Headlines
Loading...
സിബിഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം

സിബിഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം

​സംസ്ഥാനത്ത് സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക.

സി.ബി.ഐക്ക് നേരത്തെ അനുമതിയില്ലാതെ കേസെടുക്കാനുള്ള പൊതുസമ്മതം നൽകിയിരുന്നു സംസ്ഥാനസർക്കാർ. ആ അനുമതി പത്രമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

ഇനി കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിർദേശപ്രകാരം കേസുകൾ എടുക്കണമെങ്കിലോ ക്രിമിനൽ കേസുകൾ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്സിക്യൂട്ടീവ് ഓർഡറായി നിലവിൽ വരും.

കേരളത്തിൽ സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിർദേശിച്ചിരുന്നു. സി.ബി.ഐ. അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പി.ബി. നിർദേശിച്ചത്. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദേശപ്രകാരമോ സർക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെ സിബിഐ അനിൽ അക്കര എം.എൽ.എയുടെ പരാതിയിൽ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയത്.

പൊതുസമ്മതം പിൻവലിക്കാനുള്ള തീരുമാനം എക്സിക്യൂട്ടീവ് ഓർഡറായി പുറത്തിറക്കും. 2017-ലാണ് സി.ബി.ഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താൻ സർക്കാർ പൊതുസമ്മതം നൽകിയത്. അതേസമയം, സി.ബി.ഐയുടെ നിലവിലെ അന്വേഷണങ്ങളെ ഈ തീരുമാനം ബാധിക്കില്ല. ചട്ടങ്ങൾ പാലിച്ചുകൊണ്ട് തുടർന്നും അന്വേഷണം തുടരാം.