊലീസ് അറിയിച്ചു.
🔳സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
🔳പാമ്പിനെ കണ്ടാല്‍ ഇനി മുതല്‍ ഉടന്‍ തന്നെ പിടിക്കാമെന്ന് കരുതണ്ട. പാമ്പിനെ പിടിക്കാന്‍ യോഗ്യത ഉള്ളവര്‍ക്ക് മാത്രമേ അതിന് അനുവാദമുണ്ടാകു. ഇനി മുതല്‍ പാമ്പ് പിടുത്തത്തിന് വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വേണം. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്.
🔳കൊവിഡ് രൂക്ഷമായ ദില്ലിയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഉയര്‍ത്താന്‍ ഐസിഎംആറിനും ആരോഗ്യ മന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൊബൈല്‍ ടെസ്റ്റിങ് വാനുകള്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ എത്തിച്ചായിരിക്കും കൂടുതല്‍ പരിശോധന നടത്തുക. ആശുപത്രികളുടെ സൗകര്യം വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ നിയോഗിച്ചു.
🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു 71-കാരനായ അഹമ്മദ് പട്ടേല്‍.
🔳ബിജെപി നേതാവ് തര്‍കിഷോര്‍ പ്രസാദ് ബിഹാര്‍ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന. നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി കേന്ദ്രമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാലാം തവണയും സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കത്തിഹാറില്‍നിന്നുള്ള എംഎല്‍എ ആയ പ്രസാദിനെ നിയമസഭാകക്ഷി നേതാവായി ബിജെപി തിരഞ്ഞെടുത്തത്.
🔳സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനായി ഗോദാവരി നദിയിലെത്തിയ 4 യുവാക്കള്‍ ദീപാവലി ദിനത്തില്‍ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. തെലങ്കാനയിലെ മുലുഗു ജില്ലയിലാണ് സംഭവം
🔳ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുന്നുവെന്നും ഈ സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കല്‍ നടപടികള്‍ റിസര്‍വ് ബാങ്ക് ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും ആഗോള ഫൊര്‍കാസ്റ്റിങ് സ്ഥാപനമായ ഓക്‌സ്ഫഡ് എക്കണോമിക്‌സ്.
🔳ഇന്ത്യയില്‍ ഇന്നലെ 30,681 കോവിഡ് രോഗികള്‍. മരണം 434. ഇതോടെ ആകെ മരണം 1,30,109 ആയി, ഇതുവരെ 88.45 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.65 ലക്ഷം രോഗികള്‍. 82.47 ലക്ഷം പേര്‍ രോഗമുക്തി നേടി.
🔳ഡല്‍ഹിയില്‍ ഇന്നലെ 3,235 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 2,544 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,053 പേര്‍ക്കും കര്‍ണാടകയില്‍ 1,565 പേര്‍ക്കും ആന്ധ്രയില്‍ 1,056 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,819 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 4,75,180 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഇന്നലെ 1,27,651 പേര്‍ക്കും ഇറ്റലിയില്‍ 33,979 പേര്‍ക്കും ഫ്രാന്‍സില്‍ 27,228 പേര്‍ക്കും പോളണ്ടില്‍ 21,854 പേര്‍ക്കും ഇംഗ്ലണ്ടില്‍ 24,962 പേര്‍ക്കും രോഗം ബാധിച്ചു. 6,470 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയില്‍ 562 പേരും മെക്‌സിക്കോയില്‍ 635 പേരും ഇറ്റലിയില്‍ 546 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 5.47 കോടി കോവിഡ് രോഗികളും 13.23 ലക്ഷം മരണവും സ്ഥിരീകരിച്ചു.
🔳യുഇയില്‍ 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പി.എച്ച്.ഡിക്കാര്‍, ഡോക്ടര്‍മാര്‍, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ് ആന്റ് ആക്ടീവ് ടെക്നോളജി എന്നി വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് കൂടി ഇനി മുതല്‍ ഗോള്‍ഡന്‍ വിസകള്‍ ലഭ്യമാകും.
🔳യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചു എന്ന് ആദ്യമായി സമ്മതിച്ച് ഡോണള്‍ഡ് ട്രംപ്. നേരത്തെ പലപ്രാവശ്യം വിജയം അവകാശപ്പെട്ട ട്രംപ് ഇതാദ്യമായാണ് പരസ്യമായി ബൈഡന്‍ ജയിച്ചുവെന്ന് പറയുന്നത്. ജയിച്ചു എങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ട്രംപ് ഇപ്പോഴും ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകള്‍ ചെയ്തുമാണ് ബൈഡന്‍ വിജയിച്ചതെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.
🔳ഫോര്‍മുല വണ്ണില്‍ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന് എഴാം കിരീടം. തുര്‍ക്കി ഗ്രാന്‍ഡ്പ്രീയില്‍ വിജയിച്ചതോടെ ലോകത്തില്‍ ഏറ്റവുമധികം
ഫോര്‍മുല വണ്‍ കിരീടങ്ങള്‍ നേടിയ എഫ് വണ്‍ ഡ്രൈവറെന്ന മൈക്കിള്‍ ഷൂമാക്കറുടെ റെക്കോഡിന് ഒപ്പമെത്താനും ലൂയിസ് ഹാമില്‍ട്ടണ് സാധിച്ചു
🔳ഫര്‍ണിച്ചര്‍ രംഗത്തെ ഭീമന്മാരായ അര്‍ബന്‍ ലാഡര്‍ ഹോം ഡെക്കോര്‍ സോലൂഷന്‍സിനെ സ്വന്തമാക്കി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്. 182.12 കോടി രൂപ മുടക്കി അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരികളും റിലയന്‍സ് സ്വന്തമാക്കി. മറ്റ് ഓഹരികളും ഉടന്‍ സ്വന്തമാക്കി കമ്പനിയുടെ മുഴുവന്‍ ഉടമസ്ഥതയും ഉടന്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. 75 കോടി രൂപ കൂടി നിക്ഷേപിച്ച് 2023 ഡിസംബറോടുകൂടി മൊത്തം ഓഹരികളും സ്വന്തമാക്കും. 2012 ഡിസംബര്‍ 17നാണ് അര്‍ബന്‍ ലാഡര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
🔳ബാങ്ക് ഓഫ് മഹാരാഷ്ട്ര കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. നിലവില്‍ 10 ശാഖകളാണുള്ളത്. ഒരു വര്‍ഷത്തിനകം ഇരട്ടിയാക്കും. രണ്ടു വര്‍ഷത്തിനകം 25 ബ്രാഞ്ചുകളും മേഖലാ ഓഫിസും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു. ഈ വര്‍ഷം തന്നെ ഇന്ത്യയിലാകെ 150 ബ്രാഞ്ചുകള്‍ തുറക്കന്നതിന്റെ ഭാഗമായാണു കേരളത്തിലും 10 എണ്ണം സ്ഥാപിക്കുന്നത്. നിലവില്‍ ബാങ്കിന് കേരളത്തിലെ ആകെ ബിസിനസ് 1000 കോടിയില്‍ താഴെയാണ്. 2022 ആവുമ്പോഴേക്കും 5000 കോടിയിലെത്തിക്കുകയാണു ലക്ഷ്യം.
🔳പത്തു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം നടി ധന്യ മേരി വര്‍ഗീസ് വീണ്ടും സിനിമാരംഗത്തേക്ക് എത്തുന്നു. 'ഉയരെ'ക്ക് ശേഷം മനു അശോകന്‍ ഒരുക്കുന്ന 'കാണാക്കാണെ' ചിത്രത്തിലാണ് ധന്യ വേഷമിടുന്നത്. ടൊവിനോയ്ക്കും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് ധന്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
🔳പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്നു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'മേപ്പടിയാന്‍' എന്ന സിനിമയ്ക്കു ശേഷം വീണ്ടും ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ മോഷന്‍ ടീസര്‍ റിലീസ് ചെയ്തത്. 'പയസ് പരുത്തിക്കാടന്‍' എന്ന യുവ രാഷ്ട്രീയ നേതാവാണ് ഉണ്ണി മുകുന്ദന്റെ നായകന്‍.
🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിവിക്കിന്റെ പുതിയ പതിപ്പ് വരുന്നു. അതിന് മുന്നോടിയായി പുതിയൊരു ടീസര്‍ വീഡിയോ കമ്പനി പുറത്തിറക്കി. 2022 അവസാനത്തോടെ ഹോണ്ട സിവിക്കിന്റെ പതിനൊന്നാം തലമുറ മോഡല്‍ ഇന്ത്യയില്‍ എത്തും. 2020 ജൂലൈയിലാണ് സിവിക്കിന്റെ ബിഎസ് 6 നിലവാരത്തിലുള്ള ഡീസല്‍ പതിപ്പുകളെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതിപ്പിച്ച്ത്. പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌ക്കരിച്ച സിവിക് ഡീസലിന് 20.74 ലക്ഷം രൂപയാണ് പ്രാരംഭ വില.
🔳വിഷാദത്തിന്റെ കരിനീല വഴികളില്‍ നിലാവിന്റെ വിസ്മയങ്ങളിലലിഞ്ഞ് ആരോ പാടുന്നു. രാവിലെ നേര്‍ത്ത നിശ്വാസംകൊണ്ട് മാതളമലരുകള്‍ വിടരുന്നു. 'ലൈലാ മജ്നു'. നിസാമി. നിയതം ബുക്സ്. വില 240 രൂപ.
🔳അമിതഭാരം ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രശ്നമാണ്. കൃത്യമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗ്ഗം. പതിവായി വ്യായാമം ചെയ്യുന്നത് കലോറി കത്തിക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ശാരീരികക്ഷമത നിലനിര്‍ത്താനും ഇത് നിങ്ങളെ സഹായിക്കുന്നു. ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. എട്ടോ പത്തോ മണിക്കൂറുകള്‍ നീളുന്ന ഉറക്കത്തിനു ശേഷം നീണ്ട നേരത്തെ ഉപവാസം അവസാനിപ്പിക്കുന്ന ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ് ആ ദിവസം പ്രവര്‍ത്തിക്കാനവശ്യമായ ഊര്‍ജത്തിന്റെ പകുതി ശരീരത്തിന് ലഭിക്കുന്നത്. ഭാരം കുറയ്ക്കാന്‍ വെള്ളം പ്രധാനമാണ്. ഭക്ഷണത്തിനുമുമ്പ് വെള്ളം കുടിക്കുന്നത് വളരെ ഫലപ്രദമാണ്, കാരണം ഇത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും കലോറി കുറയ്ക്കുകയും ചെയ്യും. ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള ഒരു പ്രധാന കാരണം സമ്മര്‍ദ്ദവും ഉത്കണ്ഠയുമാണ്, ഇത് ഉറക്കക്കുറവിന് കാരണമാകുന്നു. കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണിന്റെ ഉയര്‍ന്ന അളവ് നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ച് കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍. ഇത് നിങ്ങളുടെ ദൈനംദിന ഉല്‍പാദനക്ഷമതയെ മാത്രമല്ല, ചില ഭാരം വര്‍ദ്ധിപ്പിക്കാനും കാരണമാകും.
ശുഭദിനം
കവിത കണ്ണന്‍
എല്ലാ പ്രചോദനങ്ങളും എല്ലായ്പോഴും പോസറ്റീവ് ആകണമെന്നില്ല. എല്ലാ പ്രേരണകളും ഹൃദ്യവുമാകില്ല. ഭയം പ്രേരണയാണ്, നിസ്സഹായത പ്രേരണയാണ്. നഷ്ടം പ്രേരക ശക്തിയാണ്. സത്യത്തില്‍ ക്രിയാത്മക പ്രചോദനങ്ങളിലൂടെ വിജയത്തിലെത്തിയവരേക്കാള്‍ കൂടുതല്‍ നിഷേധാത്മക പ്രേരണകളിലൂടെ അതിജീവനം നടത്തിയവരായിരിക്കും. തടസ്സമില്ലാത്ത വഴികളും യഥാസമയത്തുള്ള പിന്തുണയും ഒരു സാഹസികനും ജന്മം നല്‍കില്ല. അപ്രതീക്ഷിതപരീക്ഷണങ്ങളും ആകസ്മിക വിനാശങ്ങളും അനിതരസാധാരണമായ അതിജീവനശേഷി തെളിയിക്കും. അനുകൂലഘടകങ്ങള്‍ അപ്രസക്തമെന്നല്ല, പക്ഷേ, പ്രതികൂല ഘടകങ്ങള്‍ക്ക് ദൃഢതയും പ്രാപ്തിയും കൂടും. വെള്ളവും വളവും ലഭിക്കുന്നതുകൊണ്ട് മാത്രമല്ല ചെടികള്‍ വളരുന്നത്, വെയിലും മഴയും ഏല്‍ക്കുന്നതുകൊണ്ടുകൂടിയാണ്. എവിടെയായിരിക്കുന്നുവോ അവിടെത്തന്നെ തുടരാന്‍ തീരുമാനിക്കുന്നതാണ് കൂടുതല്‍ മെച്ചപ്പെട്ട ഇടങ്ങളില്‍ നാം എത്തിച്ചേരാതിരിക്കുന്നതിന് കാരണം. ഒരിക്കലും മാറ്റാന്‍ കഴിയാത്ത ശീലങ്ങളും പ്രത്യേകതകളും തകര്‍ക്കപ്പെടണമെങ്കില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കണം. അപ്പോള്‍ അവിടെ രണ്ട് സാധ്യകളാണ് തെളിയുക - ഒന്നുകില്‍ നാം തകര്‍ന്നു തരിപ്പണമാകും, അല്ലെങ്കില്‍ ആ തിരിച്ചടികളില്‍ നിന്ന് പറന്നു ഉയരും. ജീവിതമാണ്, അപ്രതീക്ഷിത സംഭവങ്ങളും തിരിച്ചടികളും ഉണ്ടാകാം. തിരിച്ചടികളെ കരുത്താക്കാന്‍ നമുക്ക് കഴിയട്ടെ - ശുഭദിനം