വെബ് അധിഷ്ഠിത സോഫ്റ്റ് വെയറിന്റെ സഹായത്തോടെ സര്‍ക്കാര്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഡാറ്റാ പൂള്‍ ഉണ്ടാക്കി അതില്‍ നിന്നും റാന്‍ഡമൈസേഷന്‍ നടത്തി നിഷ്പക്ഷവും സുതാര്യവുമായി പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന സംവിധാനമാണ് ഇ-ഡ്രോപ്പ്.
ഏകദേശം രണ്ടേകാല്‍ ലക്ഷത്തോളം പോളിംഗ് ഉദ്യോഗസ്ഥരാണ് ഇത്തവണ ഇലക്ഷന്‍ ഡ്യൂട്ടിക്ക് ഉണ്ടാകുക. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിക്കുളളിലുളള സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ഗവണ്‍മെന്റ് അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ജീവനക്കാരുടെ വിശദാംശങ്ങള്‍ ഇ-ഡ്രോപ്പില്‍ സ്ഥാപന മേധാവികള്‍ രേഖപ്പെടുത്തും. വിശദാംശങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറി പരിശോധന നടത്തി അവ ഫ്രീസ് ചെയ്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്ബാകെ സമര്‍പ്പിക്കുന്നു.
അവ വീണ്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ സൂക്ഷ്മ പരിശോധന നടത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച ദിവസം റാന്‍ഡമൈസേഷന്‍ നടത്തി പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുന്നതാണ് ഇ-ഡ്രോപ്പിന്റെ പ്രവര്‍ത്തനം. റാന്‍ഡമൈസേഷന്‍ രണ്ടു ഘട്ടമായി ആണ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍മാരെ നിയമിച്ചുകൊണ്ടുളള പോസ്റ്റിംഗ് ഓര്‍ഡറുകള്‍ പുറപ്പെടുവിക്കുന്നു. പോസ്റ്റിംഗ് ഓര്‍ഡറില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയ്ക്കാണ് നിയമിക്കപ്പെട്ടിട്ടുളളതെന്നും അവര്‍ക്കുള്ള ഇ.വി.എമ്മുകളുടെ പരിശീലനം സംബന്ധിച്ചുമുള്ള വിശദാംശങ്ങളും അതില്‍ ഉണ്ടായിരിക്കും.
രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പോളിംഗ് ദിവസത്തിന്റെ രണ്ടു ദിവസം മുമ്ബെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തുന്നു. അതുവഴി പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അവര്‍ നിയമിക്കപ്പെട്ടിട്ടുളള പോളിംഗ് സ്റ്റേഷന്റെ വിശദാംശങ്ങള്‍ ലഭ്യമാകുന്നു. ഇലക്ഷന്‍ സാധന സാമഗ്രികള്‍ ശേഖരിക്കുവാന്‍ വരുന്ന സമയത്ത് (പോളിംഗിന്റെ തലേ ദിവസം) ഇക്കാര്യം പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കുന്നു. കൂടാതെ എസ്‌എംഎസ് മുഖാന്തിരം പ്രസ്തുത വിവരങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകും.
വണ്‍ ടൈം പാസ് വേര്‍ഡ് (ഒ.ടി.പി) മുഖാന്തിരം സ്ഥാപനം/സ്റ്റാഫ് എന്നിവരുടെ വിശദാംശങ്ങള്‍ നേരിട്ട് www.edrop.gov.in എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുവാനും പോസ്റ്റിംഗ് ഓര്‍ഡര്‍, നിയോഗിച്ചിരിക്കുന്ന പോളിംഗ് സ്റ്റേഷന്റെ വിശദാംശങ്ങള്‍ തുടങ്ങിയവ മേല്‍ വെബ് സൈറ്റില്‍ നിന്നും സ്ഥാപനമേധാവി/പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു തന്നെ ഡൗണ്‍ലോഡ് ചെയ്യാനുളള സൗകര്യവും, കോവിഡ്-19-യുടെ പശ്ചാത്തലത്തില്‍, ഇത്തവണ അധികമായി ഒരുക്കിയിട്ടുണ്ട്.
2015-ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പ്, 2017-ലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലേയ്ക്കുളള പൊതുതിരഞ്ഞെടുപ്പ് എന്നിവയില്‍ ഇ-ഡ്രോപ്പ് സംവിധാനം വിജയകരമായി നടപ്പിലാക്കിയിരുന്നു.
ഉദ്യോഗസ്ഥന്‍മാരുടെ വിശദാംശങ്ങള്‍, ഇ-ഡ്രോപ്പ് സോഫ്റ്റ്‌വെയറില്‍ സ്ഥാപനങ്ങളുടെ മേധാവി 16.11.2020 മുതല്‍ 21.11.2020 തീയതിക്കകം ചേര്‍ക്കേണ്ടതാണ്. ഇപ്രകാരം ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ സംബന്ധിച്ച സൂക്ഷ്മപരിശോധന 26/11/2020നു മുമ്ബായി ജില്ലാതല ഉദ്യോഗസ്ഥര്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
26/11/2020ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി പോസ്റ്റിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കേണ്ടതാണ്. പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് (റിസര്‍വ്വ് ഉള്‍പ്പെടെ) ഇ.വി.എം കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടെയുളള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച ട്രെയിനിംഗ് 30/11/2020ന് നടത്തേണ്ടതാണ്. പ്രസ്തുത ട്രെയിനിംഗിന് ഹാജരാകേണ്ട കേന്ദ്രങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പോസ്റ്റിംഗ് ഓര്‍ഡറില്‍ ഉണ്ടായിരിക്കും.
ആദ്യഘട്ട ട്രെയിനിംഗ് ക്ലാസ്സുകളില്‍ ഹാജരാകുവാന്‍ സാധിക്കാത്തവര്‍ക്കും റീ പോസ്റ്റിംഗ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്കുളള അന്തിമ ഘട്ട ട്രെയിനിംഗ് 04/12/2020ന് നടക്കും.
ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറില്‍ എങ്ങനെയാണ് എന്‍ട്രി വരുത്തുക എന്നുള്ളതും മറ്റുമുളള സാങ്കേതിക കാര്യങ്ങള്‍ എന്‍.ഐ.സി ഉദ്യോഗസ്ഥന്‍ ഈ ക്ലാസ്സില്‍ വിശദീകരിക്കും.